തിരുവനന്തപുരം: ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍ ഡല്‍ഹിയില്‍ ചൊല്ലിയ രണ്ടുവരി കവിത ഇതുവരെ ആരുടേതാണെന്നു കണ്ടെത്താതെ സൈബര്‍ അന്വേഷകര്‍. പ്രശസ്ത കവികളുടെയെല്ലാം കവിതകള്‍ ചൂണ്ടിക്കാണിച്ച് നിരവധിപേര്‍ രംഗത്തെത്തിയെങ്കിലും ഇതുവരെ ഏതു കവിതയാണെന്നു സഥിരികരിക്കാനായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ തലങ്ങും വിലങ്ങും അന്വേഷണം നടക്കുന്നതിനിടയില്‍ ചാറ്റ് ജി.പി.ടിയും മെറ്റയും ജെമിനിയും പോലുള്ള എ.ഐ പ്ലാറ്റ്ഫോമുകളെ വിശ്വസിക്കരുതെന്ന കാര്യവും സൈബര്‍ പോരാളികള്‍ മനസിലാക്കി. കാരണം ഓരോ തവണയും ഓരോ കവികളുടെ പേരാണ് ചാറ്റ് ജി.പി.ടി നല്‍കിയത്. ഇനി മോഹന്‍ലാലിനോടു തന്നെ ചോദിക്കണമെന്ന അഭിപ്രായമാണ് സാഹിത്യ ആസ്വാദകരുടെത്.

മോഹന്‍ലാല്‍ ചൊല്ലിയ കവിതാ ഭാഗം വീണപൂവിലെത് അല്ലെന്ന് വ്യക്തമായതോടെയാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വ്യാപക തെരച്ചില്‍ തുടങ്ങിയത്. ആരുടെ കവിതയെന്നായിരുന്നു അന്വേഷണം. മിക്ക ന്യൂസ് ചാനലുകളും സാമൂഹിക മാധ്യമങ്ങളിലൂടെ ആ കവി ആരാണെന്ന് പറയാമോ എന്ന ചോദ്യം മലയാളികള്‍ക്കു മുന്നില്‍വച്ചു. അതോടെ മലയാളി സാഹിത്യാസ്വാദകര്‍ എ.ഐ പ്ലാറ്റ്ഫോമുകളില്‍ തലങ്ങും വിലങ്ങും അന്വേഷണം തുടങ്ങി. എല്ലാ പ്ലാറ്റ്ഫോമുകളും തിരച്ചിലുകാരെ ഓടിച്ചിട്ടു പറ്റിച്ചു. മലയാളത്തിലെ മിക്ക കവികളുടെ പേരുകളും ഓരോ തവണ തിരയുമ്പോഴും എ.ഐ മറുപടിയായി നല്‍കി. വയലാര്‍, ഡി.വിനയചന്ദ്രന്‍ , ബാലകൃഷ്ണന്‍ നായര്‍, പി.ഭാസ്‌കരന്‍ , ഇടപ്പള്ളി, ജി.ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി തുടങ്ങി മലയാളത്തിലെ ഒട്ടനവധി കവികളുടെ പേരുകള്‍ ഉത്തരമായി ലഭിച്ചു. ഇടയ്ക്ക് ബാലാമണിയമ്മയുടെ പേരും ഉത്തരമായി നല്‍കി പറ്റിക്കലില്‍ ലിംഗസമത്വം പുലര്‍ത്താനും എ.ഐ ശ്രദ്ധിച്ചു. കവിതയുടെ പേരും പലപ്പോഴും പലതായിരുന്നു. മിക്ക പേരുകളിലും 'പൂവ്' എന്ന പദം വരാന്‍ നിര്‍മിതബുദ്ധന്മാര്‍ ജാഗ്രത പുലര്‍ത്തി.

മേല്‍പറഞ്ഞ കവികളുടെ യഥാര്‍ഥ കവിതകളുടെ ഇടയില്‍ മോഹന്‍ലാല്‍ ഉദ്ധരിച്ച കവിതാ ഭാഗം ചേര്‍ത്താണ് മലയാളി തിരച്ചിലുകാരെ എ.ഐ പറ്റിച്ചത്. ഇനി ആ ചോദ്യത്തിനുത്തരം നല്‍കാന്‍ മോഹന്‍ ലാലിന് പ്രസംഗമെഴുതിക്കൊടുത്ത വ്യക്തിക്കേ സാധിക്കൂ എന്ന് ചിലര്‍ വിധിയെഴുതി. ഇനി ആ വ്യക്തിയാരെന്ന് ചാറ്റ് ജി.പി.ടിയോടു ചോദിച്ചാലോ എന്നും അഭിപ്രായമുയര്‍ന്നു. എന്തായാലും എ.ഐ പ്ലാറ്റ്ഫോമുകളെ സാഹിത്യ വിഷയത്തില്‍ അത്ര വിശ്വസിക്കരുതെന്ന കാര്യം ഈ വിഷയത്തിലൂടെ മലയാളി മനസ്സിലാക്കി.

'തത്ത്വചിന്തകനും സാമൂഹ്യപരിഷ്‌കര്‍ത്താവും മഹാകവിയുമായ കുമാരനാശാന്‍ 'വീണപൂവ്' എന്ന കവിതയില്‍ കുറിച്ച പോലെ 'ചിതയിലാഴ്ന്നു പോയതുമല്ലോ ചിരമനോഹരമായ പൂവിത്! പ്രതിഭ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും തലമുറകളെ അവര്‍ അവശേഷിപ്പിച്ച സുഗന്ധത്തിലൂടെ പ്രചോദിപ്പിക്കുകയും ചെയ്ത് വിടര്‍ന്ന് അടര്‍ന്നു പോയ എല്ലാവരെയും ഈ നിമിഷം ഓര്‍ക്കുന്നു'. എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതില്‍ രണ്ട് വിഷയങ്ങള്‍ സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ഒന്ന്, മലയാള സിനിമയിയെ പൂര്‍വികരെ അനുസ്മരിച്ചതാണെങ്കിലും ആ സദര്‍ഭത്തിലെ ആ വരികളുടെ പ്രസക്തി വ്യക്തമല്ല. മറ്റൊന്ന്, വീണപൂവില്‍ ഇങ്ങനൊരു ഭാഗമില്ല. വീണപൂവ് ഖണ്ഡകാവ്യമാണ്. വീണുകിടക്കുന്ന പൂവിനെയും ചുറ്റും പറന്ന് നടക്കുന്ന വണ്ടിനെയും വിഷയമാക്കി ആശാന്‍ എഴുതിയ തത്ത്വചിന്തയും ലൗകിക-ആദ്ധ്യാത്മിക കാഴ്ചപ്പാടുകളും ചേര്‍ന്ന കൊച്ചുകാവ്യം.

വീണപൂവില്‍ ഇങ്ങനൊരു വരിയില്ലെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുമ്പോള്‍, ചിലര്‍ പി ഭാസ്‌കരന്റെ ഓര്‍ക്കുക വല്ലപ്പോഴും എന്ന കവിതയിലേതാകാമെന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ആ കവിതയിലും ഇങ്ങനൊരു വരിയില്ല. ചങ്ങമ്പുഴ കവിതകളില്‍ ഏതിലേലുമാകാമെന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കവിതകളിലൊന്നിലും ഇത്തരത്തിലൊരു വരിയില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചണ്ഡാലഭിക്ഷുകിയില്‍ ആനന്ദന്‍ എന്ന ബുദ്ധഭിക്ഷു മാതംഗിയോട് സംസാരിക്കുന്ന ഭാഗമാണിതെന്ന് സുമേഷ് ജെ എസ് എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍, കവിത പരിശോധിക്കുമ്പോള്‍, ഈ വരികള്‍ കാണാനില്ല.

സ്വന്തം ഓര്‍മ്മയില്‍ നിന്ന് പറഞ്ഞതാണെങ്കിലും ആരെങ്കിലും എഴുതിക്കൊടുത്തതാണെങ്കിലും പറയുന്നതിന് മുമ്പ് തീര്‍ച്ചയായും ക്രോസ് ചെക്ക് ചെയ്യണമായിരുന്നു. മോഹന്‍ലാല്‍ വീണ പൂവ് വായിച്ചിരിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. പക്ഷേ സ്വന്തം ജീവിതത്തിലെ ഒരു പരമോന്നത സന്ദര്‍ഭത്തില്‍ പറയുന്ന വാക്കുകളില്‍ തെറ്റു പറ്റാതിരിക്കാന്‍ ശ്രദ്ധിക്കണമായിരുന്നെന്നും അഭിപ്രായമുയരുന്നുണ്ട്.