- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നടി ആക്രമിക്കപ്പെട്ട സമയത്തു വേട്ടക്കാരന്റെ ഭാഗത്തേക്ക് ചാടിയ ആൾ; മോഡേൺ മെഡിസിനെ വിമർശിച്ചിട്ട് സ്വന്തം കാര്യം വന്നപ്പോൾ സൂപ്പർ സ്പെഷ്യാലിറ്റിയിൽ പോയയാൾ; വേണമെങ്കിൽ അക്കമിട്ടു നിരത്തി അയാൾക്ക് നിങ്ങളെ പ്രസ്സ് മീറ്റിങ്ങിൽ കീറി ഒട്ടിക്കാം; പക്ഷേ അയാൾ അത് ചെയ്യില്ല': ശ്രീനിവാസന് ചുട്ടമറുപടിയുമായി മോഹൻലാൽ ഫാൻസ്
കോഴിക്കോട്: അടുത്തകാലത്തായി മോഹൻലാലിന്റെ കടുത്ത വിമർശകനായി മാറിയിരിക്കയാണെല്ലോ, നടൻ ശ്രീനിവാസൻ. 'പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ' എന്ന ചിത്രത്തിലൂടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ, ശ്രീനിവാസത്തെ അസുഖത്തിനുശേഷം ഉണ്ടായ പുനഃസമാഗമത്തിലുടെ തീർന്നു എന്നാണ് എല്ലാവരും കരുതിയത്. രോഗാവസ്ഥയെ അതിജീവിച്ച് എത്തിയ ശ്രീനിവാസന്, ഉമ്മ കൊടുക്കുന്ന മോഹൻലാലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഇതോടെ താരങ്ങൾക്കിടയിലെ മഞ്ഞുരുകിയെന്ന് ആരാധകർ കരുതിയിരുന്നു. എന്നാൽ ശ്രീനിവാസൻ 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തിലെ 'എക്പ്രസ് ഡയലോഗി'ൽ മോഹൻലാലിന് എതിരെ വീണ്ടും വിമർശനം ഉന്നയിച്ചിരിക്കയാണ്. പ്രേംനസീറിനെ അവസാന കാലത്ത് മോഹൻലാൽ അപമാനിച്ചുവെന്നും, അദ്ദേഹം സംവിധാനം ചെയ്യാനിരുന്ന സിനിമക്ക് ഡേറ്റ് കൊടുക്കാതെ തട്ടിക്കളിച്ചുവെന്നുമാണ് ശ്രീനിവാസൻ വെളിപ്പെടുത്തുന്നത്.
പക്ഷേ മോഹൻലാൽ ആവട്ടെ നേരത്തെയും ശ്രീനിവാസൻ നടത്തിയ പല വിമർശനങ്ങളോടും പ്രതികരിച്ചിട്ടില്ല. പക്ഷേ ഇപ്പോഴിതാ ശ്രീനിവാസന് ചുട്ടമുറപടിയുമായി സോഷ്യൽ മീഡിയയിൽ ലാൽ ഫാൻസ് രംഗത്ത് എത്തിയിരിക്കയാണ്.
ഇത് വളരെ ചീപ്പ് ആയിപ്പോയി
' മോഹൻലാൽ ഫാൻസ് ക്ലബ്ബിൽ വന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. അത് ഇങ്ങനെയാണ്. 'ശ്രീനിയേട്ടാ ...പ്രേം നസീറിന് മോഹൻലാൽ ഡേറ്റ് കൊടുത്തില്ലെന്ന വിഷയത്തിൽ നിങ്ങളുടെ പ്രസ്താവന കേട്ടപ്പോൾ നിങ്ങൾ തിരിച്ചറിയാതെ പോയ നിങ്ങളുടെ ഒരു കൂട്ടുകാരനെ കുറിച്ച് പറയണം എന്ന് തോന്നി.
നിങ്ങൾ മമ്മൂട്ടി എന്ന, അയാളുടെ പ്രവൃത്തി രംഗത്തെ ശക്തനായ കോമ്പിറ്റീറ്റർക്കു വേണ്ടി ഏഴുതുമ്പോഴെല്ലാം 'മരുത് ' 'കാരക്കൂട്ടിൽ ദാസൻ' 'അംബുജാക്ഷൻ' തുടങ്ങിയ കോമാളി വേഷം കെട്ടിയാടുന്നതും, എന്നാൽ അയാൾക്ക് വേണ്ടി എഴുതുമ്പോൾ നിങ്ങൾ അയാളെ കോമാളിയാക്കി അയാളുടെ മുന്നിൽ ഹീറോയിസം കളിക്കുന്ന വേഷങ്ങളിൽ പ്രത്യക്ഷപെടുന്നതും എല്ലാം ഒരു തരി നീരസമില്ലാതെ കണ്ടു നിന്നൊരാൾ..
(ഹൗസ് ഓണർ ഗോപാലകൃഷ്ണ പണിക്കരെ വട്ടം ചുറ്റിക്കുന്ന എസ് ഐ രാജേന്ദ്രൻ ( സന്മനസുള്ളവർക്ക് സമാധാനം ), തന്റെ വീട്ടിലെ വേലക്കാരൻ ശംഭുവിന്റെ മുന്നിൽ അവന്റെ സാർ ആയി അവതരിക്കുന്ന അമേരിക്കക്കാരൻ എം എ ധവാൻ ( മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ), മുകുന്ദൻ എന്ന പഞ്ച പാവമായ തന്റെ സുഹൃത്തിനെ പറ്റിച്ചു അവന്റെ പണവും പെണ്ണുമായി കടന്നു കളയാൻ നോക്കുന്ന വിശ്വനാഥ് ( മുകുന്ദേട്ട സുമിത്ര വിളിക്കുന്നു ), ജീവിക്കാൻ വേണ്ടി ഒരു ബസ് വാങ്ങി, പെട്ടു പോയ ഗൾഫ് കാരൻ മുരളിക്കു എന്നും തലവേദന സൃഷ്ടിച്ചു കൊണ്ടു അയാളുടെ മുന്നിൽ കയറി നിൽക്കുന്ന വെഹിക്കിൾ ഇൻസ്പെക്ടർ ( വരവേൽപ് ).. അബ്ദുവിന്റെ പെണ്ണിനെ കെട്ടി കൊണ്ടു പോയ ഹാജിയർ... ( കിളിച്ചുണ്ടൻ മാമ്പഴം )..തുടങ്ങിയവ ....
'മുഖം നിറയെ ചുളിവുകൾ ആണ് ഇനി നായകൻ ആയൊന്നും സിനിമ ചെയ്യാൻ പറ്റില്ല', ' ഇനിയുള്ള കാലം വല്ല അച്ചാർ ബിസിനെസ്സ് ഒക്കെ ചെയ്തു ജീവിക്കുന്നതാണ് നല്ലതു ' തുടങ്ങിയ തന്റെ വ്യക്തി ജീവിതത്തെ പരിഹസിക്കുന്ന ഡയലോഗുകൾ വരെ അയാൾ നായകനായ സിനിമയിൽ നിങ്ങൾ എഴുതി വച്ചപ്പോൾ അതിലൊന്നും ഒരു പരിഭവവും പറയാതെ കൂടെ നിന്നൊരാൾ. ബോക്സ് ഓഫിസിൽ ഒരു ചലനവും സൃഷ്ടിക്കുവാനുള്ള യാതൊരു ചാൻസുമില്ലാത്തൊരു 'തീമുമായി ' സിനിമ ചെയ്യാം എന്നും പറഞ്ഞു നിങ്ങൾ അയാളെ തേടി ചെന്നപ്പോൾ സൗഹൃദത്തിന്റെ പുറത്തു നിങ്ങളോട് നോ പറയാൻ മടിച്ചു നിന്നൊരാൾ ..... ( ഒരു നാൾ വരും ) .
നിങ്ങൾ അയാളെ അധിക്ഷേപിക്കാനും പരിഹസിക്കാനും മാത്രമായി പത്മശ്രീ സരോജ് കുമാർ എന്നൊരു സിനിമ പിടിച്ച ശേഷം, അതിനെ കുറിച്ച് അയാളോട് ഇന്റർവ്യൂയിൽ വേണുവും, ബ്രിട്ടeസും, ജോണിയുമടക്കം പലരും ചോദിച്ചപ്പോൾ 'നിങ്ങൾ എന്തിനാണ് ഇങ്ങനെ മോശം കാര്യങ്ങൾ ചോദിക്കുന്നത് ഞങ്ങൾ ഒരുമിച്ചു ചെയ്ത നല്ല പത്തിലധികം സിനിമകൾ ഉണ്ടല്ലോ അതിനെ കുറിച്ച് ചോദിക്കു ' എന്ന് ഈർഷ്യയോടെ പറഞ്ഞു കൊണ്ടു തന്റെ സുഹൃത്തിനെ കുറിച്ച് പബ്ലിക് പ്ലാറ്റ്ഫോമിൽ ഒരു വാക്കു പോലും മോശമായി സംസാരിക്കുവാൻ ഇഷ്ടമില്ലാത്തൊരാൾ
..
ഒരിക്കൽ പരിക്ക് പറ്റി കെട്ടി വെച്ച കയ്യുമായി ആൾക്കൂട്ടത്തിനിടയിൽ ഷൂട്ടിംഗിന് പോകാവേ, കെട്ടി വച്ച കയ്യിൽ പിടിച്ചു വലിച്ച ആരാധകനെ ഒരു വാക്കു കൊണ്ടു പോലും നോവിക്കാതെ നിറ കണ്ണുകളോടെ നോക്കി നിന്നയാൾ, മറ്റൊരു സൈറ്റിൽ തന്റെ സഹപ്രവർത്തകനെ ആൾക്കൂട്ടത്തിലൊരുത്തൻ നിരന്തരമായി ശല്യപെടുത്തുന്നത് കണ്ടപ്പോൾ അവനു നേരെ ചീറ്റപുലിയെന്നോണം ചീറിയടുത്തു കൊണ്ടു സുഹൃത്ത് ബന്ധത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയൊരാൾ ... ( ദേവാസുരം ക്ലൈമാക്സ് ഷോട്ട് - കടത്തനാടൻ അമ്പാടി സൈറ്റിൽ നസീറിന് നേരെയുള്ള ആരാധക ശല്യം )
മിസ്റ്റർ ശ്രീനിവാസൻ, നടി ആക്രമിക്കപ്പെട്ട സമയത്തു ഇരയുടെ കൂടെയുണ്ടെന്നു അവരെ പറഞ്ഞു വിശ്വസിപ്പിച്ച ശേഷം വേട്ടക്കാരന്റെ ഭാഗത്തേക്ക് ചാടിയ നിങ്ങളെക്കുറിച്ച്, സൂപ്പർ സ്പെഷ്യലാറ്റി ഹോസ്പിറ്റലുകൾ പൊളിച്ച് കളയണമെന്നും മോഡേൺ മെഡിസിൻ ആളെ കൊല്ലിയാണെന്നും വലിയ വായിൽ ഗീർവാണം മുഴക്കിയിട്ട് സ്വന്തം കാര്യം വന്നപ്പോൾ സൂപ്പർ സ്പെഷ്യലാറ്റി ഹോസ്പിറ്റൽ തേടി പോയ നിങ്ങളുടെ ഈ സ്വഭാവത്തെ കുറിച്ച്, ഞാനൊരു കമ്മൂണിസിറ്റുകാരൻ ആണെന്ന് പറഞ്ഞ അതെ നാവ് കൊണ്ടു ഞാനൊരു എബിവിപി ക്കാരൻ ആണെന്ന് പറഞ്ഞ ഇരട്ടതാപ്പുകളുടെ രാജകുമാരനായ നിങ്ങളെക്കുറിച്ച്...
വേണമെങ്കിൽ അക്കമിട്ടു നിരത്തി അയാൾക്ക് നിങ്ങളെ പ്രസ്സ് മീറ്റിങ്ങിൽ കീറി ഒട്ടിക്കാം .പക്ഷെ അയാൾ ചെയ്യില്ല. കൂടെ നിൽക്കുന്ന കൂട്ടുകാരെ ഇങ്ങനെ പിന്നിൽ നിന്നും മറഞ്ഞിരുന്നും കുത്തുന്ന പരിപാടി അയാൾക്കറിയില്ല. കാരണം അയാളുടെ പേര് മോഹൻലാൽ എന്നാണ്.
ശ്രീനിയേട്ടാ ഒരാൾ അയാളുടെ , സൗഹൃദ സദസ്സിലോ അല്ലെങ്കിൽ അടുപ്പമുള്ള സുഹൃത്തിനോടോ സ്വകാര്യമായി പങ്കു വക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ വർഷങ്ങൾക്കിപ്പുറേ പൊടിപ്പും തേങ്ങലും ചേർത്തു പരസ്യമായി വിളമ്പി കൊണ്ടു അയാളെ അപകീർത്തിപ്പെടുത്തി ഉൾപുളകം കൊള്ളുന്ന നിങ്ങളുടെ ഈ പരിപാടി വളരെ ചീപ്പ് ആയി പോയെന്നെ പറയാനുള്ളു .....!''- ഇങ്ങനെയാണ് ഈ കുറിപ്പ് അവസാനിക്കുന്നത്. ശ്രീനിവാസനുള്ള മറുപടി എന്ന പേരിൽ ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കയാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ