മൂന്നാർ: യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ ഒറ്റയാൻ അടിച്ചു തകർത്തത് അതിരൂക്ഷമായി. രക്ഷാപ്രവർത്തനം പോലും അസാധ്യമാക്കും വിധമായിരുന്നു ആനയുടെ ക്രൂരത. ആന തുമ്പിക്കയ്യിലെടുത്ത് എറിഞ്ഞ ഓട്ടോ ഡ്രൈവർ മരിച്ചത് തൽക്ഷണമാണ്. 3 യാത്രക്കാർക്ക് ഗുരുതര പരുക്കേറ്റു. മൂന്നാർ കന്നിമല എസ്റ്റേറ്റിൽ ടോപ് ഡിവിഷനിൽ സുരേഷ് കുമാർ (മണി 46) ആണ് മരിച്ചത്. മൂന്നാർ പെരിയവര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. ഇന്നലെ രാത്രി 10ന് കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു സമീപമാണ് സംഭവം.

വന്യജീവി അക്രമണത്തിൽ വയനാട്ടിൽ പ്രതിഷേധം ശക്തമാണ്. കാട്ടാനയും പുലിയും കടുവയുമെല്ലാം വയനാട്ടിൽ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. ഇതിന് പരിഹാരം കാണാൻ സർക്കാരിനാകുന്നില്ല. വനംവകു്പ് ആകെ പ്രതിസന്ധിയിൽ. ഇതിനിടെയാണ് മൂന്നാറിലും കാട്ടാന ആക്രമണത്തിൽ വീണ്ടും മരണമുണ്ടാകുന്നത്. ഇത് ജനപ്രതിഷേധം കൂട്ടും. ഈ സാഹചര്യത്തിലാണ് മൂന്നാറിലും ഇന്ന് ഹർത്താൽ എത്തുന്നത്.

ജനവാസ കേന്ദ്രത്തിലായിരുന്നു ആന നിലയുറപ്പിച്ചത്. ഇത് അറിയാതെ മൂന്നാറിൽ നിന്നു കന്നിമലയിലേക്ക് 6 യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ ഒറ്റയാന്റെ മുന്നിൽ പെടുകയായിരുന്നു. കാട്ടാന ഓട്ടോ കുത്തിമറിച്ചിട്ടപ്പോൾ ആനയുടെ കാലിലേക്കു തെറിച്ചുവീണ സുരേഷ് കുമാറിനെ ആന തുമ്പിക്കയ്യിലെടുത്ത് എറിയുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ സുരേഷ് കുമാർ സംഭവസ്ഥലത്തു മരിച്ചു.

കന്നിമല ടോപ് ഡിവിഷനിൽ എസക്കിരാജ് (40), ഭാര്യ റജീന (37), മകൾ കുട്ടി പ്രിയ (11) എന്നിവരാണ് പരുക്കേറ്റ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ കഴിയുന്നത്. പ്രിയയ്ക്ക് സാരമായ പരിക്കേ ഉണ്ടായിട്ടുള്ളൂ. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പരുക്കേൽക്കാതെ ഓടി രക്ഷപ്പെട്ടു. നല്ലതണ്ണി ലിറ്റിൽ ഫ്‌ളവർ സ്‌കൂളിൽ നടന്ന വാർഷികാഘോഷത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു എസക്കിരാജും ഭാര്യയും മകളും. പ്രിയയുടെ സ്‌കൂളിലായിരുന്നു വാർഷികാഘോഷം.

ഒറ്റയാൻ ഓട്ടോയ്ക്കു സമീപം നിലയുറപ്പിച്ചതിനാൽ പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ എത്തിക്കാൻ വൈകി. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മൂന്നാറിലെ ആശുപത്രിയിൽ ജനങ്ങൾ പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. മൂന്നാറിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആചരിക്കുമെന്ന് ജനകീയ കൂട്ടായ്മ അറിയിച്ചു.

ഏത് ആനയാണ് ആക്രമിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഗുണ്ടുമല എസ്റ്റേറ്റിൽ തമിഴ്‌നാട് സ്വദേശിയെ ചവിട്ടിക്കൊന്ന ആന തന്നെയാണോ എന്ന സംശയം നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. മൂന്നാറിലെ കാട്ടാനയായ ഈ ഭാഗത്ത് രാവിലെ മുതൽ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. പടയപ്പ ലോറി തടയുകയും ബൈക്കും കാറും ആക്രമിക്കുകയും ചെയ്തിരുന്നു.