- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടാനയാക്രമണത്തിൽ ഈ മാസം കൊല്ലപ്പെട്ടത് നാലു പേർ; മണി ഓടിച്ചിരുന്ന ഓട്ടോ കുത്തി മറിച്ച് തുമ്പികൈയിൽ ചുഴറ്റി എറിഞ്ഞത് പടയപ്പയോ? ഗുണ്ടമലയിലെ പഴയ വില്ലനെന്ന് നാട്ടുകാരും; മുന്നാറിൽ കാട്ടനകൊലയിൽ വ്യാപക പ്രതിഷേധം; ഇന്ന് ഹർത്താൽ; മണിയെ കൊന്ന കൊമ്പനെ കണ്ടെത്താൻ വനംവകുപ്പ്
ഇടുക്കി: കേരളത്തിൽ കാട്ടാനയാക്രമണത്തിൽ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടവർ മൂന്നായി. മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി സുരേഷ് കുമാർ (മണി,45) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷാ യാത്രയ്ക്കിടെയായിരുന്നു ആക്രമണം. വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് മൂന്നാറിൽ ഹർത്താൽ ആചരിക്കും. വ്യാപക പ്രതിഷേധമാണ് സുരേഷിന്റെ മരണത്തെ തുടർന്നുണ്ടാകുന്നത്.
കന്നിമല തേയില ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു സുരേഷ് കുമാർ. ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സുരേഷാണ് ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോ കുത്തിമറിച്ചിട്ട ഒറ്റയാൻ അപ്രതീക്ഷിത ആക്രമണം നടത്തുകയായിരുന്നു. ഇതിനെ തുടർന്ന് തെറിച്ചുവീണ സുരേഷിനെ തുമ്പിക്കൈയിൽ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷിനെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇന്നലെ രാത്രി 9.30 മണിയോടെയായിരുന്നു സംഭവം. സുരേഷ് കുമാറിന്റെ ഓട്ടോയിലുണ്ടായിരുന്നു യാത്രക്കാരിൽ കന്നിമല സ്വദേശികളായ എസക്കി രാജ (45), ഭാര്യ റെജിന (39) എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ മൂന്നാർ ടാറ്റാ ടീ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. എസക്കി രാജയുടെ മകൾ പ്രിയയുടെ സ്‌കൂൾ ആനിവേഴ്സറി കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു സംഭവം. ഇവരോടൊപ്പം രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നു. പ്രിയക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും കാര്യമായ പരുക്കില്ല.
മരിച്ച മണി ആയിരുന്നു ഓട്ടോ ഓടിച്ചിരുന്നത്. കന്നിമല എസ്റ്റേറ്റ് ബംഗ്ലാവിന് സമീപത്ത് വച്ചാണ് ഇവർ കാട്ടാനയുടെ മുന്നിലകപ്പെട്ടത്. ഓട്ടോ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയിൽ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തെറിച്ചു വീണ മണി തലയ്ക്ക് ഗുരുതര പരുക്കേറ്റാണ് മരിച്ചത്. മണിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. കഴിഞ്ഞ മാസം 23ന് മൂന്നാർ ഗുണ്ടുമലയിലും ഒരാൾ കാട്ടാന ആക്രമണത്തിൽ കൊലപ്പെട്ടിരുന്നു.
ഒറ്റയാന്റെ ആക്രമണം ആണെന്നാണ് ലഭിക്കുന്ന വിവരം. ഏത് ആനയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ, കഴിഞ്ഞ ജനുവരി 23-ന് ഗുണ്ടുമല എസ്റ്റേറ്റിൽ തമിഴ്‌നാട് സ്വദേശിയെ ചവിട്ടിക്കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. സുരേഷ് കുമാർ കൊല്ലപ്പെട്ടത് ഏത് കാട്ടാനയുടെ ആക്രമണത്തിലാണെന്ന അന്വേഷണത്തിലാണ് വനംവകുപ്പ്. പ്രദേശത്ത് ഇന്നലെ രാവിലെ മുതൽ സ്ഥിതി ചെയ്തിരുന്ന ഒറ്റയാൻ പടയപ്പയാണോ ആക്രമണം നടത്തിയതെന്ന സംശയം വനംവകുപ്പിനുണ്ട്. പടയപ്പയ്ക്ക് മദപ്പാട് ഉണ്ടായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
അതിനാലാണ് പടയപ്പയാണോ ആക്രമണം നടത്തിയതെന്ന സംശയം ഉയർന്നത്. പടയപ്പ ഇന്നലെ ലോറി തടയുകയും ബൈക്കും കാറും ആക്രമിക്കുകയും ചെയ്തിരുന്നു. അതേസമയം, പ്രദേശത്ത് മറ്റൊരു കാട്ടാന കൂട്ടവും ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏത് ആനയാണ് മണിയെ ആക്രമിച്ചതെന്ന കാര്യം ഇന്ന് തന്നെ സ്ഥിരീകരിക്കുമെന്നും പരിശോധനകൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ