കൊച്ചി: പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച് മാറ്റിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പോലും റവന്യും വകുപ്പിന്റെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കയ്യേറ്റ ഭൂമിയിൽ അനധികൃതമായി സ്ഥാപിച്ച കുരിശ് പൊളിച്ച് മാറ്റിയപ്പോൾ വലിയ പ്രതിഷേധമാണ് വിശ്വാസി സമൂഹത്തിന്റെ ഭാഗത്ത് നിന്നുംപോലും ഉണ്ടായത്. എന്നാൽ എല്ലാ നിയമങ്ങളേയും കാറ്റിൽപറത്തിയാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ മൂഴിക്കുളം പൗരാണിക പള്ളി പൊളിച്ച് നീക്കിയത്. അതും കർദിനാൾ മാർ ആലഞ്ചേരിയുടെ ഉ്ത്തരവിനെപ്പോലും മറികടന്ന് ഒരു വിഭാഗം വൈദികരുടെ ഒത്താശയോടെ

100 വർഷത്തിലധികം പഴക്കമുള്ള ഒരു കെട്ടിടവും നശിപ്പിക്കാൻ പാടില്ലെന്ന് പുരാവസ്തു ഗവേഷണവകുപ്പിന്റെ ഉത്തരവ് മറികടന്നാണ് ഇവിടെ പള്ളി അതിക്രൂരമായി തകർത്തത്. വിശ്വാസികളുടെ എതിർപ്പ് വകവെക്കാതെയും പുരാവസ്തു വകുപ്പിന്റെ രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾ കാറ്റിൽ പറത്തിയുമാണ് നടപടി. കെട്ടിടം ഇടിച്ച് നിരത്തിയപ്പോൾ പള്ളിയിലെ കുരിശ് പോലും നീക്കം ചെയ്യാനുള്ള മര്യാദ വൈദികൻ കാണിച്ചില്ലെന്നും ആക്ഷേപമുണ്ട്.

അതിപുരാതന പള്ളികൾ നിർദ്ദയം പൊളിച്ചു കളയുന്ന സഭയാണ് സീറോമലബാർ സഭ. ഇതിനോടകം തന്നെ സഭ പൊളിച്ചുകളഞ്ഞ ശിൽപഭംഗിയും ചരിത്ര പ്രാധാന്യവുമുള്ള അനേകം പുരാതന ദേവാലയങ്ങളുടെ നിരയിലേക്ക് മൂഴികുളം പള്ളി കൂടി എണ്ണപ്പെട്ടിരിക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ ഈ പള്ളി പൊളിക്കരുത് എന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി രൂപതാ സാരഥ്യം വഹിച്ചിരുന്ന കാലത്ത് കൽപ്പന നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അഡ്‌മിനിസ്‌ട്രേറ്റർ മനത്തോടത്ത് പിതാവ് സ്ഥാനം ഏറ്റെടുത്ത സമയം അനുകൂലമാണെന്നു കണ്ട് ആലഞ്ചേരിപ്പിതാവിന്റെ വിലക്കിനെ മറികടന്ന് വികാരിയുടെ നേതൃത്വത്തിൽ പള്ളി പൊളിക്കുകയായിരുന്നു പള്ളിയുടെ മുഖവാരം പൊളിച്ചപ്പോൾ അതിൽ ഉണ്ടായിരുന്ന വി. കുരിശു പോലും എടുത്തു മാറ്റാതെ അതും പള്ളിയോടൊപ്പം തകർന്നു വീഴത്തക്കവിധം അത്ര ബഹുമാനം ഇല്ലാതെയാണ് പൊളിക്കൽ മഹാമഹം അരങ്ങേറിയത്.

പഴയ കൊടുങ്ങല്ലൂർ അതിരൂപതയുടെ ചരിത്രത്തിൽനിന്നും മാറ്റിനിർത്താനാവാത്ത സ്ഥാനം വഹിക്കുന്ന പുരാതന ദൈവാലയങ്ങളിൽ ഒന്നാണ് മൂഴിക്കുളം സെന്റ് മേരിസ് ഫൊറോനാ പള്ളി. എറണാകുളം അങ്കമാലി അതിരൂപതയിലാണ് ഈ ദൈവാലയം ഇന്ന് സ്ഥിതി ചെയ്യുന്നത്. രൂപതാ രേഖകൾ അനുസരിച്ചു മിശിഹാക്കാലം 601 ൽ സ്ഥാപിതമായി എന്ന് കാണുന്നു. എന്നാലും ഇതിനും ഒരു നൂറ്റാണ്ടു മുൻപേ ക്രൈസ്തവർ കൊടുങ്ങല്ലൂരിൽ ഇന്നും ഇവിടേയ്ക്ക് കുടിയേറി എന്ന് കരുതപ്പെടുന്നു. അന്ന് അങ്കമാലിയിലെ പടിഞ്ഞാറേ പള്ളിമാത്രമാണ് ഉണ്ടായിരുന്നത് അടുത്തായി.അതിനാൽ ഇവിടെ ഒരു ദേവാലയം ആ സമയത്തു സ്ഥാപിക്കുക എന്നത് പൂർവികരുടെ ആവശ്യംകൂടിയായിരുന്നു. ബർണാഡ് തൊമ്മ അദ്ദേഹത്തിന്റെ 'മാർത്തോമാ ക്രിസ്ത്യാനികൾ ' എന്ന പുസ്തകത്തിൽ ഈ ദൈവാലയത്തെകുറിച്ചു പ്രതിപാദിച്ചിട്ടുണ്ടെന്നും രേഖകൾ പറയുന്നു.

ചരിത്ര പ്രസിദ്ധമായ ഈ പള്ളിയിൽ നിന്നും രണ്ട് ശെമ്മാശന്മാരും, മൂന്ന് പട്ടക്കാരും, അങ്കമാലി പേടിയോല സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അമ്പഴക്കാട്, ചാലക്കുടി, കൊരട്ടി, എന്നീ പള്ളികളുടെ തലപ്പള്ളിയാണ് ഈ ദൈവാലയം. ഇപ്പോൾ നിലവിലുള്ള കെട്ടിടം പതിനെട്ടാം നൂറ്റാണ്ടിൽ തച്ചിൽ മാത്തു താരകന്റെ സഹായത്തോടെ നിർമ്മിച്ചതാണ്. ജീർണത ബാധിച്ചിട്ടുണ്ട് എങ്കിലും വേണ്ടത്ര ബലപ്പെടുത്തലുകൾ നടത്തി സംരക്ഷിക്കപ്പെടേണ്ടിയിരുന്ന ഈ പൈതൃകമന്ദിരം ഇന്ന് അതിദയനീയമായി തകർക്കപെട്ടു കഴിഞ്ഞിരിക്കുന്നു. അതോടൊപ്പം ഒരു വലിയ ചരിത്ര സംസ്‌കൃതിയും മണ്ണോട് ചേർന്നിരിക്കുന്നു.

പാപ്പാത്തിച്ചോലയിൽ കുരിശു നീക്കം ചെയ്ത രീതിയോടു മുഖ്യമന്ത്രിയെന്ന നിലയിൽ തനിക്കു യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രിയും അന്ന് പറഞ്ഞിരുന്നു. കുരിശ് നീക്കം ചെയ്തപ്പോൾ വിഷയം മറൊരു രീതിയിൽ മാറിയിരുന്നെങ്കിൽ അതിന്റെ ഉത്തരവാദിത്വം താൻ പേറേണ്ടിവരുമായിരുന്നു എന്നും പിണറായി വിജയൻ പറഞ്ഞിരുന്നു. ക്രൈസ്തവ സഭകൾ നടപടിയെ സ്വാഗതം ചെയ്തിട്ട് പോലും വിവാദങ്ങൾ അടങ്ങിയിരുന്നില്ല.