ഇടുക്കി: പുലർച്ചെ വീട്ടുകാരെല്ലാം പള്ളിയിൽ പോയതിന് പിന്നാലെയാണ് ലിജി മകനെയും കൂട്ടി കടുംകൈക്ക് മുതിർന്നത്. വീട്ടുകാർ മുറിയിൽ ചെന്ന് നോക്കുമ്പോൾ ലിജിയെയും മകനെയും കണ്ടില്ല.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഇളയകുഞ്ഞ് മരിച്ചതോടെയാണ് അമ്മയും മൂത്തകുട്ടിയും കിണറ്റിൽ ചാടി മരിച്ചത്. കൈതപ്പതാൽ കീണറ്റുകര ലിജി ടോമിന്റെയും(38)മകൻ ടെൻ ടോമിന്റെ(7)ന്റെയും വിയോഗം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല ഉറ്റവർക്കും നാട്ടുകാർക്കും.

ദിവസങ്ങളുടെ വ്യത്യാസത്തിൽ കുടുംബത്തിലെ മൂന്നു ജീവനുകളാണ് നഷ്ടമായിരിക്കുന്നത്. ഈ മാസം 14-നാണ് 28 ദിവസം മാത്രം പ്രായമായ ലിജിയുടെ കുഞ്ഞ് മരണപ്പെട്ടത്. നവജാതശിശു മരിച്ചതിൽ ലിജി കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇളയകുട്ടിയുടെ മരണത്തിന്റെ ആഘാതം വിട്ടൊഴിയും മുമ്പേ ഇന്ന് രാവിലെ വീണ്ടും ദുരന്തം. പുലർച്ചെ 6 മണിയോടെ ഇടുക്കി 
ഉപ്പുതറയ്ക്ക്‌ സമീപമുള്ള ലിജിയുടെ വീട്ടിലാണ് സംഭവം. വിവരം അറിഞ്ഞ് രാവിലെ മുതൽ അടുപ്പക്കാരും നാട്ടുകാരും വീട്ടിലേക്കെത്തുന്നുണ്ടായിരുന്നു. എത്തിയവരെല്ലാം കണ്ണീരടക്കാൻ പാടുപെട്ടു. ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ വന്നവരെല്ലാം വിഷമിച്ചു.

തിടനാട് കുമ്മനുപറമ്പിൽ ടോം ജോർജ്ജും ലിജിയും തമ്മിലുള്ള വിവാഹം നടന്നിട്ട് 14 വർഷം പിന്നിട്ടിരുന്നു. ഇവരുടെ ആദ്യത്തെ കൺമണി ജോർജ്ജ് ടോം ഹൃദയസംബന്ധമായ അസുഖബാധയെത്തുടർന്ന് ഒന്നരവയസായപ്പോൾ മരണപ്പെട്ടിരുന്നു. ഇതെത്തുടർന്നുള്ള കുടുംബത്തിന്റെ മാനസിക വിഷമം അൽപ്പമൊന്ന് ശമിച്ചത് ടെൻ പിറന്നതോടെയാണ്. കഴിഞ്ഞ ഫെബ്രുവരി 14-നാണ് ലിജിക്ക് മൂന്നാമത്തെ കുട്ടി പിറന്നത്. കുഞ്ഞനുജൻ പിറന്നത് അറിഞ്ഞപ്പോൾ ആഹ്ളാദം പറഞ്ഞറയിക്കാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു ടെൻ.

ഈ മാസം 14-ന് ഉച്ചകഴിഞ്ഞ് 3.30 തോടെ മുലയൂട്ടുമ്പേൾ കുഞ്ഞിന്റെ തൊണ്ടയിൽ പാൽ കുടുങ്ങി. അസ്വസ്ഥത പ്രകടിപ്പിച്ചതോടെ, ഉടൻ കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവം ലിജിയുടെ മാനസിക നില ആകെ തകർത്തിരുന്നു. തന്റെ കൈപ്പിഴയാണ് കുഞ്ഞ് മരിക്കാൻ ഇടയാക്കിയതെന്നും പറഞ്ഞ് ലിജി അലറിക്കരഞ്ഞത് കണ്ടുനിന്നവരുടെ മിഴികളെയും ഈറനണിയിച്ചിരുന്നു. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന ലിജിയെ സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരാൻ വീട്ടുകാർ പലവഴിക്കും ശ്രമം നടത്തുന്നുണ്ടായിരുന്നു.

ഒറ്റപ്പെട്ട് ഇരിക്കാൻ അവസരം നൽകാതെ കുടുംബാംഗങ്ങൾ മാറി മാറി ലിജിയുടെ അടുത്തെത്തി, ആശ്വസിപ്പിച്ചിരുന്നു.ഇന്നലെയായിരുന്നു കുഞ്ഞിന്റെ സംസ്‌കാരം. ഇന്ന് രാവിലെ മനസ് പതറിയപ്പോൾ പിടിച്ചുനിൽക്കാനാവാതെ അവശേഷിച്ച ആൺതരിക്കൊപ്പം ലിജി ജീവനൊടുക്കുകയായിരുന്നു. പീരുമേട്ടിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം മൃതദേഹങ്ങൾ പുറത്തെടുത്തു.  ഉപ്പുതറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡി്ക്കൽ കോളേജിലേയ്ക്ക് മാറ്റി.സംസ്‌കാരം നാളെ.