- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോദ്യങ്ങള്‍ എടുത്തത് സൈലത്തിന്റെ ചോദ്യപേപ്പറില്‍നിന്ന് എം എസ് സൊലൂഷ്യന്‍സ് ഉടമ; സൈലത്തെക്കുറിച്ചുള്ള ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി മന്ത്രി വി ശിവന്‍കുട്ടിയും; വിഷയം ഒതുക്കാന്‍ നീക്കമെന്ന് വിമര്‍ശനം; ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നില്‍ ഇടതു സഹയാത്രികരുടെ എജു പ്ലാറ്റ്ഫോമോ? വിവാദങ്ങള്‍ക്കൊടുവില്‍ എഫ് ഐ ആര്‍
കോഴിക്കോട്: കേരളത്തില്‍ ഏറെ ചര്‍ച്ചയായ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പറുകള്‍ ചോര്‍ന്ന കേസ് ഒതുക്കിതീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപണം. ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് ആരോപണം ഉയര്‍ന്ന എം എസ് സൊലൂഷ്യന്‍സിന്റെ സിഇഒ ഷുഹൈബ്, മീഡിയാവണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്, തങ്ങള്‍ ഈ ചോദ്യങ്ങള്‍ എടുത്തിരിക്കുന്നത്, പ്രമുഖ എജു പ്ലാറ്റ്ഫോമായ സൈലത്തിന്റെ വീഡിയോയില്‍ നിന്നാണ് എന്നാണ്. പത്താംക്ലാസ് കെമിസ്ട്രി പരീക്ഷയില്‍ തങ്ങള്‍ പറഞ്ഞ നാലുചോദ്യങ്ങള്‍ മാത്രമാണ് ചോദിച്ചതെന്നും, ബാക്കിയെല്ലാം സൈലത്തിന്റെത് ആണെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നിട്ട് എന്തുകൊണ്ട് തങ്ങളെ മാത്രം ചോദ്യം ചെയ്യുന്നുവെന്നും, െൈസലത്തിനെതിരെ നടപടിയില്ലാത്തത് എന്തുകൊണ്ടാണെന്നുമാണ് ഇദ്ദേഹം ചോദിക്കുന്നത്.
ഇതേചോദ്യം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തിയ മന്ത്രി വി ശിവന്‍കുട്ടിയോട്, മീഡിയാവണ്‍ റിപ്പോര്‍ട്ടര്‍ ചോദിക്കുന്നുണ്ട്. സൈലത്തിനെതിരെ നടപടിയില്ലേ എന്ന ചോദ്യത്തിന്, മന്ത്രി വി ശിവന്‍കുട്ടി ഒഴിഞ്ഞുമാറുകയാണ്. പറയാനുള്ളതെല്ലാം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞുവെന്നാണ് മന്തി പറയുന്നത്. ഇതോടെ 'സൈലത്തെ തൊടാന്‍ പേടിയോ' എന്ന സബ്ടൈറ്റിലുമിട്ട് മീഡിയാവണ്‍ വാര്‍ത്ത കൊടുത്തിരുന്നു. ഈ വാര്‍ത്തയും അധ്യാപക സര്‍ക്കിളുകളില്‍ അടക്കം വ്യാപക ചര്‍ച്ചയാവുകയാണ്. മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗ്രൂപ്പാണ് സൈലം.
ഇടതുനേതാക്കളുടെയും, അധ്യാപക സംഘടനകളുടെയും അകമഴിഞ്ഞ പിന്തുണ ഇവര്‍ക്കുണ്ട്. പല സര്‍ക്കാര്‍ സ്‌കൂള്‍- കോളജ് അധ്യാപകരും, എന്തിന് എഇഒമാരും ഡിഇഒമാരുമൊക്കെ ഇവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
എം എസ് സൊല്യൂഷന്‍സ് ബലിയാടോ?
ചോദ്യപേപ്പര്‍ ചോര്‍ച്ചാ അന്വേഷണത്തിന്റെ ആഴങ്ങളിലേക്ക് കടക്കാതെ എംഎസ് സൊലൂഷ്യന്‍സിനെ മാത്രം, ബലിയാടാക്കി കാര്യങ്ങള്‍ അവസാനിപ്പിക്കാനാണ് ഇപ്പോള്‍ നീക്കങ്ങള്‍ നടക്കുന്നത് എന്ന് ആരോപണം ശക്തമാണ്. സത്യം പുറത്തു വന്നാല്‍ പ്രതിക്കൂട്ടിലാവുക ഇടതുസഹയാത്രികരാവും. അതിനിടെ കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.
ഇക്കൊല്ലത്തെ നേരത്തെ ഓണപ്പരീക്ഷയുടെ എസ്.എസ്.എല്‍.സി ചോദ്യപേപ്പറുകള്‍ ഇതേ യൂട്യൂബ് ചാനലിലുടെ ചോര്‍ന്നിരുന്നു. .അന്ന് യൂട്യൂബ് ഉടമയുടെ മൊഴിയെടുത്തിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ചോദ്യപേപ്പര്‍ അച്ചടിച്ച സിആപ്റ്റില്‍ ലോട്ടറിയടക്കം സുപ്രധാന രേഖകളുടെ പ്രിന്റിംഗ് അതിസുരക്ഷയോടെയാണ് നടക്കുന്നത്. അതിനാല്‍ ചോരാന്‍ സാദ്ധ്യത കുറവാണ്. അതേസമയം, കിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം അധ്യാപകരിലേക്കും കടക്കുന്നുവെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. യുട്യൂബ് ചാനലില്‍ ക്ലാസുകള്‍ എടുക്കുകയും ക്ലാസുകള്‍ തയ്യാറാക്കാനായി സഹായിക്കുകയും ചെയ്യുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് നേരെയാണ് അന്വേഷണം. എംഎസ് സൊല്യൂഷനെതിരെ മുമ്പ് പരാതി നല്‍കിയ സ്‌കൂള്‍ അധ്യാപകരുടെ മൊഴിയെടുത്തിട്ടുണ്ട്. കോഴിക്കോട് ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇവരില്‍ നിന്ന് തെളിവുകളും ശേഖരിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അധ്യാപകര്‍ക്കോ വിദ്യാഭ്യാസ വകുപ്പിലെ മറ്റു ജീവനക്കാര്‍ക്കോ പങ്കുള്ളതായി അറിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. മുന്‍ കാലങ്ങളിലെ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പട്ട രേഖകളും ശേഖരിച്ചു. കോഴിക്കോട് ഡിഡിഇ താമരശ്ശേരി ഡിഇഒ, കൊടുവള്ളി എഇഒ എന്നിവരില്‍ നിന്നാണ് വിവരങ്ങള്‍ എടുത്തത് .കൊടുവള്ളിയിലെ എം എസ് സൊല്യൂഷന്‍സ് അടക്കം ചോദ്യങ്ങള്‍ പ്രവചിച്ച മുഴുവന്‍ യൂട്യൂബ്, ചാനലുകള്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ഡിഡിഇ മനോജ് കുമാര്‍ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യു ട്യൂബ് ചാനലിലെ വിഡിയോകളും സംഘം പരിശോധിക്കുന്നുണ്ട്. പക്ഷേ തങ്ങള്‍ മറ്റ് എജു പ്ലാറ്റ്ഫോമുകളുടെ വീഡിയോകള്‍കൂടി നോക്കിയാണ്, ചോദ്യം തയ്യാറാക്കുന്നത് എന്നും എക്സ്പീരിയന്‍സ് വെച്ച് ഇത് ശരിയാവുകയാണെന്നും അല്ലാതെ കോപ്പിയടിക്കുക ആയിരുന്നില്ല എന്നുമാണ് എം എസ് സൊലൂഷ്യന്‍സ് അധികൃതര്‍ പറയുന്നത്. വിവാദത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച എം എസ് സൊലൂഷ്യന്‍സിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം വീണ്ടും തുടങ്ങിയിട്ടുണ്ട്.