കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി സ്തുതിഗീതങ്ങൾ പാടുന്നതിൽ തെറ്റില്ലെന്ന് പാർട്ടിയും അംഗീകരിക്കുന്ന കാലമാണ്. ഇതിനിടെ തിരുത്തൽ ശക്തികാൻ പോലും പാർട്ടിയിൽ നേതാക്കളില്ലാത്ത അവസ്ഥയും നിലവിലുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി എം ടി വാസുദേവൻ നായർ രംഗത്ത്. മുഖ്യമന്ത്രിയെയോ ഇടതു സർക്കാറിനെയോ പേരു പറയാതെയാണ് നിലവിലെ സമൂഹിക സാഹചര്യങ്ങളെ കുറിച്ച് എം ടി വിമർശനം ഉന്നയിച്ചത്.

അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാർഗമായി മാറിയെന്നും എം ടി തുറന്നടിച്ചു. ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന പതി ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോൽസവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എം ടി വാസുദേവൻ നായർ രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച് പതിവില്ലാത്ത വിധം എംടി തുറന്നടിച്ചത്.

ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ ഇരിക്കെ അധികാരത്തെയും അധികാരികൾ സൃഷ്ടിക്കുന്ന ആൾക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആകാം. അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടി. റഷ്യൻ വിപ്ലവത്തിൽ പങ്കെടുത്ത ജനാവലി ആൾക്കൂട്ടമായിരുന്നു. ഈ ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എം ടി പറഞ്ഞു.

തെറ്റ് പറ്റിയാൽ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്ന് പറഞ്ഞ എം ടി, ഇക്കാര്യത്തിൽ ഇഎംഎസിനെയാണ് ഉദാഹരിച്ചത്. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന സങ്കൽപ്പത്തെ മാറ്റിയെടുക്കാൻ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാഞ്ഞതും അതുകൊണ്ടു തന്നെയാണെന്നും എം ടി പറഞ്ഞു. എംടിയുടെ മുഖ്യപ്രഭാഷണം കഴിഞ്ഞയുടൻ പിണറായി വേദി വിട്ടു. പ്രശസ്ത സാഹത്യകാരൻ കെ സച്ചിതാനന്ദൻ, പ്രശ്‌സത നരക്ത്തകി മല്ലിക സാരാഭായ് മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പു അടുത്തു നിൽക്കവേ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചാണ് സിപിഎമ്മിന്റെ പ്രവർത്തനങ്ങൾ. അതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയാ നായകനാക്കിയ പാട്ടുകൾ അടക്കം പുറത്തിറക്കിയത്. ഇതിൽ പൊതുസമൂഹത്തിൽ വിമർശനം ഉയർന്നെങ്കിലും ഒരു കുഴപ്പവുമില്ലെന്ന നിലപാടാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും ഉന്നയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ജനങ്ങളുടെ ആരാധന സ്വാഭാവികമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറയുന്നു. ചരിത്രപുരുഷന്മാർക്ക് ആരാധകരുണ്ടാവുക സ്വാഭാവികമാണ്. എങ്കിലും പാർട്ടി ഇക്കാര്യം സ്വയം വിമർശനപരമായി പരിശോധിക്കുമെന്ന് ജയരാജൻ പറയുന്നു. പാർട്ടിയിലെ ഭിന്നതയുടെ സ്വരം ജയരാജൻ തള്ളുന്നില്ലെന്നതാണ് ഏക ആശ്വാസം.

'അദ്ദേഹത്തിന് ഒരുപാട് കഴിവുകളുണ്ട്. അത് എല്ലാവരും അംഗീകരിക്കുന്നതാണ്. ആ കഴിവ് ഭരണരംഗത്തും രാഷ്ട്രീയരംഗത്തും സംഘടനാ രംഗത്തും ഉണ്ട്. അദ്ദേഹത്തിനുള്ള ആ പ്രത്യേകതയെ ആരാധിക്കുന്നവർ നിങ്ങൾ കാണുന്നതിലപ്പുറം ജനം ഇവിടെയുണ്ട്. ആ ആരാധനയുടെ ഭാഗമായിട്ടുണ്ടാകുന്ന കലാസൃഷ്ടികളാണ് ഇത്. തച്ചോളി ഒതേനനെക്കുറിച്ച് വീരാരാധനയുള്ള ഒരുപാട് പേരുണ്ട്. അതൊക്കെ ഒരു കാലഘട്ടത്തിലുണ്ടാകുന്ന പ്രത്യകതയുള്ള ഇതിഹാസപുരുഷന്മാരാണ്. ശ്രീനാരായണഗുരു, അയ്യങ്കാളി എന്നിവരൊക്കെ അങ്ങനെയാണ്-ജയരാജൻ പറയുന്നു.

വ്യക്തി ആരാധനയ്ക്ക് കമ്യൂണിസ്റ്റുകാർ എതിരാണ്. പക്ഷെ വ്യക്തിത്വത്തെ മാനിക്കാതിരിക്കുന്നില്ല. മഹാനായ ലെനിൻ, ചെഗുവരേ ഉദാഹരണങ്ങളാണ്. പൊതുവെ ഇത്തരം കാര്യങ്ങൾ സ്വയം വിമർശനമായി പരിശോധിക്കാറുണ്ട്. ഇപ്പോൾ വരുന്ന കാര്യങ്ങളൊക്കെ പാർട്ടി പ്രവർത്തകർ വിമർശനപരമായും സ്വയം വിമർശനമപരമായും പരിശോധിക്കും' ജയരാജൻ വിശദീകരിച്ചു.

'കേരള സിഎം' എന്ന പേരിൽ യുട്യൂബിൽ റിലീസ് ചെയ്ത ഗാനത്തിലാണ് പിണറായി വിജയനെ സ്തുതിക്കുന്നത്. പിണറായി വിജയൻ നാടിന്റെ അജയ്യൻ, നാട്ടാർക്കെല്ലാം സുപരിചിതൻ എന്നാണ് പാട്ടിന്റെ തുടക്കം. തീയിൽ കുരുത്തൊരു കുതിര, കൊടുങ്കാറ്റിൽ പറക്കും കഴുകൻ, മണ്ണിൽ മുളച്ചൊരു സൂര്യൻ, മലയാളനാട്ടിൽ മന്നൻ, ഇൻക്വിലാബിൻ സിംബൽ, ഇടതുപക്ഷ പക്ഷികളിൽ ഫീനിക്സ് പക്ഷി... ഇങ്ങനെ നീളുന്നു പാട്ടിൽ പിണറായി വിജയനെക്കുറിച്ചുള്ള വിശേഷണങ്ങൾ. പിണറായിയെ പുകഴ്‌ത്തുന്ന ഗാനം സിപിഎം ഏറ്റെടുക്കുമെന്ന സുൂചനയാണ് ലഭിക്കുന്നത്. പിണറായിയെ സ്തുതിച്ചുള്ള ഗാനത്തെ തള്ളിപ്പറയാൻ ഇപി ജയരാജനു പോലും ധൈര്യമില്ല. സിപിഎം സെക്രട്ടറി എംവി ഗോവിന്ദനും പാട്ടിനെ തള്ളിപ്പറയില്ല.