- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആ ദൗത്യം വെറുതെയായില്ല; ഇനി കൊടുംക്രിമിനലുകൾക്ക് പുറംലോക സുഖവാസമില്ല
കോഴിക്കോട്: ടിപി കേസ് പ്രതികളെ പിടികൂടിയത് സാഹസികമായിട്ടായിരുന്നു മുടക്കോഴി മലയിലെ ആ ഓപ്പറേഷൻ സിനിമയേയും തോൽപ്പിച്ചുവെന്നതാണ് വസ്തുത. ചെങ്കൽ തൊഴിലാളികളുടെ വേഷത്തിലായിരുന്നു പൊലീസ്. പക്ഷേ കേസിൽ കുറ്റക്കാരെന്ന് വിചാരണ കോടതി വിധിച്ചിട്ടും പ്രതികൾ സർവ്വ സ്വതന്ത്രരായിരുന്നു. രാഷ്ട്രീയ കരുത്തിൽ അവർ നിരന്തരം പുറത്തെത്തി. വീണ്ടും ക്വട്ടേഷൻ ഏറ്റെടുത്തു. ഇതെല്ലാം കേരളീയ പൊതുസമൂഹം ഞെട്ടലോടെ കാണുകയും കേൾക്കുകയും ചെയ്തു. ഇതിനാണ് ഹൈക്കോടതി വിധി വിരാമിടുന്നത്. ഇനി അവർക്ക് പരാളില്ലാതെ 20 കൊല്ലം ജയിൽ ശിക്ഷ ഉറപ്പായി.
വിചാരണ കോടതി വിധിച്ച ശിക്ഷാകാലയളവ് ഉയർത്തികൊണ്ടാണ് ഹൈക്കോടതിയുടെ വിധി. കേസിലെ ഒന്നാം പ്രതിയായ എംസി അനൂപ് ഉൾപ്പെടെ 6 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും ഹൈക്കോടതി ശിക്ഷിച്ചു. ഇവരുടെ ജീവപര്യന്തം തടവ് ഇരട്ട ജീവപര്യന്തമായി ഉയർത്തുകയായിരുന്നു. പ്രതികൾക്ക് പരോൾ നൽകരുതെന്നും കോടതി വിധിച്ചു. പുതുതായി കൊലപാതക ഗൂഡാലോനചയിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ പത്താം പ്രതി കെകെ കൃഷ്ണൻ (മുൻ ഒഞ്ചിയം ഏരിയ കമ്മിറ്റി), 12ാം പ്രതി ജ്യോതി ബാബു (കുന്നോത്ത് പറമ്പ് മുൻ ലോക്കൽ കമ്മിറ്റി) എന്നിവരെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു.
കേസിലെ ഒന്ന് മുതൽ ഏഴുവരെയുള്ള പ്രതികളായ എംസി അനൂപ്, മനോജ് കുമാർ (കിർമാണി മനോജ്), എൻകെ സുനിൽ കുമാർ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി, എസ് സിജിത്ത് (അണ്ണൻ സിജിത്ത്), കെ ഷിനോജ്, ഗൂഢാലോചനയിൽ ശിക്ഷ അനുഭവിക്കുന്ന എട്ടാം പ്രതി കെസി രാമചന്ദ്രൻ, 11ാം പ്രതി മനോജൻ (ട്രൗസർ മനോജ്), 18ാം പ്രതി പിവി റഫീഖ് (വാഴപ്പടച്ചി റഫീഖ്, കെകെ കൃഷ്ണൻ, ജ്യോതി ബാബു എന്നീ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി വിധിച്ചത്.
കൊടി സുനിയെ പൊക്കാൻ പൊലീസ് നടത്തിയത് സാഹസിക നീക്കമായിരുന്നു. വടകരയിൽനിന്ന് മാഹി, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, ഉളിയിൽ, തില്ലങ്കേരി വഴി പെരിങ്ങാനത്ത് എത്തിയ ശേഷമാണു സംഘം മലയിലേക്കു കയറിയത്. മാഹിയിൽനിന്നു മറ്റൊരു ചെറുസംഘം ഉരുവച്ചാൽ, മാലൂർ വഴി പുരളിമലയുടെ മുകളിൽനിന്ന് താഴോട്ടിറങ്ങി മലയിലെത്തി. മൂന്നാമത്തെ സംഘം മുഴക്കുന്ന് കടുക്കാപ്പാലം വഴി മുടക്കോഴി മലയിലേക്കു കയറിയെത്തി. മൊബൈൽ വെളിച്ചത്തിലായിരുന്നു കാട്ടിലൂടെയുള്ള മലകയറ്റം.
മലയുടെ വശങ്ങളിലൂടെ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ മുഴക്കുന്ന്, തില്ലങ്കേരി, മാലൂർ പഞ്ചായത്തുകളിലൂടെയുള്ള എല്ലാ വഴികളും പൊലീസ് അടച്ചു. പതിവു വാഹന പരിശോധനയ്ക്കെന്നു തോന്നിക്കുന്ന വിധത്തിലായിരുന്നു പൊലീസിന്റെ നിൽപ്പ്. ഡിവൈഎസ്പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ഇരുപതിലധികം പേരടങ്ങുന്ന സംഘം വടകരയിൽനിന്ന് ടിപ്പർ ലോറിയിൽ പുലർച്ചെ രണ്ടു മണിയോടെ മുഴക്കുന്നിൽ എത്തി. ചെങ്കല്ല് എടുക്കുന്ന സ്ഥലമായതിനാലാണ് ടിപ്പർ തിരഞ്ഞെടുത്തത്.
അന്ന് പുലർച്ചെ രണ്ടു മണിക്കാണ് പൊലീസ് സംഘം അടിവാരത്തെത്തുന്നത്. അപ്പോഴേക്കും മഴ തുടങ്ങി. സംഘത്തിന് മഴ ഉപദ്രവവും അനുഗ്രഹവുമായി. മഴ കനത്തതോടെ മല കയറ്റം ദുഷ്കരമായി. മൊബൈൽ ഫോണുകൾ നനഞ്ഞു കേടായി. പക്ഷേ, മഴയുടെ ശബ്ദത്തിൽ പൊലീസിന്റെ ചലനശബ്ദങ്ങൾ ആരും കേൾക്കാത്തതു ഗുണം ചെയ്തു. സ്ഥലത്തെക്കുറിച്ച് അറിയാത്തതിനാൽ പൊലീസിനു നാലു കിലോമീറ്ററോളം കൂടുതൽ നടക്കേണ്ടി വന്നു. ഒളിസങ്കേതം കണ്ടെത്തുമ്പോൾ സമയം പുലർച്ചെ നാലുമണി.
മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി മലയിൽ റോഡിൽനിന്ന് രണ്ടു കിലോമീറ്റർ ചെങ്കുത്തായ കയറ്റം കയറി ചെല്ലുന്ന ചെരുവിലായിരുന്നു കൊടി സുനിയുടെ കൂടാരം. പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് കെട്ടിയ ടെന്റിൽ നിലത്ത് പ്ലാസ്റ്റിക് വിരിച്ച് അതിനു മുകളിൽ കമ്പിളി വിരിച്ചാണ് സുനിയും സംഘവും കഴിഞ്ഞിരുന്നത്. കൂടാരം വളഞ്ഞ് പൊലീസ് അകത്തു കടക്കുമ്പോൾ കൊടി സുനി, ഷാഫി, കിർമാണി മനോജ് എന്നിവരും മൂന്നു സഹായികളും സുഖനിദ്രയിലായിരുന്നു.
പൊലീസാണെന്ന് അറിയിച്ചപ്പോഴേക്കും തോക്കു ചൂണ്ടി എതിരിടാനായി ശ്രമം. അരമണിക്കൂർ നീണ്ട ബലപ്രയോഗത്തിലൂടെ സംഘത്തെ പൊലീസ് കീഴടക്കി. ജനവാസ കേന്ദ്രത്തിൽനിന്ന് കിലോമീറ്ററുകൾ ദൂരെയുള്ള പ്രദേശമായതിനാലും പാർട്ടി ഗ്രാമമെന്ന നിലയിൽ ഒരിക്കലും പൊലീസ് കയറില്ലെന്ന് ഉറച്ചു വിശ്വസിച്ചതിനാലും നാട്ടുകാരും പ്രതികളെ ഒളിപ്പിച്ചവരും പൊലീസ് ഓപ്പറേഷൻ അറിഞ്ഞതേയില്ല.
നേരത്തെ, പൊലീസിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് പരുക്കേറ്റതിനെത്തുടർന്നാണ് മുഴക്കുന്നിലെ മലഞ്ചരുവിൽ ഒളിവിൽ താമസിക്കാൻ കൊടി സുനിയും സംഘവും തീരുമാനിച്ചത്. മുടക്കോഴി മലമുകളിലേക്കുള്ള രണ്ടു കിലോമീറ്റർ ദൂരം സുനി കയറിയതു കൂടെയുള്ളവരുടെ കൈത്താങ്ങിലാണ്. സുനിയുടെ കാലിലെ പരുക്കു ഭേദമാകാത്തതു താവളം മാറാൻ തടസ്സമായി.
'ഓപ്പറേഷൻ രജീഷ്'
കൊടി സുനിയെക്കാളും പൊലീസ് പക്ഷേ വിഷമിച്ചത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളയാ ടി കെ രജീഷിനെ കിട്ടാനാണ്.രജീഷിനെ തേടി രണ്ടു സംഘങ്ങളാണ് പൊലീസ് യാത്ര തിരിച്ചത്. സിഐ ആസാദിന്റെയും വിനോദ് കുമാറിന്റെയും നേതൃത്വത്തിൽ. സംഘം ആദ്യം പോയതു മുംബൈയിലേക്കാണ്. കണ്ണൂരിൽനിന്നു നിരവധിപേരാണു ബേക്കറി ബിസിനസിനായി മുംബൈയിലേക്കു പോയിട്ടുള്ളത്.
മിക്കവരും പാർട്ടി അനുഭാവികൾ. ഇവരുടെ അടുത്തേക്ക് രജീഷ് പോയിരിക്കാമെന്ന സംശയത്തെത്തുടർന്നായിരുന്നു മുംബൈയിലെ തിരച്ചിൽ. പക്ഷേ, രജീഷിനെ കണ്ടെത്താനായില്ല. സംഘം മടങ്ങാനൊരുങ്ങുമ്പോഴാണ് പുതിയ ഒരു വിവരം ലഭിക്കുന്നത്. 'രജീഷിന്റെ നാട്ടുകാരിൽ ചിലർ മഹാരാഷ്ട്ര - ഗോവ അതിർത്തിയിൽ ബേക്കറി ബിസിനസ് നടത്തുന്നുണ്ട്. അവരിൽ ചിലർ ഇടയ്ക്കിടെ മുംബൈയിലേക്കു വരാറുണ്ട് ' ഇതായിരുന്നു ഒരു മലയാളിയിൽനിന്നു ലഭിച്ച വിവരം. തീരെ ചെറിയ സാധ്യതയാണെങ്കിലും പോയി നോക്കാനായിരുന്നു സംഘത്തിന്റെ തീരുമാനം.
മഹാരാഷ്ട്രയിലെ ബക്ഷി എന്ന സ്ഥലത്ത് നിരവധി മലയാളികളുണ്ട്. കൃഷിക്കും ബേക്കറി ബിസിനസിനുമായി വർഷങ്ങൾക്കുമുൻപു കുടിയേറിയവർ. ബക്ഷിക്കടുത്ത് സാവന്തവാടി എന്ന സ്ഥലത്ത് മലയാളികൾ താമസിക്കുന്ന മേഖലകളിൽ തിരച്ചിൽ നടത്തിയെങ്കിലും രജീഷിനെ കണ്ടെത്താനായില്ല. ഗ്രാമത്തിലെ വിജനമായ വഴികളിലൂടെ മടക്കയാത്ര ആരംഭിച്ച സംഘത്തിന്റെ വാഹനം പെട്ടെന്ന് കേടായി.
വാഹനം നന്നാക്കാനുള്ള ശ്രമത്തിനിടയിലാണ് ബൈക്ക് യാത്രക്കാരനായ ഒരാൾ സഹായവാഗ്ദാനവുമായി വാഹനത്തെ സമീപിക്കുന്നത്. ആൾ മലയാളിയാണ്. ഗ്രാമത്തിലെ വിവരങ്ങൾ അന്വേഷിക്കുന്നതിനിടെ, വന്ന കാര്യം അന്വേഷണസംഘം വെളിപ്പെടുത്തി. അവിടെ പുതിയ വഴി തുറന്നു. കണ്ണൂർ സ്വദേശി ഗ്രാമത്തിന്റെ ഒരുഭാഗത്ത് താമസിക്കുന്നുണ്ടെന്നുള്ള വിവരമാണ് വന്നയാൾ കൈമാറിയത്. പുതിയൊരാൾകൂടി അയാളോടൊപ്പം വന്നിട്ടുണ്ട്. പുലർച്ചെ മൂന്നു മണിക്ക് 'ഓപ്പറേഷൻ രജീഷ്' ആരംഭിച്ചു. സംഘാംഗങ്ങളിൽ മൂന്നുപേർ വീടിന്റെ മുൻവശത്ത് നിലയുറപ്പിച്ചു. രണ്ടുപേർ പുറകിൽ. വീടിനു മുന്നിൽ രണ്ടു ജോഡി ചെരുപ്പുകളുണ്ടായിരുന്നതിൽ ഒരു ജോഡി ചെരിപ്പുകൾക്ക് വലിപ്പം കൂടുതലായിരുന്നു.
രജീഷ് തടിയുള്ളയാളാണ്. വീടിനുള്ളിൽ രജീഷ് ഉണ്ടാകുമെന്ന സംശയം ബലപ്പെട്ടു. വാതിലിൽ മുട്ടിയ സംഘം ചെറുത്തുനിൽപിനു സാധ്യതയുള്ളതിനാൽ വശത്തേക്ക് മാറിനിന്നു. രജീഷിന്റെ സുഹൃത്താണ് വാതിൽ തുറന്നത്. സിഐ ആസാദ് വാതിൽ തള്ളിമാറ്റി തോക്കുമായി അകത്തേക്ക് കയറി. പ്രതീക്ഷ തെറ്റിയില്ല, രജീഷ് അകത്തുണ്ടായിരുന്നു.
തോക്ക് കണ്ടതോടെ വലിയ എതിർപ്പില്ലാതെ രജീഷ് കീഴടങ്ങി. രജീഷുമായി സംഘം മടങ്ങുമ്പോഴും ഓപ്പറേഷന്റെ കാര്യം ഗ്രാമവാസികളാരും അറിഞ്ഞില്ല. പിന്നീടു നടത്തിയ തിരച്ചിലിൽ മൈസൂരിൽനിന്നു സിജിത്തും ബെംഗളൂരുവിൽനിന്ന് എം.സി. അനൂപും പിടിയിലായി. ഒരു പ്രതിക്കു പോലും കോടതിയിൽ കീഴടങ്ങാൻ അവസരം നൽകിയില്ലെന്നത് അന്വേഷകരുടെ മറ്റൊരു നേട്ടമായി.