- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പൊലീസ് വാഹനം ലഭ്യമല്ലാത്ത സാഹചര്യത്തിൽ സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ പ്രൊട്ടോക്കോൾ ലംഘനം ഇല്ല; പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്ക് കരാറുകാരന്റെ വാഹനം ഉപയോഗിച്ച അനൗചിത്യം ചർച്ചകളിൽ; മന്ത്രി റിയാസിന്റെ ചോര കുടിക്കാൻ കൈരളി കൺസ്ട്രക്ഷൻസിന്റെ ജീപ്പ് എത്തിച്ചത് ആര്?
കോഴിക്കോട്; റിപ്പബ്ലിക് ദിന പരേഡിൽ കരാറുകാരന്റെ വാഹനത്തിൽ അഭിവാദ്യം സ്വീകരിച്ച് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തനിക്ക് ഈ വിവാദത്തിൽ പങ്കില്ലെന്നാണ് റിയാസിന്റെ വിശദീകരണം. എന്നാൽ വിവാദം ആളിക്കത്തുകയാണ്. ഒറ്റനോട്ടത്തിൽ തന്നെ കരാർ കമ്പനിയെന്ന് വ്യക്തമാകുന്ന വാഹനമാണ് ഉപയോഗിച്ചത്. സാധാരണ പൊലീസ് വാഹനമാണ് ഉപയോഗിക്കാറുള്ളത്. വിവാദമായതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി രംഗത്ത് എത്തി.
വണ്ടിയുടെ ആർസി ബുക്ക് പരിശോധിക്കേണ്ടത് മന്ത്രിയാണോയെന്ന് അദ്ദേഹം ചോദിച്ചു.പരേഡിൽ ഉപയോഗിക്കുന്ന വാഹനത്തിൽ മന്ത്രിയുടെ റോൾ എന്താണ്?'അതൊരു അധോലോക രാജാവിന്റെ വണ്ടി ആയാൽ പോലും മന്ത്രിയുടെ ഉത്തരവാദിത്തം ആവുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു.എല്ലാ നടപടികളും പാലിച്ചിട്ടുണ്ടെന്നാണ് കളക്ടർ മറുപടി തന്നത്.ചോര കുടിക്കാനുള്ള ചിലരുടെ ആഗ്രഹമാണ് വിവാദത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥ വീഴ്ചയുണ്ടായി എന്നാണ് മന്ത്രിയുടെ വിലയിരുത്തൽ.
അഭിവാദ്യം സ്വീകരിക്കാൻ പൊലീസ് വാഹനം ഉപയോഗിക്കണം എന്നിരിക്കെ ഒരു സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടെ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്. തുറന്ന വാഹനം പൊലീസിൽ ഇല്ലാത്തതിനാലാണ് ഈ വാഹനം ഉപയോഗിക്കേണ്ടിവന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം. വിവാദമായ സാഹചര്യത്തിൽ പൊലീസുകാർക്കെതിരെ നടപടി എടുക്കുമെന്നാണ് സൂചന.
കോഴിക്കോട് വെസ്റ്റ് ഹിലിലെ വിക്രം മൈതാനായിൽ നടന്ന റിപ്പബ്‌ളിക് ദിന പരേഡിൽ മന്ത്രി മുഹമ്മദ് റിയാസിന് അഭിവാദ്യം സ്വീകരിക്കാനായാണ് പൊലീസ് കരാറുകാരന്റെ വാഹനം ഏർപ്പാടാക്കിയത്. മാവൂർ സ്വദേശിയായ വിപിൻ ദാസിന്റെ ഉടമസ്ഥതയിലുള്ള കൈരളി കൺസ്ട്രക്ഷൻ എന്ന് പേര് എഴുതിയ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്. കരാർ കമ്പനിയുടെ പേര് ദേശീയ പതാക ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു.
സാധാരണ നിലയിൽ പൊലീസിന്റെ തുറന്ന ജീപ്പാണ് റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കാനായി ഉപയോഗിക്കാറുള്ളത്. എആർ ക്യാപിലെ അസിസ്റ്റന്റ് കമാൻഡന്റിനാണ് ഇതിന്റെ ചുമതല. കോഴിക്കോട്ട് തുറന്ന ജീപ്പ് ഇല്ലാതിരുന്നതിനാലാണ് സ്വകാര്യ വാഹനം ഉപയോഗിക്കേണ്ടി വന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. അതേസമയം, ദീവസങ്ങൾക്ക് മുന്നേ തന്നെ പൊലീസ് തന്റെ വാഹനം ആവശ്യപ്പെട്ടിരുന്നതായി വിപിൻ ദാസ് പറഞ്ഞു.
പൊലീസ് വാഹനം ലഭ്യമല്ലാത്ത സാഹചര്യത്തിൽ സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ പ്രൊട്ടോക്കോൾ ലംഘനം ഇല്ലെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്ക് കരാറുകാരന്റെ വാഹനം ഉപയോഗിച്ചതിലുള്ള അനൗചിത്യമാണ് ചർച്ചയാകുന്നത്.