- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹമ്മദ് ഷാഫിയുടെ ഭാര്യ നെബീസ ഫോണിൽ വിളിച്ച് ആത്മഹത്യ ഭീഷണി മുഴക്കി; അവരെ ചൊടിപ്പിച്ചത് ഷാഫിയുടെ മകളുടെ മൊബൈൽ നമ്പർ പൊലീസിന് കൈമാറിയത്; 12 വർഷം മുമ്പ് ഷാഫിയും കുടുംബവും തന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ച പരിചയം; അന്ന് ഷാഫിക്ക് സൈക്കിൾ പോലും ഇല്ലായിരുന്നു എന്നും വെങ്ങോല തച്ചരുകുടി റഫീക്ക്
പെരുമ്പാവൂർ: നരബലി കേസിൽ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയുടെ ഭാര്യ നെബീസ തന്നെ വീളിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയെന്ന് വെങ്ങോല തച്ചരുകുടി റഫീക്ക്. ഏകദേശം 12 വർഷം മുമ്പ് ഷാഫിയും കുടുംബവും തന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഷാഫിയുടെ മകളുടെ മൊബൈൽ നമ്പർ പൊലീസിന് താൻ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഞാൻ ആത്മഹത്യ ചെയ്യുമെന്നും മരണത്തിന് ഉത്തരവാദി നിങ്ങളാണെന്ന് വേണ്ടപ്പെട്ടവരെ അറയിക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തി നബീസ വിളിച്ചത്.
പൊലീസിന് മൊബൈൽ നമ്പർ കൈമാറിയതാണ് അവരെ ചൊടിപ്പിച്ചിട്ടുള്ളതെന്നാണ് അവരുടെ സംഭാഷണത്തിൽ നിന്നും മനസ്സിലായത്. നെബീസ മൊബൈലിൽ വിളിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയ കാര്യം ഉടൻ തന്നെ താൻ പൊലീസിൽ അറിയിക്കുകയും ചെയ്തിരുന്നു.
ഒരു വർഷത്തോളമാണ് ഷാഫിയും കുടുംബവും തന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചത്. അന്ന് ഷാഫി വാഹന സർവ്വീസ് സെന്ററിലെ ജീവനക്കാരനായിരുന്നു. കുടുബം നല്ല സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. അന്നും ഷാഫി മദ്യപാനിയാണ്. മദ്യപിച്ച് വീട്ടിലെത്തിയാൽ നെബീസയുമായി വഴക്കിടുന്നതും പതിവായിരുന്നു. ഇവിടെ താമസിക്കുമ്പോൾ സ്വന്തമായി സൈക്കിൾ പോലും ഇല്ലായിരുന്നു.റഫീക്ക് കൂട്ടിച്ചേർത്തു.
ചാനലുകളിൽ ഷാഫിയുടെ മുഖം തെളിഞ്ഞിട്ടും ആദ്യമൊന്നും താനടക്കം നാട്ടുകാരിൽ ആർക്കും തന്നെ ഷാഫിയെ മനസ്സിലായില്ലെന്നും പിന്നീട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നപ്പോഴാണ് ആളെ തിരച്ചറിഞ്ഞതെന്നും റഫീക്ക് പറഞ്ഞു. ഷാഫി താമസിച്ചിരുന്ന പഴയ വീടിന്റെ സ്ഥാനത്ത് റഫീക്ക് പുതിയ വീട് നിർമ്മിച്ചു. വാർത്തകളിലൂടെ പുറത്തുവന്ന ഷാഫിയുടെ ഇന്നത്തെ ജീവിത സാഹചര്യത്തെ കുറിച്ചറിഞ്ഞ് അന്തം വിട്ട അവസ്ഥയിലാണ് വെങ്ങോലയിലെ പഴയ പരിയക്കാർ.
ബസ്സും കാറും ലോറിയും ഹോട്ടലുമൊക്കെയായി വിലസിയിരുന്ന ഷാഫിയുടെ ജീവതത്തിന്റെ പിന്നാമ്പുറം ചികഞ്ഞാൽ ഇപ്പോൾ പുറത്തുവന്നതിന് സമാന കുറ്റകൃത്യങ്ങൾ ഇനിയും ഉണ്ടാവുമെന്നാണ് നാട്ടുകാരുടെ സംശയം.
അതേസമയം, ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി ഇയാൾക്ക് സാമ്പത്തികമായി സഹായം നൽകിയിരുന്ന മുൻ സുഹൃത്തും രംഗത്ത് വന്നു. വണ്ണമുള്ള തമിഴ് സ്ത്രീകളെ വേണമെന്ന് മാസങ്ങൾക്ക് മുമ്പ് ഷാഫി തന്നോട് ആവശ്യപ്പെട്ടതായി ബിസിനസുകാരൻ സുഹൃത്ത് പറഞ്ഞു.
'ഭക്ഷണം കഴിക്കുന്നതിന് വേണ്ടി സ്ഥിരമായി പോകുമായിരുന്ന ഒരു ഹോട്ടലിൽ വച്ചാണ് ഷാഫിയുമായി പരിചയപ്പെട്ടത്. ഇയാൾക്ക് മുൻപ് പണം നൽകി സഹായിച്ചിട്ടുണ്ട്. ഒരിക്കൽ നേരത്തെ പറഞ്ഞ് വെച്ച ഒരു ലോൺ ലഭിക്കാതായതോടെ ഞാനിടപെട്ട് പണമെടുത്ത് നൽകിയിരുന്നു. മൂന്ന് ലക്ഷം രൂപയാണ് ഇത്തരത്തിൽ നൽകിയത്.
മദ്യപിച്ചിരിക്കുന്ന സമയത്ത് ഒരിക്കൽ നിനക്ക് എത്ര കോടി വേണമെന്ന് എന്നോട് ചോദിച്ചു. വണ്ണമുള്ള സ്ത്രീകളുണ്ടെങ്കിൽ കാശ് ലഭിക്കുമെന്നും എന്നോട് പറഞ്ഞു. ഒരു സേട്ടിന് വേണ്ടിയാണെന്നും വണ്ണമുള്ള ഒരു സ്ത്രീക്ക് ഒരു കോടി വെച്ച് കിട്ടുമെന്നുമാണ് അന്ന് ഷാഫി പറഞ്ഞിരുന്നത്. ഒന്നോ രണ്ടോ തമിഴ് സ്ത്രീകളെ ശരിയാക്കിയിട്ടുണ്ടെന്നും പറഞ്ഞു. ഈ സ്ത്രീകൾ പിന്നീട് തിരിച്ച് വരില്ലെന്നും ഷാഫി തന്നെ തന്നോട് വെളിപ്പെടുത്തിയിരുന്നു. സേട്ടിനെ ഷാഫിയുടെ ഭാര്യക്കും പരിചയമുണ്ടെന്ന് ഉറപ്പാണെന്നും സുഹൃത്ത് പറഞ്ഞു.
മറുനാടന് മലയാളി ലേഖകന്.