- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ സംഘ്പരിവാറുകാരെ ഉൾക്കൊള്ളുന്നതു പോലെ അവർ നിങ്ങളെ ഉൾക്കൊള്ളുമെന്ന് കരുതുന്നുണ്ടോയെന്ന് ബിട്ടാസിന്റെ ചോദ്യം; സദസ്സിൽ ഉയർന്നത് കരഘോഷം; മുജാഹിദ് സമ്മേളനത്തിൽ ബിജെപി നേതാക്കളെ ക്ഷണിച്ച വിവാദം ആളിക്കത്തുന്നു; ശ്രീധരൻപിള്ളയേയും മുരളീധരനേയും മുജാഹിദുകാർ അതിഥികളാക്കുമ്പോൾ; ജനംടിവി അഭിമുഖവും ചർച്ചകളിൽ
കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ ബിജെപി നേതാക്കളെ ക്ഷണിച്ചതിൽ വിവാദം ആളിക്കത്തുന്നു. ഉദ്ഘാടനദിവസം ഗോവ ഗവർണറും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റുമായ പി.എസ് ശ്രീധരൻപിള്ളയെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചതാണ് വിവാദത്തിന് കാരണമാകുന്നത്. സമ്മേളനത്തിന് മുമ്പ് കെ.എൻ.എം സെക്രട്ടറി എ.ഐ അബ്ദുൽമജീദ് സ്വലാഹി ജനം ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംഘ്പരിവാർ ഭീഷണിയെ ലളിതവൽക്കരിച്ച് സംസാരിച്ചതും വിവാദമായിട്ടുണ്ട്. ഇത് സംഘടനയുടെ അഭിപ്രായം തന്നെയാണെന്നാണ് പിന്നീട് കെ.എൻ.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി വ്യക്തമാക്കിയത്. ഇതിനൊപ്പമാണ് ബിജെപി നേതാക്കളായ ശ്രീധരൻപിള്ളയെയും കേന്ദ്രമന്ത്രി വി. മുരളീധരനെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചതും ചർച്ചയാകുന്നത്.
ദീർഘകാലം കെ.എൻ.എം ജനറൽ സെക്രട്ടറിയായിരുന്ന എ.പി അബ്ദുൽഖാദർ മൗലവിയുടെ മക്കൾ ഉൾപ്പെടെ ഇതിനെതിരേ രംഗത്തുവന്നിട്ടുണ്ട്. മുഖ്യാതിഥിയായി പങ്കെടുത്ത് ശ്രീധരൻ പിള്ള നടത്തിയ പ്രസംഗത്തെ വിമർശിച്ച് ഇടത്, കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നതിന് പിന്നാലെ സമ്മേളന പ്രതിനിധികളും അമർഷം പ്രകടമാക്കിയതോടെ മുജാഹിദ് നേതാക്കൾ വെട്ടിലായിരിക്കുകയാണ്. ലഹരിവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് വി. മുരളീധരനെ ക്ഷണിച്ചിരുന്നത്. എന്നാൽ തിരുവനന്തപുരത്ത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഉള്ളതിനാൽ അദ്ദേഹത്തിന് എത്താനായില്ല. ഇന്നോ നാളെയോ അദ്ദേഹം സമ്മേളനത്തിന് വരുമെന്നാണ് സംഘാടകർ പറയുന്നത്.
വർഗീയ, ഫാസിസ്റ്റ് നയങ്ങൾ സംഘ്പരിവാറും കേന്ദ്രഭരണകൂടവും കൂടുതൽ ശക്തമായി നടപ്പാക്കുന്ന കാലത്ത് മുജാഹിദ് സമ്മേളനത്തിൽ ഇത്തരം നേതാക്കളെ ക്ഷണിച്ച് പ്രസംഗിക്കാൻ അവസരം നൽകിയതിൽ സമ്മേളന പ്രതിനിധികളിലും അമർഷം പ്രകടമാണ്. ഇന്നലെ നവോഥാന സമ്മേളനത്തിൽ അതിഥിയായി പങ്കെടുത്ത് സംസാരിച്ച സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് വിവാദം ആളിക്കത്തിച്ചു. നിങ്ങൾ സംഘ്പരിവാറുകാരെ ഉൾക്കൊള്ളുന്നതുപോലെ അവർ നിങ്ങളെ ഉൾക്കൊള്ളുമെന്ന് കരുതുന്നുണ്ടോയെന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. ന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളാൻ തയാറുണ്ടോ എന്ന് അവരുടെ മുഖത്ത് നോക്കി ചോദിക്കാനുള്ള ആർജവം മുജാഹിദ് നേതാക്കൾ കാണിക്കണമെന്നും ബ്രിട്ടാസ് പറഞ്ഞപ്പോൾ സദസ്സിൽ നിന്നും വൻ കൈയടിയാണ് ഉയർന്നത്. ആർ.എസ്.എസുമായുള്ള സംവാദം കൊണ്ട് അവരുടെ തനതായ സംസ്കാരം മാറ്റിയെടുക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീധരൻപിള്ളയെയും കേന്ദ്രമന്ത്രി വി. മുരളീധരനെയും ക്ഷണിച്ചതിൽ മുജാഹിദ് പ്രവർത്തകരിലുള്ള അമർഷവും പ്രതിഷേധവും പ്രകടമാക്കുന്നതായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗത്തോടുള്ള സദസ്സിന്റെ പ്രതികരണം. നവോഥാന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി പി. രാജീവും സമ്മേളനത്തിലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തെ വിമർശിച്ചു. മുസ് ലിംകൾക്കെതിരേ ബോധപൂർവം ഒന്നും ചെയ്യുന്നില്ലെന്ന ശ്രീധരൻപിള്ളയുടെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഉദ്ഘാടന ദിവസം ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിനെതിരേ സിപിഐ നേതാവ് ബിനോയ് വിശ്വം എംപിയും കോൺഗ്രസ് നേതാവ് നിജേഷ് അരവിന്ദും ശക്തമായി രംഗത്തുവന്നിരുന്നു.
ശ്രീധരൻപിള്ള പ്രസംഗവേദിയിൽ പറയുന്നതല്ല സംഘ്പരിവാറിന്റെ രാഷ്ട്രീയത്തിന്റെ കാതലെന്നും ഗോൾവാൾക്കറുടെ സിദ്ധാന്തമാണ് ആർ.എസ്.എസും ബിജെപിയും നടപ്പാക്കുന്നതെന്നുമായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. തുടർന്ന് സംസാരിച്ച നിജേഷ് അരവിന്ദ് സംഘാടകരെ പരോക്ഷമായി വിമർശിച്ചാണ് സംസാരിച്ചത്. ചിലരൊക്കെ കയറിവന്ന് നല്ല ഗിരിപ്രഭാഷണം നടത്തുമ്പോൾ അതിനകത്ത് ഒളിഞ്ഞിരിക്കുന്ന ഫാസിസ്റ്റ് വിപത്തിനെയും വേരിനെയും തിരിച്ചറിയണമെന്നും എല്ലാ വഴിയിലൂടെയും അവർ വരാൻ സാധ്യതയുണ്ടെന്നും, അറിഞ്ഞോ അറിയാതെയോ അവസരം കൊടുക്കരുതെന്നുമായിരുന്നു നിജേഷിന്റെ പ്രസംഗം.
ഇന്ത്യാ രാജ്യം നിലവിൽ സുരക്ഷിതത്വവും സമാധാനവുള്ള ഇടമാണെന്നും മറിച്ചുള്ള പ്രചരണങ്ങൾ യുവാക്കളെ നിരാശരാക്കുമെന്നും കെ.എൻ.എം സംസ്ഥാന സെക്രട്ടറി അബ്ദുൽ മജീദ് സ്വലാഹി ജനം ടിവിയോട് പറഞ്ഞിരുന്നു. ഈ രാജ്യം സുരക്ഷിതത്വവും സമാധാനവുള്ള ഇടമാണ്. ചെറുപ്പക്കാരെ വെറുതെ പേടിപ്പിച്ച് ഇവിടെ ജീവിക്കാൻ പറ്റാത്ത മണ്ണാണെന്ന് പറയുന്നത് ശരിയല്ല. താത്ക്കാലികമായി എന്തെങ്കിലും കണ്ട് ആരും നിരാശരാകേണ്ടതില്ല. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകാൻ പോകുന്നില്ല, ഇന്ത്യ ഒരു ഇസ്ലാമിക രാഷ്ട്രമാകാനും പോകുന്നില്ല. ഭരണകൂടങ്ങൾ മാറിവരും. ഇന്ത്യയുടെ മതനിരപേക്ഷത നിലനിൽക്കും,’ കേന്ദ്ര സർക്കാരിനെക്കുറിച്ചുള്ള മുജാഹിദ് പ്രസ്ഥാനത്തിന്റെ അഭിപ്രായം എന്താണെന്നുള്ള ചോദ്യത്തിന് അബ്ദുൽ മജീദ് സ്വലാഹി പറഞ്ഞു.
രാജ്യത്ത് പാർലമെന്റ്, ജുഡീഷ്യൽ സംവിധാനങ്ങൾ മുഴുവൻ തകർന്നു, എല്ലായിടത്തും വർഗീയതയാണെന്നുള്ള അഭിപ്രായം മുജാഹിദ് പ്രസ്ഥാനത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചരണങ്ങൾ യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നും അബ്ദുൽ മജീദ് സ്വലാഹി കൂട്ടിച്ചേർത്തു. മതതീവ്രവാദത്തിന്റെ ഹബ്ബാണ് കേരളം എന്നാണ് പൊതുവെ പറയാറുള്ളത്, ഇതിനെതിരെ എന്തുകൊണ്ടാണ് കെ.എൻ.എം പ്രതികരിക്കാത്തത് എന്ന അവതാകരന്റെ ചോദ്യത്തിന്, പുതുതലമുറയെ ബോധവൽക്കരിക്കുകയാണ് തീവ്രവാദത്തിനെതിരായ ഉചിതമായ പ്രവർത്തനം. തീവ്രവാദ പ്രസ്ഥാനങ്ങൾക്കെതിരെ എന്നും കെ.എൻ.എം നിലപാടെടുത്തിട്ടുണ്ട് എന്നായിരുന്നു മജീദ് സ്വലാഹിയുടെ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ