മലപ്പുറം: സമസ്ത മൂക്കുകയറിട്ടതോടെ കോഴിക്കോട് നടക്കുന്ന മുജാഹിദ് സമ്മേളനത്തിൽപങ്കെടുക്കാമെന്ന് അറിയിച്ചിരുന്ന പാണക്കാട് തങ്ങൾമാർ പിന്മാറിയത് ചർച്ചകളിൽ. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, മുൻവഖഫ് ബോർഡ് ചെയർമാനായിരുന്ന പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ എന്നിവരാണ് നേരത്തെ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കാമെന്നേറ്റിരുന്നത്. ഇതുസംബന്ധിച്ചു നോട്ടീസും മുജാഹിദ് വിഭാഗം ഇറക്കിയതോടെ ഇതിൽ കലി പൂണ്ട് നിരവധി സമസ്ത നേതാക്കളും പ്രവർത്തകരും രംഗത്തുവന്നതോടെയാണ് പാണക്കാട് തങ്ങൾമാർ നിലപാടിൽ മാറ്റം വരുത്തിയത്.

ഇരുവരും 2017 ൽ മലപ്പുറം കൂരിയാട്ട് മുജാഹിദ് ഒൻപതാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മഹല്ല് സെമിനാറിൽ പങ്കെടുത്തതു വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. തുടർന്നു കാരണം കാണിക്കൽ നോട്ടീസ്വരെ നൽകി. മറ്റു പാണക്കാട് തങ്ങൾമാർ ഇടപെട്ടു പ്രശ്നം ഒത്തുതീർപ്പാക്കുകയുമായിരുന്നു. എന്നാൽ വീണ്ടും സമാനമായി ഇരുവരും മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കുന്നത് സമസ്ത സുന്നി വിഭാഗത്തെ അവഹേളിക്കലാണെന്നാരോപിച്ചു മുതിർന്ന സമസ്ത നേതാക്കളും രംഗത്തുവന്നിരുന്നു. തുടർന്നാണ് മുജാഹിദ് സമ്മേളനത്തിൽ സുന്നി നേതാക്കന്മാർ ആരുംപങ്കെടുക്കില്ലെന്ന് സമസ്ത നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ പാണക്കാട് കുടുംബത്തിൽ നിന്ന് സാദിഖലി തങ്ങളെ മുജാഹിദ് നേതൃത്വം ക്ഷണിച്ചിരുന്നെങ്കിലും വരാൻ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. പിന്നീടാണ് മുനവറലി ശിഹാബ് തങ്ങളും റഷീദലി തങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചുകൊണ്ട് നോട്ടീസിൽ പേരുവെച്ച് പുറത്തിറക്കിയിരുന്നത്. 'കുടുംബം ധാർമ്മികത' എന്ന സെഷനിലായിരുന്നു റഷീദലി തങ്ങൾ പങ്കെടുക്കേണ്ടിയിരുന്നത്. ലിബറലിസവുമായി ബന്ധപ്പെട്ട സെമിനാറിൽ മുനവറലി തങ്ങൾ പങ്കെടുക്കുമെന്നായിരുന്നു നോട്ടീസിൽ അറിയിച്ചിരുന്നത്.

എന്നാൽ മുനവറലി തങ്ങൾ വിദേശത്താണെന്നും റഷീദലി തങ്ങൾ മറ്റു ചില അസൗകര്യങ്ങളുമാണ് അറിയിച്ചാണിപ്പോൾ സമ്മേളനത്തിൽനിന്നും പിന്മാറിയിരിക്കുന്നത്. ആശയപരമായിത്തന്നെ സമസ്തയും മുജാഹിദും അഭിപ്രായ വ്യത്യാസമുള്ള സംഘടനകളാണ്. കൂടാതെ സമസ്ത വിരുദ്ധ ക്യാമ്പയിനുകൾ നടത്താൻ മുജാഹിദ് തയ്യാറെടുക്കുന്നു എന്ന ചില സൂചനകളും സമസ്ത നേതാക്കൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. മുജാഹിദ് സംസ്ഥാന സെക്രട്ടറി കൂടിയായ മജീദ് സ്വലാഹിയുടെ അഭിമുഖം നേരത്തെ വിവാദമായിരുന്നു.

ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ ആശങ്കകൾ നേരിടുന്നില്ല, സുരക്ഷിതരാണെന്നും പുറത്ത് ഭയാശങ്കകൾ പരത്തുന്നത് രാഷ്ട്രീയ നേതാക്കളാണെന്നുമായിരുന്നു പ്രസ്താവന. സമ്മേളന പരിപാടിയിൽ ഗോവ ഗവർണർ ശ്രീധരൻ പിള്ളയേയും കേന്ദ്ര മന്ത്രി വി. മുരളീധരനേയും പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇത് വലിയതോതിൽ ചർച്ചയായി. ഇതുകൂടി കണക്കിലെടുത്താണ് പാണക്കാട് കുടുംബത്തിൽ നിന്ന് മുജാഹിദ് സമ്മേളനത്തിൽ ആരും പങ്കെടുക്കേണ്ടതില്ലെന്നതീരുമാനത്തിൽ എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

നേരത്തെ കൂരിയാട് സമ്മേളനത്തിൽ പങ്കെടുത്ത ഇരുവർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമസ്ത യുവജന വിഭാഗവും വിദ്യാർത്ഥി സംഘടനയും രംഗത്തുവന്നിരുന്നു. മലപ്പുറം ജില്ലാ സുന്നി മഹല്ല് ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന റഷീദലി തങ്ങളെ നീക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയർത്തിയിരുന്നു. മുജാഹിദ്, ജമാഅത്ത് തുടങ്ങിയ മതനവീകരണ വാദികളുടെ പരിപാടികളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നും നിലവിലെ സാഹചര്യത്തിൽ സലഫിസത്തെ വെള്ള പൂശാനുള്ള ശ്രമത്തിന്റെ ഭാഗമായി ചില സുന്നികളെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാനുള്ള മുജാഹിദ് നീക്കത്തിൽ വഞ്ചിതരാകരുതെന്നും ചേളാരി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവന നടത്തിയിരുന്നു.

എന്നാൽ മുസ്ലിം സംഘടനകളിൽ നിന്ന് ഭിന്നിപ്പിന്റെ സ്വരങ്ങളല്ല ഉണ്ടാകേണ്ടതെന്നും ഐക്യത്തിന്റെ പാതയാണ് വെട്ടിത്തുറക്കേണ്ടതെന്നുമാണ് ഇതിനോട് റഷീദലി തങ്ങൾ മുജാഹിദ് സമ്മേളനത്തിൽ പ്രതികരിച്ചത്. സമസ്തയുടെ ആദർശത്തിൽ അടിയുറച്ച് നിന്നാണ് താൻ ഇവിടെ സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ യുവജന സംഘടനയുടെ ഉത്തരവാദിത്വം വഹിക്കുന്നതിനാൽ ധാർമികപരമായ ഉത്തരവാദിത്വമുള്ളതുകൊണ്ടാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്നായിരുന്നു മുനവ്വറലിയുടെ നിലപാട്.

ആതിഥേയത്വം സ്വീകരിക്കണമെന്ന പ്രവാചക വചനവും അദ്ദേഹം ഉദ്ധരിച്ചു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാത്ത ഏത് പ്രസ്ഥാനവുമായി സഹകരിക്കാൻ തയ്യാറാണെന്ന് പറഞ്ഞാണ് അന്ന് മുനവ്വറലി തങ്ങൾ പ്രസംഗം അവസാനിപ്പിച്ചത്.