- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈച്ചയുടെ ഒരു ചിറകിൽ രോഗവും മറ്റേതിൽ ഔഷധവുമാണോ? ലബോറട്ടറിയിൽ പരിശോധനക്ക് വിധേയമാക്കേണ്ട കാര്യമാണെന്ന് കുട്ടശ്ശേരി മൗലവി; ഈച്ചയിൽ നിന്ന് എത്രയോ ആന്റിബയോട്ടിക്കുകൾ ഉണ്ടാക്കുന്നുവെന്നും സഹീഹായ ഹദീസിന് കീഴടങ്ങുക മുസ്ലീമിന്റെ കടമയെന്നും സകരിയ്യ മൗലവി; മുജാഹിദ് സമ്മേളനത്തിൽ ഈച്ചയെചൊല്ലിയും വിവാദം!
കോഴിക്കോട്: കോഴിക്കോട് നടന്ന മുജാഹിദ് സമ്മേളനം ഉണ്ടാക്കിയ വിവാദങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. ഗോവൻ ഗവർണറും ബിജെപി നേതാവുമായി അഡ്വ ശ്രീധരൻപിള്ളയെ പരിപാടിക്ക് ക്ഷണിച്ചതുതൊട്ട്, ജോൺ ബ്രിട്ടാസിന്റെ ബിജെപി വിമർശനവും, സിപിഐ നേതാവ് ബിനോയ് വിശ്വം ഉയർത്തിയ ഭീതിയും, അതിന് വ്യവസായി എ പി അഹമ്മദ് പറഞ്ഞ മുറുപടിയുമൊക്കെ ഇപ്പോഴും സോഷ്യൽ മീഡിയിൽ വലിയ ചർച്ചയാണ്. ഇതിന്റെയൊക്കെ ഫലമായി എല്ലാവിഭാഗങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പുരോഗമന സംഘടനയാണെന്ന പ്രതീതിയുണ്ടാക്കിയെടുക്കാൻ മുജാഹിദുകൾക്ക് കഴിഞ്ഞിരുന്നു. പക്ഷേ അവിടെ നടക്കുന്ന മറ്റുകാര്യങ്ങൾ അറിയാതെയാണ് ഈ പ്രതികരണം എന്നും, കടുത്ത മതമൗലികവാദം ഉള്ളിൽ ഒളിപ്പിച്ച് വെക്കുകയാണ് മുജാഹിദുകൾ ചെയ്യാറുള്ളത് എന്നുമാണ് സുന്നികൾ അടക്കമുള്ളവർ വിമർശിക്കുന്നത്.
ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നത്, കോഴിക്കോട് സ്വപ്ന നഗരിയിൽ സമാപിച്ച മുജാഹിദ് സംസ്ഥാന സമ്മേളന വേദിയിൽ രണ്ട് മുജാഹിദ് പണ്ഡിതർ തമ്മിലുള്ള ഭിന്നതയാണ്. കുടിക്കുന്ന പാനീയത്തിൽ ഈച്ച വീണാൽ അതിനെ മുക്കിയെടുക്കണം എന്നുള്ള ഹദീസ്, കുട്ടശ്ശേരി മൗലവി എന്ന പണ്ഡിതൻ ചോദ്യം ചെയ്യുകയാണ്. ഈച്ചയുടെ ഒരു ചിറകിൽ രോഗവും, മറു ചിറകിൽ ഔഷധവുമാണെന്ന് ഹദീസിൽ പറഞ്ഞതിന്റെ ആധികാരികതയും കുട്ടശ്ശേരി മൗലവി ചോദ്യം ചെയ്യുന്നു. എന്നാൽ എൻ വി സകരിയ്യ മൗലവി, ഈച്ചയിൽനിന്ന് എത്രയോ ആന്റിബയോട്ടിക്കുകൾ ഉണ്ടാക്കുന്നുവെന്നും സഹീഹായ ഹദീസിന് കീഴടങ്ങുക മുസ്ലീമിന്റെ കടമയെന്നും പറഞ്ഞ് ഇതിനെ ഖണ്ഡിക്കയാണ്. പൊതുസമൂഹത്തിന് ബാലിശമായി തോന്നുമെങ്കിലും ജിന്ന് ഉണ്ടോ, മരം നടാമോ എന്ന വിഷയത്തിലൊക്കെ മുജാഹിദ് പ്രസ്ഥാനത്തിൽ കടുത്ത ഭിന്നത ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ അത് ഒരു ഈച്ചയിലേക്ക് കടന്നിരിക്കയാണ്! മുജാഹിദ് പ്രസ്ഥാനത്തെ എതിർക്കുന്നവർ ആവട്ടെ ഈച്ചയുടെ പേരിൽ മുജാഹിദുകൾ വീണ്ടും പിളർന്നു എന്നൊക്കെയുള്ള ട്രോളുകളും അടിച്ചുവിടുകയാണ്.
'ഈച്ച ഹദീസ് പരിശോധിക്കണം'
ജോൺ ബ്രിട്ടാസ് തൊട്ട് ശ്രീധരൻ പിള്ളവരെ സംസാരിച്ച അതേ വേദിയിൽ കുട്ടശ്ശേരി മൗലവി ഇങ്ങനെ പറയുന്നു. '' കുടിക്കുന്ന പാനീയത്തിൽ ഈച്ച വീണാൽ, അതിനെ മുക്കിയെടുക്കണം എന്നുള്ള ഹദീസ്, ഈ ഹീദീസ് സംബന്ധിച്ച് ആധുനിക പണ്ഡിതന്മ്മാർ സുദീർഘമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. അൽ അസറിലെ പണ്ഡിതനായ ശൈഖ് അബ്ദുൽ മൂൻലീം അൽനമിർ തന്റെ എന്ന ഗ്രന്ഥത്തിൽ ഈ വിഷയം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞതുപോലെ, ഹദീസിൽ ഈച്ചയുടെ ഒരു ചിറകിൽ രോഗവും മറ്റേ ചിറകിൽ ഔഷധവുമാണ് എന്നുള്ള കാര്യം, ഇന്ന് ലബോറട്ടറിയിൽ പരിശോധനക്ക് വിധേയമാക്കിയെടുക്കേണ്ട കാര്യമാണ്. കാരണം ഇത്തരത്തിലുള്ള വിഷയങ്ങൾ, വഹിയുടെ അടിസ്ഥാനത്തിലാണ് പ്രവാചകൻ പറഞ്ഞിട്ടുള്ളതെങ്കിൽ, അത് ചർച്ചക്കുതന്നെ വിധേയമാക്കേണ്ട വിഷയം അല്ല.
എന്നാൽ പല വൈദ്യശാസ്ത്ര സംബന്ധമായ പല നിയമങ്ങളും, അന്ന് അറബ് സമുഹത്തിൽ ഉണ്ടായിരുന്ന കാര്യങ്ങളും, ഹദീസുകളിൽ വന്നിട്ടുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. റസൂൽ നിങ്ങളുടെ കാര്യങ്ങൾ നിങ്ങൾക്കുതന്നെയാണ് ഏറ്റവും അറിയുക, എന്ന് ഒരു കൃഷി സംബന്ധമായ വിഷയം അവതരിപ്പിച്ചപ്പോൾ ജനങ്ങളോട് പറയുകയുണ്ടായിട്ടുണ്ട്. നിങ്ങളുടെ ദുനിയാവിന്റെ കാര്യം ഏറ്റവും അധികം അറിയുക, നിങ്ങൾക്കു തന്നെയാണ്. കുടിക്കുന്ന വെള്ളത്തിൽ ഒരു കരട് നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ, റസൂൽ ആ വെള്ളം ഒഴിക്കിക്കളയുവാൻ കൽപ്പിക്കയാണ് ചെയ്തത്. എല്ലാ ദിവസവും രാവിലെ, കാരക്ക തിന്നാൽ ആ ദിവസം, വിഷബാധയുണ്ടാവുകയില്ല എന്ന ഹദീസും, ഇതുപോലെ പഠനത്തിനും നിരീക്ഷണത്തിനും വിധേയമാക്കി തീർക്കേണ്ടതാണ്. എതായാലും ഇത്തരത്തിലുള്ള ചില ഹദീസുകളെ പൊക്കിപ്പിടിച്ച്, ഹദീസുകളുടെ വിശ്വാസ്വത തന്നെ തകർക്കുവാനുള്ള, ശ്രമം പരാജയപ്പെടുത്തുക തന്നെ വേണം. ''- കുട്ടശ്ശേരി മൗലവി ചൂണ്ടിക്കാട്ടി.
അതായത് കാലത്തിന് അനുസരിച്ച് മാറാനുള്ള പ്രവണതയുള്ളതായിരുന്നു കുട്ടശ്ശേരി മൗലവിയുടെ പ്രസംഗം. ലാബോട്ടറി പരിശോധന എന്ന ശാസ്ത്രീയമായ വഴിയും അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ ഈ വാദത്തെ അമ്പേ തള്ളിക്കൊണ്ടാണ് തുടർന്ന് എം വി സകരിയയ്യ മൗലവി സംസാരിച്ചത്.
'ഈച്ച ഹദീസ് ശരിയാണ്'
എൻ വി സകരിയ്യ മൗലവി രൂക്ഷമായ ഭാഷയിലാണ് ഇതിന് മറുപടി പറഞ്ഞത്. '' സംസമിനെ സംബന്ധിച്ച് പറയുന്ന ഹദീസ്, അജ്വ കാരക്കയെ സംബന്ധിച്ച ഹദീസ്, അത് അള്ളാഹുവിന്റെ റസൂൽ പറഞ്ഞതാന്നെ ബോധ്യമായിക്കഴിഞ്ഞാൽ, പിന്നെ അവിടെ ബുദ്ധിക്ക് ഒരു സ്ഥാനവുമില്ല. അത് നമ്മുടെ ബുദ്ധിയുടെ പരിമിതിയായി നമ്മൾ മനസ്സിലാക്കണം. ഇവിടെ ഒരു ഹദീസിനെപ്പറ്റി പരാമർശിക്കപ്പെട്ടു. റസൂൽ, ഈച്ചവെള്ളത്തിൽ വീണാൽ, അതിനെ മുക്കി പുറത്തേക്ക് ഇടണം എന്ന് പറഞ്ഞിട്ടുണ്ട്. ഇത് സമാന്യബുദ്ധിക്കും ശാസ്ത്രത്തിനും വിരുദ്ധമാണ് എന്ന് പണ്ട് ആരോ എഴുതിവെച്ചത്, ഇപ്പോഴും നമ്മുടെ ആളുകൾ അങ്ങനെ വായിച്ചുകൊണ്ട് ഇരിക്കയാണ്.
എന്നാൽ ഈ വിഷയത്തിൽ ധാരാളം പഠനങ്ങൾ ഉണ്ട്. നിങ്ങൾ ആരെങ്കിലും ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിൽ, ഇന്ന് ആധുനിക കാലഘട്ടങ്ങളിൽ, ഏറ്റവും ശക്തമായ ആന്റിബയോട്ടിക്കുകൾ നിർമ്മിക്കുന്നത് ഈച്ചയിൽനിന്നാണ് എന്ന് മനസ്സിലാവും. റസൂൽ പറഞ്ഞല്ലോ, ഈച്ചയുടെ ഒരു ചിറകിൽ വിഷവും മറു ചിറകിൽ മരുന്നുമുണ്ട് എന്ന്. ചിറകല്ല, നമ്മൊളൊക്കെ ഇനി ക്യാപ്സ്യൂളായി, ഈച്ചയുടെ എസ്ട്രാക്റ്റുകൾ എടുത്തുകൊണ്ട് അത് ആന്റിബയോട്ടിക്ക് ആയി ഉപയോഗിക്കാൻ പോവുകയാണ്. ആ രീതിയിൽ പഠനങ്ങളും ഗവേഷങ്ങളും ധാരാളം ഉണ്ട്. ഈച്ചയിൽ എത്രയാണ്, എന്തെല്ലാമാണ് ആന്റിബയോട്ടിക്കുകൾ, ഏതെല്ലാം കമ്പനികൾ പുറത്തുവിടുന്നു എന്നൊക്കെ നിങ്ങൾ, ഒന്ന് വായിച്ചുനോക്കു. പല മെഡിക്കൽ ശാഖകളിലും നമ്മൾ പറയുന്ന ക്ഷുദ്ര ജീവികളുടെ എസ്ട്രാക്റ്റിൽനിന്നാണ്, പല മരുന്നുകളും നിർമ്മിക്കുന്നത്.
ഹോമിയോപ്പതിയിലെ ബഹുഭൂരിപക്ഷം മരുന്നുകളും ഇത്തരം എസ്ട്രാക്റ്റുകളിൽ നിന്നും, ചെടികളിൽനിന്നും കീടങ്ങളിൽനിന്നും നിർമ്മിക്കുന്നവയാണ്. ആ കൂട്ടത്തിൽ ഈച്ചയിൽനിന്ന് മാത്രം എന്തെല്ലാം ആന്റിബയോട്ടിക്കുകൾ ഉണ്ടാവാമെന്ന്, ജർമ്മനി കേന്ദ്രമാക്കി നടത്തിയ പഠനത്തിലൂടെ അവർ ഒരു വലിയ വാതായനം തുറക്കയാണ്. അപ്പോൾ യഥാർഥത്തിൽ റസൂൽ പറഞ്ഞ സംഗതി പ്രമാണ വിരുദ്ധമല്ല. അവിടെ നമ്മുടെ ബാധ്യതയെന്താണ്. ഇത് ശാസ്ത്രം തെളിയിച്ചതിനുശേഷം ഞാൻ അംഗീകരിക്കാം എന്ന നിലപാടല്ല വേണ്ടത്. അതാണ് വ്യത്യാസം. അള്ളാഹുവിന്റെ റസൂൽ പറഞ്ഞുവെന്ന് സഹീഹായ ഹദീസിൽ ഒരു സംഗതി പറഞ്ഞാൽ, അത് തനിക്ക് മനസ്സിലായാലും മനസ്സിലായിട്ടില്ലെങ്കിലും, എത് ശാസ്ത്രത്തിന് വിരുദ്ധമായാലും, ഏത് ബുദ്ധിക്ക് വിരുദ്ധമാണെങ്കിലും, അത് സഹീഹാണെന്ന് തെളിയിക്കപ്പെട്ട ഹദീസാണോ, എങ്കിൽ ഞാൻ ഇതാ അതിന് കീഴടങ്ങുന്നു, എന്നാണ് പറയേണ്ടത്. ''- എൻ വി സകരിയ്യ മൗലവി ചൂണ്ടിക്കാട്ടി.
കണ്ണടച്ച് വിശ്വസിക്കുക എന്ന ഈ നിലപാട് തന്നെയാണ് എം എം അക്‌ബറിനെപ്പോലെയുള്ള ഇസ്ലാമിക പ്രഭാഷകർ കാലാകാലങ്ങളായി ഉയർത്തുന്നതും. അതുതന്നെയാണ് സകരിയയ്യ മൗലവി ആവർത്തിക്കുന്നത്.
ഈച്ചയിൽ ഔഷധമോ?
ഒരേ സമ്മേളന വേദിയിൽ രണ്ട് മൗലവിമാർ നടത്തിയ പരസ്പരവിരുദ്ധമായ പ്രസംഗം സുന്നി ഗ്രൂപ്പുകളാണ് വ്യാപകമായി പ്രചരിപ്പിച്ചത്. ഇതിന്റെ ശാസ്ത്ര സത്യം തേടിയുള്ള അന്വേഷണങ്ങളും വന്നതോടെ സ്വതന്ത്രചിന്തകരും വിഷയത്തിൽ ഇടപെട്ടു. ഈച്ചയുടെ ഒരു ചിറകിൽ ഔഷധവും മറുചിറകിൽ വിഷവുമാണെന്നത് പൂർണ്ണമായും തെറ്റാണെന്ന് അവർ ശാസ്ത്രീയ പഠനങ്ങൾ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടുന്നു.
കുടിക്കുന്ന പായീയത്തിൽ ഈച്ച വീണാൽ അത് ഉപേക്ഷിക്കുകയാണ് ആധുനിക കാലത്ത് ഉത്തമം എന്നാണ് ഡോക്ടർമാർ പറയുന്നത്. കാരണം, ഈച്ച പരത്തുന്ന രോഗങ്ങൾക്ക് കൈയും കണക്കുമില്ല എന്നതുതന്നെ. അതുപോലെ ഈച്ചയിൽനിന്ന് ആന്റിബയോട്ടിക്കുകൾ ഉണ്ടാക്കുന്ന എന്ന സകരിയ്യ മൗലവിയുടെ പ്രസംഗവും, ഡോ അലക്സാണ്ടർ ജേക്കബിന്റെ മോഡലിൽ ശുദ്ധ തള്ള് മാത്രമാണെന്ന് സ്വതന്ത്രചിന്തകർ ചൂണ്ടിക്കാട്ടുന്നു. ബാക്റ്റീരിയകളിൽനിന്നും ഫംഗസുകളിൽനിന്നുമൊക്കെ ആന്റിബയോട്ടിക്കുകൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ഈച്ചയുടെ എക്സ്ട്രാക്റ്റ് ഇതിനായി ഉപയോഗിക്കുന്നില്ല. ഇതുസംബന്ധിച്ച് പഠനങ്ങളുമില്ല.
മുസ്തഫ കടവ് എന്ന സോഷ്യൽമീഡിയ ആക്റ്റീവിസ്റ്റിന്റെ പോസ്റ്റ് ഇങ്ങനെ.''കോടികൾ പൊടി പൊടിച്ച് മുസ്ലിമിനെ ഒറ്റുകൊടുത്തവർ ഇസ്ലാമിന്റെ പേരിൽ നടത്തിയ സമ്മേളനത്തിന്റെ ഗതിയാണ് ഈ കാണുന്നത്. ഒരേ സ്റ്റേജിൽ ഒരേ ആശയത്തിൽ വിശ്വസിക്കുന്നു എന്ന് പറയുന്ന രണ്ട് മുജാഹിദ് മതക്കാരായ രണ്ട് മൗലവിമാർ രണ്ട് ഹദീസുകളുടെ പേരിൽ തല്ല് കൂടുകയാണ്. ഈച്ച വെള്ളത്തിൽ വീണാൽ എന്ത് ചെയ്യണം എന്ന ഹദീസും, അജ്വ കാരക്കയെ പറ്റി പറയുന്ന ഒരു ഹദീസും ഒരു മൗലവി നിഷേധിക്കുമ്പോൾ മറ്റേ മൗലവി. അത് സഹീഹാണെന്ന് പറയുന്നു. ഇവരാണോ പണ്ഡിതന്മാർ. ഒരു ഹദീസ് പോലും പഠിക്കാത്ത ഈ കൂട്ടർ എന്ത് ഇസ്ലാമിന്റെ കാര്യമാണ് മൗലവിമാരെ പറയുന്നത്''. ഈ രീതിയിൽ കടുത്ത വിമർശനമാണ് പലരും ഉയർത്തുന്നത്. കൂട്ടത്തിൽ മറ്റൊരു കാര്യം കൂടി ചില സുന്നികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ