കോഴിക്കോട്: കേരളാപൊലീസിലെ ക്രിമിനൽവത്്ക്കരണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഒരു വാർത്തകൂടി പുറത്ത്. ഇൻഷൂറൻസില്ലാത്ത ജെസിബിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചകേസിൽ, മുക്കം പൊലീസ് സ്റ്റേഷനിൽനിന്ന് രാത്രി ജെസിബി മാറ്റാൻ കുട്ടുനിന്നത് സ്ഥലം എസ്ഐ തന്നെയാണ്. ഇതിന്റെ പേരിൽ മുക്കം മൂൻ എസ്ഐ ടി ടി നൗഷാദ് അറസ്റ്റിലായിരിക്കയാണ്. മുൻകൂർ ജാമ്യം നേടിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എസ്‌ഐ.യെ ജാമ്യത്തിൽ വിടുകയായിരുന്നു.

മണ്ണുമാന്തിയന്ത്രം കടത്തിയ കേസ് വിവാദമായതോടെ നൗഷാദിനെ നേരത്തെ കേസിൽ പ്രതി ചേർത്തിരുന്നു. ഇയാളെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തും ഉത്തരവിറക്കിയിരുന്നു. 2023 ഒക്ടോബർ 10-ന് പുലർച്ചെയാണ് മുക്കം പൊലീസ് സ്റ്റേഷൻ വളപ്പിൽനിന്ന് കസ്റ്റഡിയിലെടുത്ത ജെസിബി കടത്തിക്കൊണ്ടുപോയത്. ബൈക്ക് യാത്രക്കാരന്റെ അപകടമരണക്കേസിലാണ് ജെസിബി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. എന്നാൽ, പിടിച്ചെടുത്ത മണ്ണുമാന്തിയന്ത്രം ഉടമയുടെ മകനും കൂട്ടാളികളും എത്തി കടത്തിക്കൊണ്ടുപോവുകയും പകരം മറ്റൊരു മണ്ണുമാന്തിയന്ത്രം സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു.

എസ്ഐ.യായിരുന്ന നൗഷാദ് ഇതിനുവേണ്ട സഹായംനൽകി. സംഭവസമയം ഡ്യൂട്ടിയിൽ ഇല്ലാതിരുന്നിട്ടും അർധരാത്രി നൗഷാദ് ഇവിടെയെത്തിയതായി സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. പ്രതികളുടെ വാഹനത്തിലാണ് എസ്ഐ സ്റ്റേഷൻ പരിസരത്ത് എത്തിയത്. എന്നിട്ട് അവർക്ക് നിർദ്ദേശം നൽകുന്നതിന്റെയും ദൃശ്യം സിസിടിവി ക്യാമറയിൽനിന്ന് ലഭിച്ചിട്ടുണ്ട്.

കേസിൽ മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമയുടെ മകനടക്കം പ്രതികളാണ്. സംഭവദിവസം രാത്രി നൗഷാദ് മാവൂരിലെ വീട്ടിൽനിന്ന് മുക്കത്തെത്തിയതായും മാവൂരിലേക്ക് തിരിച്ചുപോയതായും മൊബൈൽ ലൊക്കേഷൻ പരിശോധനയിലും വ്യക്തമായിരുന്നു.

അപകടത്തൽ കേസ് എടുത്ത സമയത്ത് തന്നെ പൊലീസ് കളി തുടങ്ങിയിരുന്നു. എഫ്ഐആറിൽ ജെസിബി എന്ന് മാത്രമാണ് എഴുതിയത്്. നമ്പർ രേഖപ്പെടുത്തിയിരുന്നില്ല. കേസെടുത്തിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് അനങ്ങാപ്പറ നയം സ്വീകരിക്കയായിരുന്നു. നമ്പർ എഫ്ഐആറിൽ രേഖപ്പെടുത്താതുകൊണ്ടാണ്, പ്രതികൾക്ക് വണ്ടി മാറ്റാൻ കഴിഞ്ഞത്.

കഴിഞ്ഞ സെപ്റ്റമ്പർ 19ന് കൊടിയത്തൂർ പുതിയ നിലത്തുണ്ടായ അപകടത്തിലാണ് ഒരാൾ മരിച്ചത്. കേസിൽ ഒന്നാം പ്രതിയായ ബഷീറിന് നേരത്തെ മൂൻകുർ ജാമ്യം ലഭിച്ചിരുന്നു. മറ്റ് പ്രതികൾ സ്റ്റേഷനിൽ കീഴടങ്ങിയപ്പോൾ ഇയാൾ ഒളവിൽ പോവുകയയിരുന്നു. ജെസിബി ഉടമയുടെ മകൻ കൂമ്പാറ മാതാളിക്കുന്നേൽ മാർട്ടിൻ (32), കെ.ആർ.ജയേഷ് കീഴ്പ്പള്ളി (32), പൊന്നാങ്കയം സ്വദേശി ദിലീപ് കുമാർ (49), തമിഴ്‌നാട് സ്വദേശി വേളാങ്കണ്ണി രാജ (55), കല്ലുരുട്ടി സ്വദേശി തറമുട്ടത്ത് രജീഷ് മാത്യു (39), മോഹൻരാജ് (40) എന്നിവരാണ് കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികൾ.

മുൻ മുക്കം എസ്ഐ ടി ടി നൗഷാദിനെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നു. വമ്പന്മ്മാരുടെ കേസുകൾ എസ്ഐ കാശിറക്കി ഒതുക്കുകയാണെന്ന് പരാതികളുണ്ട്. ഈ സംഭവത്തതിലും ലക്ഷങ്ങളാണ് പൊലീസിന് കിട്ടിയത് എന്നാണ് പറയുന്നത്. എന്നാൽ പ്രതികൾ പൊലീസിന് നൽകിയ മൊഴിയിൽ പണം ഒന്നും കൊടുത്തിട്ടില്ല എന്നാണ് പറയുന്നത്.