- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുല്ലപ്പെരിയാർ വിഷയത്തിൽ സമരപ്രഖ്യാപനം ഫെബ്രുവരി ഏഴിന്
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന ആവശ്യം വീണ്ടും സജീവമാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പു കൂടി അടുത്ത പശ്ചാത്തലത്തൽ വിഷയം ഇടുക്കിയിലും സജീവ ചർച്ചാ വിഷയമായി മാറുമെന്നാണ് കരുതുന്നത്. ഡാമിന്റെ സുരക്ഷയിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നും ആശങ്ക രേഖപ്പെടുത്തുന്ന വിധത്തിൽ വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇതിനിടയാണ് ജനകീയ സമരത്തിനും അവസരം ഒരുങ്ങുന്നത്.
പുതിയ അണക്കെട്ട് നിർമ്മിക്കണം എന്ന ആവശ്യം ഉന്നയിച്ചു ജനകീയ സംഘടനകളുടെ കൂട്ടായ്മയും സമരത്തിന് ഒരുങ്ങുകയാണ്. മുല്ലപ്പെരിയാർ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നിന്നും വീണ്ടും സമരം ഒരുങ്ങുകയാണ്. മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീഷണികൾക്കെതിരെയാണ് ജനകീയ സംഘടനകളുടെ കൂട്ടായ്മയിൽ സമരം തുടങ്ങുന്നത്. സമര പ്രഖ്യാപനം എന്ന നിലയിൽ ഫെബ്രുവരി ഏഴിന് ബുധനാഴ്‌ച്ച വൈകീട്ട് നാലിന് ജാഥ നടക്കും.
എറണാകുളം കലൂർ ബസ്റ്റാൻഡ് പരിസരത്തു നിന്നു മറൈൻ ഡ്രൈവ് വരെയാണ് യാത്ര. കേരളത്തിന് സുരക്ഷയും ജീവനും വേണം, തമിഴ്‌നാടിന് വെള്ളവും എന്ന മുദ്രാവാക്യത്തിലാണ് ജാഥ നക്കുക. അഡ്വ. ജേക്കബ് പുളിക്കൻ ചെയർമാനും പ്രകാശ് ആലുവ കൺവീറുമായി സമര സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച കേന്ദ്ര ഏജൻസികൾ നൽകിയ റിപ്പോർട്ടിലും ആശങ്ക വ്യക്തമാണെന്നാണ് സമര സമിതി ചൂണ്ടിക്കാട്ടുന്നത്.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കേന്ദ്ര ജലകമ്മിഷൻ ചെയർമാൻ കുശ്വിന്ദർ വോറയുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രി റോഷി അഗസ്റ്റിൻ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാടിന് കരാർ പ്രകാരം ജലം നൽകാൻ കേരളം പ്രതിജ്ഞാബദ്ധമാണ്. പുതിയ അണക്കെട്ട് നിർമ്മിച്ചാലും കരാർ പ്രകാരം ജലം നൽകാൻ കേരളം തയാറാണെന്നും മന്ത്രി റോഷി ജലകമ്മിഷനെ അറിയിച്ചു.
കാലാവധി കഴിഞ്ഞ അണക്കെട്ട് ഡീ കമ്മിഷൻ ചെയ്തു പുതിയ ഡാം നിർമ്മിക്കണം. ഇതിലൂടെ ജനങ്ങൾക്കുള്ള ആശങ്ക നീക്കണം. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അവലോകനം ചെയ്യുന്നതിന് ആവശ്യമായ ടേംസ് ഓഫ് റഫറൻസ് നിശ്ചയിക്കാൻ തമിഴ്‌നാടിനോട് കേന്ദ്ര ജലകമ്മിഷൻ നിർദേശിച്ചത് സംസ്ഥാനത്തിന് ഏറെ ആശ്വാസം പകരുന്ന നടപടിയാണ്. ഈ രംഗത്തെ വിദഗ്ധരെക്കൂടി ഉൾപ്പെടുത്തി പഠനം എത്രയും വേഗം പൂർത്തിയാക്കി പുതിയ ഡാം നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം മന്ത്രി ആവശ്യപ്പെട്ടിരുന്നു.
അതേസമയം മുല്ലപെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്താൻ തമിഴ്‌നാടിനെ ചുമതലപെടുത്തണമെന്ന കേന്ദ്ര ജല കമ്മീഷന്റെ നിലപാടിനെതിരെ കേരളം നിലപാട് സ്വീകരിച്ചിരുന്നു. സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് കേരളം കേന്ദ്ര ജല കമ്മീഷന്റെയും മേൽനോട്ട സമിതിയുടെയും നിലപാട് തള്ളിയത്. രാജ്യാന്തര വിദഗ്ധരടങ്ങുന്ന നിഷ്പക്ഷ സമിതിയേക്കൊണ്ട് അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.
സുരക്ഷാ പരിശോധനയ്ക്ക് തമിഴ്‌നാടിനെ ചുമതലപ്പെടുത്തണമെന്ന നിർദേശമടങ്ങുന്ന സത്യവാങ്മൂലം ജൂലൈയിൽ കേന്ദ്ര ജല കമ്മീഷനും മേൽനോട്ട സമിതിയും സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരുന്നു. എന്നാൽ, അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച തമിഴ്‌നാടിന്റെ നിലപാടിൽ ആശങ്കയുണ്ടെന്ന് കേരളം സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും പ്രതിനിധികളും രാജ്യാന്തര തലത്തിലുള്ള വിദഗ്ധരും അടങ്ങുന്ന സമിതിയാണ് അണകെട്ട് പരിശോധിക്കേണ്ടതെന്നും കേരളം സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.
2011-ൽ അണക്കെട്ടിൽ അവസാന പരിശോധന നടന്നത്. കഴിഞ്ഞ 12 വർഷത്തിനിടെ രണ്ട് പ്രളയവും നിരവിധി കനത്ത മഴകളും ഈ പ്രദേശത്ത് ഉണ്ടായി. ഇതും അണക്കെട്ടിന്റെ പ്രായവുംകൂടി കണക്കിലെടുത്ത് ഉടൻ സുരക്ഷാ പരിശോധന നടത്താൻ പുനഃസംഘടിപ്പിക്കപ്പെട്ട മേൽനോട്ട സമിതിയോട് നിർദേശിക്കണമെന്നാണ് കേരളത്തത്തിന്റെ ആവശ്യം. ഡോ. ജോ ജോസഫ് നൽകിയ ഹർജിയിലാണ് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്.