- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണം: സമരപ്രഖ്യാപന സമ്മേളനം കൊച്ചിയിൽ
കൊച്ചി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന ആവശ്യം വീണ്ടും സജീവമാക്കി കൊച്ചിയിൽ ജനകീയ സംഘടനകളുടെ കൂട്ടായ്മ. ഡാമിന്റെ സുരക്ഷയിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നും ആശങ്ക രേഖപ്പെടുത്തുന്ന വിധത്തിൽ വാർത്തകൾ പുറത്തുവരുന്നത് ചൂണ്ടിക്കാട്ടിയാണ് വിവിധ സമിതികളുടെ നേതൃത്വത്തിൽ കൊച്ചിയൽ സമര പ്രഖ്യാപനം നടത്തിയത്.
മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീഷണികൾ ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു സമരം. ബുധനാഴ്‌ച്ച വൈകീട്ട് നാലിനാണ് ജാഥ തുടങ്ങിയത്. എറണാകുളം കലൂർ ബസ്റ്റാൻഡ് പരിസരത്തു നിന്നു മറൈൻ ഡ്രൈവ് വരെയാണ് യാത്ര നടന്നത്. കേരളത്തിന് സുരക്ഷയും ജീവനും വേണം, തമിഴ്‌നാടിന് വെള്ളവും എന്ന മുദ്രാവാക്യത്തിലാണ് ജാഥ നക്കുക. അഡ്വ. ജേക്കബ് പുളിക്കൻ ചെയർമാനും പ്രകാശ് ആലുവ കൺവീറുമായി സമര സമിതയുടെ നേതൃത്വത്തിലായിരുന്നു സമരം. കലൂരിൽ നിന്നും തുടങ്ങിയ ജാഥ മേനകയിൽ സമാപിച്ചു.
ആന്റി കറപ്ഷൻ പീപ്പീൾസ് മൂവ്‌മെന്റിനെ നയിക്കുന്ന അഡ്വ. എം ആർ രാജശേഖരൻ നായർ സമപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. ജേക്കബ് പുളിക്കൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. പി ടി രാജാകൃഷ്ണൻ സ്വാഗതം പറഞ്ഞു. മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയും പ്രക്ഷോഭത്തിൽ പങ്കെടുത്തു സംസാരിച്ചു. അഡ്വ. റസ്സൽ ജോയി, ടി പി നന്ദകുമാർ, ബെന്നി ജോസഫ്, ആർഎസ് മണി, അമൃത പ്രീതം. മാഹിൻ കറുകപ്പള്ളി, കെ കെ വാമലോചനൻ, ഡിക്‌സൻ ജോർജ്ജ്, സോണു അഗസ്റ്റിൻ രാജൻ തച്ചിരേത്ത്, ജോർജ്ജ് ജോസഫ് വാത്തപ്പിള്ളി, സാൻജോ ബേബി, റഫീഖ്, അഡ്വ. പി ആർ പത്മനാഭൻ നായർ, പി ടി ബാബു, പി സി റോയ്, മലനാട് ജയേഷ്, അനൂപ് ഉയിര് തുടങ്ങിയവരും സമര പ്രഖ്യാപന കൺവെൻഷനിൽ പങ്കെടുത്തു.
മുല്ലപ്പെരിയാർ ഡാം പൊളിയുമെന്ന റൂർട്ടി ഐ.ഐ.ടി, ഡൽഹി ഐഐടി, റിപ്പോർട്ടുകളും യുഎൻ റിപ്പോർട്ടും എന്തുകൊണ്ട് സർക്കാർ തള്ളിയെന്ന് സമര സമിതി ചോദ്യം ഉയർത്തി. സർക്കാർ ഡാം പണിയുന്ന കാര്യത്തിൽ കൂടുതൽ ശ്രമങ്ങൾ നടത്തണമെന്നും ജനകീയ സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കേന്ദ്ര ജലകമ്മിഷൻ ചെയർമാൻ കുശ്വിന്ദർ വോറയുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രി റോഷി അഗസ്റ്റിൻ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാടിന് കരാർ പ്രകാരം ജലം നൽകാൻ കേരളം പ്രതിജ്ഞാബദ്ധമാണ്. പുതിയ അണക്കെട്ട് നിർമ്മിച്ചാലും കരാർ പ്രകാരം ജലം നൽകാൻ കേരളം തയാറാണെന്നും മന്ത്രി റോഷി ജലകമ്മിഷനെ അറിയിച്ചു.
കാലാവധി കഴിഞ്ഞ അണക്കെട്ട് ഡീ കമ്മിഷൻ ചെയ്തു പുതിയ ഡാം നിർമ്മിക്കണം. ഇതിലൂടെ ജനങ്ങൾക്കുള്ള ആശങ്ക നീക്കണം. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അവലോകനം ചെയ്യുന്നതിന് ആവശ്യമായ ടേംസ് ഓഫ് റഫറൻസ് നിശ്ചയിക്കാൻ തമിഴ്‌നാടിനോട് കേന്ദ്ര ജലകമ്മിഷൻ നിർദേശിച്ചത് സംസ്ഥാനത്തിന് ഏറെ ആശ്വാസം പകരുന്ന നടപടിയാണ്. ഈ രംഗത്തെ വിദഗ്ധരെക്കൂടി ഉൾപ്പെടുത്തി പഠനം എത്രയും വേഗം പൂർത്തിയാക്കി പുതിയ ഡാം നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം മന്ത്രി ആവശ്യപ്പെട്ടിരുന്നു.
അതേസമയം മുല്ലപെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്താൻ തമിഴ്‌നാടിനെ ചുമതലപെടുത്തണമെന്ന കേന്ദ്ര ജല കമ്മീഷന്റെ നിലപാടിനെതിരെ കേരളം നിലപാട് സ്വീകരിച്ചിരുന്നു. സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് കേരളം കേന്ദ്ര ജല കമ്മീഷന്റെയും മേൽനോട്ട സമിതിയുടെയും നിലപാട് തള്ളിയത്. രാജ്യാന്തര വിദഗ്ധരടങ്ങുന്ന നിഷ്പക്ഷ സമിതിയേക്കൊണ്ട് അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.
സുരക്ഷാ പരിശോധനയ്ക്ക് തമിഴ്‌നാടിനെ ചുമതലപ്പെടുത്തണമെന്ന നിർദേശമടങ്ങുന്ന സത്യവാങ്മൂലം ജൂലൈയിൽ കേന്ദ്ര ജല കമ്മീഷനും മേൽനോട്ട സമിതിയും സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരുന്നു. എന്നാൽ, അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച തമിഴ്‌നാടിന്റെ നിലപാടിൽ ആശങ്കയുണ്ടെന്ന് കേരളം സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും പ്രതിനിധികളും രാജ്യാന്തര തലത്തിലുള്ള വിദഗ്ധരും അടങ്ങുന്ന സമിതിയാണ് അണകെട്ട് പരിശോധിക്കേണ്ടതെന്നും കേരളം സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.