- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുവോണ നാളിലെ റോഡപകടം; സംസ്ഥാനത്ത് മരിച്ചത് 16 പേര്‍: ഏഴ് മരണവും തിരുവനന്തപുരത്ത്
തിരുവോണ നാളിലെ റോഡപകടം; സംസ്ഥാനത്ത് മരിച്ചത് 16 പേര്‍: ഏഴ് മരണവും തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവോണ നാളില്‍ സംസ്ഥാനത്തുണ്ടായ വിവിധ അപകടങ്ങളിലായി 16 പേര്‍ മരിച്ചു. ഇതില്‍ ഏഴു മരണവും സംഭവിച്ചത് തലസ്ഥാന നഗരിയിലാണ്. തിരുവോണ ദിവസവും ഇന്നലെ പുലര്‍ച്ചെയുമായി തിരുവനന്തപുരം ജില്ലയിലുണ്ടായ അഞ്ച് അപകടങ്ങളില്‍ ഏഴു പേര്‍ മരിച്ചു. ജില്ലയിലുടെ വിവിധ ഭാഗങ്ങളില്‍ അപകടം ഉണ്ടായി. വര്‍ക്കല കുരയ്ക്കണ്ണിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. രണ്ട് പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഞായര്‍ രാത്രി 11.15നാണ് അപകടം. വര്‍ക്കല ബീച്ച് ഭാഗത്തുനിന്ന് ഇടവ ഭാഗത്തേക്കു പോയ ബൈക്കും എതിരെ വന്ന മറ്റൊരു ബൈക്കുമാണു കൂട്ടിയിടിച്ചത്.
ഇടവ വെണ്‍കുളം തോട്ടുമുഖം വലിയവിള അപര്‍ണ ഭവനില്‍ അനില്‍കുമാര്‍-ഉഷ ദമ്പതികളുടെ മകന്‍ ആദിത്യന്‍ (19), വെണ്‍കുളം മങ്ങാട്ടു ചെരുവിള രഞ്ചിദാസ് ഭവനില്‍ ദാസ് കുമാരി ദമ്പതികളുടെ മകന്‍ ആനന്ദ് ദാസ് (18), എതിരെ വന്ന ബൈക്കിലുണ്ടായിരുന്ന വര്‍ക്കല മുണ്ടയില്‍ തോപ്പുവിളയില്‍ മോന്‍സിധനുജ ബാബു ദമ്പതികളുടെ മകന്‍ ജിഷ്ണു മോന്‍സി(19) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇടവ മൂടില്ലാവിള കല്ലിന്മേല്‍ വയലില്‍ വീട്ടില്‍ (കവിത ഭവന്‍) സനോജ് (19), ജനാര്‍ദനപുരം മേലേഗ്രാമത്തില്‍ വിഷ്ണു (19) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവോണ ദിവസം ബൈപാസില്‍ ഇന്‍ഫോസിസിനു സമീപം ബൈക്ക് നിയന്ത്രണം വിട്ടു മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. 2 പേര്‍ക്കു പരുക്ക്. പൗണ്ടുകടവ് വലിയവേളി പുത്തന്‍വീട്ടില്‍ ശ്രീലതയുടെയും പരേതനായ ത്യാഗരാജന്റെയും മകന്‍ അനുരാജാണ് (27) മരിച്ചത്.
ബൈപാസില്‍ തമ്പുരാന്‍മുക്ക് ഇന്‍ഫോസിസിനു സമീപം സര്‍വീസ് റോഡ് കുറുകെ കടക്കവേ, കാര്‍ ഇടിച്ച് യുവതി മരിച്ചു. ഇന്‍ഫോസിസിനു സമീപമുള്ള ഹോട്ടലിലെ ഷെഫ് ആയ വെട്ടുകാട് ബാല നഗറില്‍ ടി സി 32/707 ല്‍ ഇഗ്‌നേഷ്യസ് ഫെര്‍ണാണ്ടസിന്റെ ഭാര്യ ബേബി ആന്റണിയാണ് (45) മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 2 ന് ജോലി ചെയ്യുന്ന ഹോട്ടലില്‍ നിന്നിറങ്ങി താമസസ്ഥലത്തേക്കു നടക്കുമ്പോഴായിരുന്നു അപകടം. മക്കള്‍: ഇനോഷ്, ഫിനോഷ്. പ്രാര്‍ഥന വ്യാഴം 3 ന് വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തില്‍.
വഴുതൂര്‍ പൊലീസ് കന്റീനു സമീപം കാര്‍ ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. പെരുമ്പഴുതൂര്‍ കളത്തുവിള ജലജ ഭവനില്‍ ഷൈനാണ് (41) മരിച്ചത്. മാറനല്ലൂര്‍ കീളിയോട് ആലുവിളാകം എസ്എസ് കോട്ടേജില്‍ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. സംസ്‌കാരം നടത്തി. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ഭാര്യ ശാലി. മകന്‍: കിച്ചു.
റോഡ് കുറുകെ കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് മംഗലപുരം ശാസ്തവട്ടം ഇമ്മാനുവല്‍ ഭവനില്‍ സക്കായിയുടെയും സാറാമ്മയുടെയും മകന്‍ സിജു ( 42) മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന പെരുംകുഴി സ്വദേശി റോഷന്‍ രാജിനെ ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവോണദിവസം വൈകിട്ട് 4.30ന് ശാസ്തവട്ടം പോസ്റ്റ്ഓഫിസ് ജംക്ഷനു സമീപമാണ് അപകടം. പെയ്ന്റിങ് തൊഴിലാളിയാണ് സിജു. ഭാര്യ: തങ്കച്ചി. മക്കള്‍: സാനിയ, സജിന്‍.
മൈനാഗപ്പള്ളിയില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രിക കുഞ്ഞുമോള്‍ മരിച്ചതു കൂടാതെ കൊല്ലം ജില്ലയില്‍ മറ്റ് 2 അപകടങ്ങളില്‍ 2 പേര്‍ മരിച്ചു. എംസി റോഡില്‍ വാളകം മരങ്ങാട്ടുകോണം ജംക്ഷനില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോറിക്ഷ ഡ്രൈവര്‍ വാളകം അഞ്ചു നിവാസില്‍ മോഹനന്‍പിള്ള (67) മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യ വിമലഭായിക്ക് (55) പരുക്കേറ്റു. തിരുവോണ ദിനത്തില്‍ വൈകിട്ട് 4.30 ന് ആയിരുന്നു അപകടം.
തിരുവോണ ദിവസം രാത്രി എട്ടിന് പാരിപ്പള്ളി ചാവര്‍കോട് നീരോന്തിയില്‍ സ്‌കൂട്ടര്‍ ഇടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ചു. സ്‌കൂട്ടര്‍ നിര്‍ത്താതെ ഓടിച്ചു പോയതായി പൊലീസ് പറഞ്ഞു. വര്‍ക്കല പാളയംകുന്ന് ചരുവിള പുത്തന്‍ വീട്ടില്‍ ശ്രീനിവാസനാണ് (68) മരിച്ചത്.
തിരുവനന്തപുരത്തിന് പുറമെ പത്തനംതിട്ടയിലും കാസര്‍കോഡും കോഴിക്കോടും പാലക്കാടുമെല്ലാം റോഡപകടങ്ങള്‍ നിരവധി ജീവനുകള്‍ കവര്‍ന്നു. പാലക്കാട് 52കാരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. തിരുവോണസദ്യയ്ക്ക് ഇല വാങ്ങി വീട്ടിലേക്കു വരുമ്പോള്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു കുഴല്‍മന്ദം പെരുങ്കുന്നം എക്കോട് വീട്ടില്‍ ജഗദീശന്‍ (ഗണേഷ് 52) ആണ് മരിച്ചത്.
കാസര്‍കോട് പാലക്കുന്ന് ബട്ടത്തൂര്‍ നെല്ലിയടുക്കത്ത് യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച്, സ്‌കൂട്ടര്‍ യാത്രക്കാരനായ കബഡി താരം മരിച്ചു. 23കാരനായ സിദ്ധാര്‍ഥ് (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനു പരുക്കേറ്റു. ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടം.
പത്തനംതിട്ട ജില്ലയില്‍ ആറാട്ടുപുഴ കുമ്പനാട് റോഡില്‍ ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. ഞായറാഴ്ച രാത്രി 9നായിരുന്നു സംഭവം. കടപ്ര വാഴത്തറയില്‍ സുധീഷ് മന്മഥനാ(30)ണ് മരിച്ചത്.
കോതമംഗലം നഗരത്തില്‍ സെന്റ് ജോര്‍ജ് സ്‌കൂളിനു സമീപം ദേശീയപാതയില്‍ വഴിയാത്രികന്‍ കാറിടിച്ചു മരിച്ചു. റിട്ട. പോസ്റ്റ്മാസ്റ്റര്‍ കോഴിപ്പിള്ളി നിരപ്പേല്‍ അഗസ്റ്റിന്‍ ജോര്‍ജ് (73) ആണു മരിച്ചത്. ഞായര്‍ രാവിലെ പള്ളിയില്‍ പോയി മടങ്ങവേയാണ് അപകടം. ദേശീയപാതയില്‍ ആലുവ ഗാരിജ് ഭാഗത്തു ടൂറിസ്റ്റ് ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രികന്‍ തായിക്കാട്ടുകര തേക്കാനത്ത് ജോയി ജോസഫ് (66) മരിച്ചു. പുലര്‍ച്ചെ പള്ളിയില്‍ കുര്‍ബാനയ്ക്കു പോകുമ്പോഴാണ് അപകടം.
കോഴിക്കോട് എരഞ്ഞിപ്പാലത്ത് മിനിബൈപാസില്‍ കൈവരിയില്‍ ബൈക്കിടിച്ചു മറിഞ്ഞ് ബെംഗളൂരു ക്രിസ്തു ജയന്തി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി മലാപ്പറമ്പ് പാറമ്മല്‍ റോഡ് സനാബില്‍ കുറുവച്ചാലില്‍ റസല്‍ അബ്ദുല്ല (19) മരിച്ചു. എസ്എം സ്ട്രീറ്റ് മെട്രോ സ്റ്റോര്‍ ഉടമ പി.അബ്ദുല്‍ സലീമിന്റെ മകനാണ്.