കോട്ട: മത്സര പരീക്ഷകൾ മത്സരാർഥികളിൽ സൃഷ്ടിക്കുന്ന സമ്മർദ്ദം ചെറുതല്ല. ജെ ഇ ഇ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുത്തിരുന്ന പെൺകുട്ടി രാജസ്ഥാനിലെ കോട്ടയിൽ ജീവനൊടുക്കി. ചൊവ്വാഴ്ച പരീക്ഷയ്ക്ക് ഇരിക്കേണ്ട കുട്ടിയാണ് വീട്ടിൽ തൂങ്ങി മരിച്ചത്.

'മമ്മി പപ്പ, എനിക്ക് ജെഇഇ നേടാനാവില്ല. ഞാൻ ആത്മഹത്യ ചെയ്യുന്നു...ഞാനൊരു പരാജിതയാണ്...ഞാൻ ഏറ്റവും മോശം മകളാണ്...സോറി മമ്മി, പപ്പ, ഇതാണ് അവസാനത്തെ വഴി', നിഹാരിക സിങ് സോളങ്കി തന്റെ ആത്മഹത്യാ കുറിപ്പിൽ എഴുതി. ശിവവിഹാർ കോളനിയിൽ കുടുംബത്തൊടൊപ്പം താമസിക്കുകയായിരുന്നു 18 കാരി.

തിങ്കളാഴ്ച പുലർച്ചെയാണ് കുട്ടി ജീവനൊടുക്കിയത്. പഠനത്തിന്റെ അമിത സമ്മർദ്ദം നിഹാരികയ്ക്ക് താങ്ങാനായില്ല. താൻ പരീക്ഷ കടന്നുകൂടില്ലെന്ന് അവൾക്ക് തോന്നി. മാതാപിതാക്കളുടെ പ്രതീക്ഷകൾക്കൊപ്പം ഉയരാനാവില്ലല്ലോ എന്ന ചിന്ത അവളെ അലട്ടി. മൂന്നുസഹോദരിമാരിൽ മൂത്തയാളായിരുന്നു. അച്ഛൻ കോട്ടയിലെ സ്വകാര്യ ബാങ്കിൽ ഗൺമാനായി ജോലി ചെയ്യുകയാണ്. ജാലാവർ ജില്ലയിലെ അഖാവഡഖുർദ് ഗ്രാമത്തിൽ നിന്നുള്ളവരാണ് കുട്ടിയുടെ കുടുംബം.

ജനുവരി-30-31 തീയതികളിലാണ് ജെ ഇ ഇ പരീക്ഷ. കഴിഞ്ഞ വർഷം കുറഞ്ഞ ശതമാനം കിട്ടിയതോടെ പ്ലസ് ടു പരീക്ഷ റിപ്പീറ്റ് ചെയ്യാനും പഠിക്കുകയായിരുന്നു. പഠനത്തിൽ മോശമായിരുന്നില്ല നിഹാരിക. ദിവസം 7 മുതൽ 8 മണിക്കൂർ വരെ പഠിച്ചിരുന്നു, നിഹാരികയുടെ കസിൻ വിക്രം സിങ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെ 10 മണിയോടെ മുത്തശ്ശി വന്ന് വിളിച്ചെങ്കിലും നിഹാരിക വാതിൽ തുറന്നില്ല. ഇതോടെ വീട്ടുകാരെയെല്ലാം വിളിച്ചുകൂട്ടി തുറന്നുനോക്കിയപ്പോൾ ജനലിന്റെ വെന്റിലേഷനിൽ നിന്ന് തൂങ്ങി നിൽക്കുന്നതാണ് കണ്ടത്.

2023ൽ എൻട്രൻസ് കോച്ചിങ് ഹബ്ബായ കോട്ടയിൽ 26 കുട്ടികളാണ് പരീക്ഷാ സമ്മർദ്ദം താങ്ങ വയ്യാതെ ജീവനൊടുക്കിയത്. ഈ വർഷം ഇത് രണ്ടാമത്തെ സംഭഭവും. ജനുവരി 23ന് യുപിയിലെ മൊറാദാബാദിൽ നിന്നുള്ള 19 കാരനായ മൊഹമ്മദ് സെയ്ദ് ജീവനൊടുക്കിയിരുന്നു. കോട്ടയിലെ നീറ്റ് -യുജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുവർഷമായി പഠിക്കുന്നതിനിടെ, ന്യൂ രാജീവ് ഗാന്ധി നഗറിലെ ഹോസ്റ്റൽ മുറിയിലാണ് ആത്മഹത്യ ചെയ്തത്. എന്നാൽ,ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുക്കാനായില്ല.

2023 ഓഗസ്റ്റ് 15 ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ജോയിന്റെ എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന 18 കാരൻ ജീവനൊടുക്കിയ സംഭവം റിപ്പോർട്ട് ചെയ്തതോടെ കോട്ട ജില്ല കളക്ടർ ഇറക്കിയ ഉത്തരവ് വിവാദമായിരുന്നു. എല്ലാ ഹോസ്റ്റലുകളും, ഹോം ഗസ്റ്റ് സ്ഥാപനങ്ങളും സ്പ്രിങ് ഘടിപ്പിച്ച ഫാനുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത്തരം ഫാനുകൾ വലിയ ഭാരം വന്നാൽ, താഴെ വീണ് തകരും. ആത്മഹത്യകൾ തടയാനുള്ള കളക്ടർ ഓം പ്രകാശ് ബങ്കറിന്റെ നിർദ്ദേശം സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികളാണ് നോക്കേണ്ടത് എന്നാണ് അഭിപ്രായം ഉയർന്നത്.

കോട്ടയുടെ തിരക്കേറിയ തെരുവുകളിൽ മുഴുവൻ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് ജയിച്ചു കയറിയ ജെഇഇ, നീറ്റ് ടോപ്പേഴ്‌സിന്റെ വിജയശ്രീലാളിതരുടെ മുഖങ്ങൾ നിറഞ്ഞ ഹോഡിങ്ങുകളാണ്. അതേസമയം, വിജയകഥകൾക്കിടെ നിഹാരികയെയും മൊഹമ്മദ് സെയ്ദിനെയും പോലുള്ളവരുടെവരുടെ ദുരന്ത കഥകളും യാഥാർഥ്യങ്ങളാണ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും, മത്സര പരീക്ഷയിലെ ജയമല്ല, ജീവിതജയമെന്നും ഉള്ള സന്ദേശം കോട്ടയിൽ മാത്രമല്ല, രാജ്യമാകെ കൂടുതൽ ശക്തമായി പ്രചരിപ്പിക്കേണ്ട സമയമാണ്.