മലപ്പുറം: ഖത്തറിൽ നിർത്തിയിട്ട വാഹനം പിന്നോട്ട് നീങ്ങി ഈജിപ്തുകാരൻ മരിച്ചു. ഇതോടെ മലപ്പുറം അങ്ങാടിപ്പുറം വലമ്പൂർ സ്വദേശി ദിവേഷ് ലാൽ ഖത്തർ ജയിലിലായി. മോചിതനാകണമെങ്കിൽ അപകടത്തിൽ മരിച്ച ഈജിപ്തുകാരന്റെ കുടുംബത്തിന്
  46 ലക്ഷം രൂപ ബ്ലഡ് മണിയായി കൈമാറണം. ഒരു ലക്ഷം രൂപ കൂട്ടിയെടുക്കാൻ കഴിയാത്ത കുടുംബം പ്രതിസന്ധിയിലായി. ഈ അവസ്ഥയിലാണ് സങ്കട കഥയുമായി ദിവേഷ് ലാലിന്റെ കുടുംബം കഴിഞ്ഞ മാസം ആറിന് പാണക്കാട് മുനവ്വറലി തങ്ങളെ കാണാനെത്തുന്നത്.

ഇതോടെയാണ് മോചനത്തിനുള്ള വഴി തെളിഞ്ഞത്. ദിവേഷ് ലാലിന്റെ മോചനത്തനായി പണം കണ്ടെത്താൻ തങ്ങൾ ഫേസ്‌ബുക്കിലൂടെ അഭ്യാർത്ഥന നടത്തിയതോടെ മൂന്ന് ദിവസം കൊണ്ടു തന്നെ തുക കണ്ടെത്താനായി. പി. അബ്ദുൽ ഹമീദ് എംഎൽഎയുടെ നേതൃത്വത്തിൽ നാട്ടുകാരും പണം സമാഹരിച്ചതോടെ കാര്യങ്ങൾ വേഗത്തിലായി. രണ്ടു വർഷം മുമ്പാണ് ദിവേഷ് ഒടുവിൽ നാട്ടിലെത്തിയത്. ഒന്നര വയസുകാരിയായ മകളെ നേരിൽ കണ്ടിട്ടുമില്ല. മകളുടെ രണ്ടാം പിറന്നാളിന് നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു അപകടം.

ഖത്തർ ജയിലിൽ നിന്നും മോചിതനായ ദിവേഷ് ലാൽ ഇന്നലെ പാണക്കാട് കൊടപ്പനക്കലിലെത്തി മുനവ്വറലി ശിഹാബ് തങ്ങളെ കണ്ടു. 46 ലക്ഷം ബ്ലഡ് മണി നൽകിയതിനെ തുടർന്ന് ജയിൽ മോചിതനായ ദിവേഷ് ലാൽ ഇന്നലെ രാത്രി എട്ടുമണിയുടെ എയർ ഇന്ത്യ എക്സ്‌പ്രസ്സിലാണ് കരിപ്പൂരിൽ ഇറങ്ങിയത്.

ഇനിയൊരിക്കലും ഈ മണ്ണിൽ കാലുകുത്താനാവില്ലെന്ന് വിചാരിച്ചിരിക്കുന്നതിനിടെയാണ് ദൈവദൂതനെ പോലെ മുനവ്വറലി തങ്ങൾ തെളിഞ്ഞുവന്നതെന്ന് ദിവേഷ് ലാൽ പറയുന്നു. നാട്ടിലെത്തുകയാണെങ്കിൽ ആദ്യം പാണക്കാട് എത്തി തങ്ങളെ കണ്ടതിന് ശേഷമേ വീട്ടിലേക്കൊള്ളൂവെന്ന ഒരേ നർബന്ധമായിരുന്നു ദിവേഷ് ലാലിന്. അങ്ങനെയാണ് എയർപോർട്ടിൽ നിന്നും നേരെ പാണക്കാടേക്ക് എത്തിയത്. കൂട്ടുകാരായിരുന്നു എയർപോർട്ടിലേക്ക് ദിവേഷ് ലാലിനെ കൂട്ടാൻ പോയിരുന്നത്.

ഭാര്യ നീതു, മകൾ ഒന്നരവയസ്സുകാരി തക്ഷ്വി, അച്ചൻ കുഞ്ഞിനാമു, അമ്മ ശാന്തകുമാരി എന്നിവർ നേരത്തെ തന്നെ പാണക്കാട് എത്തിയിരുന്നു. അരമണിക്കൂറോളം ദിവേഷ് ലാലും കുടുംബവും തങ്ങളുമായി സംസാരിച്ചിരുന്നു. ദിവേഷ് ലാലിന് പലപ്പോഴും വാക്കുകളില്ലായിരുന്നു. 'നന്ദി എങ്ങനെ പറയണമെന്നറിയില്ല. ഒരിക്കലും മറക്കില്ല''. ദിവേഷ് ലാലിന്റെ വാക്കുകൾ മുറിഞ്ഞു.