- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃതദേഹം കണ്ടെത്താന്‍ ഡോഗ് സ്ക്വാഡ്; തകര്‍ന്ന വീടുകള്‍ക്കുള്ളില്‍ പരിശോധന; റിട്ട മേജര്‍ ജനറല്‍ ഇന്ദ്രബാലിന്റേയും സഹായം തേടും; രക്ഷാദൗത്യം തുടരുന്നു
കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നാം ദിനവും ദൗത്യം തുടങ്ങി. രക്ഷാപ്രവര്‍ത്തനം സൈന്യം തുടങ്ങി. മുണ്ടക്കൈ ഭാഗത്തേക്കാണ് സൈന്യം നടന്ന് നീങ്ങുന്നത്. ഇവര്‍ക്കൊപ്പം ഡോഗ് സ്ക്വാഡും ഉണ്ട്. വ്യാപകമായ പരിശോധനയാണ് നടത്തുന്നത്. തകര്‍ന്ന വീടുകള്‍ക്കുള്ളില്‍ കയറാനാണ് ശ്രമം. അതീവ ദുഷ്കര ദൗത്യമാണ് സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകരും സൈന്യത്തിനൊപ്പമുണ്ട്.
ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് 1167 പേരെയാണ് നിയോഗിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കെ 9 ടീമിനെയും നിയോഗിച്ചിട്ടുണ്ട്. കേരള പൊലീസിന്റെ കഡാവര്‍ നായകളും തെരച്ചിലിനുണ്ട്. അതേസമയം, മണ്ണിനടിയിലുള്ളവരെ കണ്ടെത്താന്‍ ഐബോഡ് ഉപയോഗിക്കും. രക്ഷാപ്രവര്‍ത്തനത്തിന് റിട്ട മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സംഘത്തിന്റെ സഹായം തേടിയിട്ടുണ്ട്. ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിര്‍മ്മിച്ച താത്കാലിക പാലം മുങ്ങി. പ്രവര്‍ത്തകര്‍ വടം ഉപയോഗിച്ച് മറുകരയിലേക്ക് മാറുകയായിരുന്നു. ഇന്ന് വീണ്ടും പുതിയ പാലം സൈന്യം സജ്ജമാക്കി.
രാത്രിയിലും തുടര്‍ന്ന പാലത്തിന്റെ നിര്‍മാണം രാവിലെ അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ മുണ്ടക്കൈ ഭാഗത്തുള്ള കരയില്‍ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് ശേഷം പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. പണി പൂര്‍ത്തീകരിച്ചാല്‍ ജെസിബി വരെയുള്ള വാഹനങ്ങള്‍ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.
ചൂരല്‍ മലയില്‍ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാല്‍ പാലത്തിന്റെ തൂണ് സ്ഥാപിക്കുന്നതില്‍ പ്രയാസം. അതാണ് പാലത്തിന്റെ പണി വൈകാന്‍ കാരണം. പുഴയില്‍ പ്ലാറ്റ്ഫോം നിര്‍മ്മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂണ് സ്ഥാപിക്കാനാണ് സൈന്യത്തിന്റെ ശ്രമം. ഉച്ചയോടെ മാത്രമേ പാലത്തിന് മുകളില്‍ ഇരുമ്പ് തകിടുകള്‍ വിരിക്കാനാവൂ. അതിന് ശേഷമേ വാഹനങ്ങള്‍ക്ക് ഇതുവഴി മുണ്ടക്കൈ ഭാഗത്തേക്ക് പോകാനാവൂ. ഇതിന് മണിക്കൂറുകളുടെ പണി കൂടി വേണ്ടി വരും.
പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളില്‍ ഇനിയും നിരവധി പേര് കുടുങ്ങി കിടക്കുന്നതായാണ് സംശയം. മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ കാണാമറയത്തേക്ക് കൊണ്ടുപോയത് ഒട്ടേറെ കുടുംബങ്ങളെ. കളത്തിങ്ങല്‍ കുഞ്ഞിമൊയ്തീന്റെ 11 കുടുംബാംഗങ്ങളെയാണ് കാണാതായത്. മുണ്ടക്കൈ പള്ളിക്ക് സമീപത്തെ വീട്ടില്‍ ദുരന്തം ഇരച്ചെത്തിയപ്പോള്‍ കുഞ്ഞിമൊയ്തീനെ കൂടാതെ ഭാര്യ ആയിഷ, മകന് നൗഫല്‍, ഭാര്യ സജ്ന, ഇവരുടെ മകള്‍ നഫ്ല നസ്റിന്, മകന്, കുഞ്ഞിമൊയ്തീന്റെ മൂത്തമകന് മന്‍സൂര്‍, ഭാര്യ മുഹ്സിന, അവരുടെ മൂന്ന് പെണ്മക്കള് എന്നിവരാണുണ്ടായിരുന്നത്. പിന്നീട് ഇതുവരെ അവരെക്കുറിച്ച് ഒരു വിവരവും ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ല.
മുണ്ടക്കൈയിലെ വ്യാപാരിയായ യൂസഫ്, നാസര്‍ പിടിക്കപ്പറമ്പ്, വടക്കേ ചരുവില്‍ രുക്മിണി, സുദേവന്, പാത്തുമ്മ കളത്തിങ്ങല്‍, പാര്ഥന്, ആലക്കല്‍ സലിം തുടങ്ങിയവരുടെ വീടുകളൊക്കെ കുന്നിന്മുകളില്നിന്ന് ഇരച്ചെത്തിയ ഉരുള്‍ വിഴുങ്ങുകയായിരുന്നു.