ഇടുക്കി: മൂന്നാർ- കുണ്ടള റോഡിൽ മണ്ണിടിച്ചിലിൽ കാണാതായ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അശോകപുരം കുന്നിയിൽകാവ് കല്ലട വീട്ടിൽ രൂപേഷി (40)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.വട്ടവട റോഡിന് അരകിലോമീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മണ്ണിടിച്ചിലിൽ ഒലിച്ചുപോയ ബസ് 750 മീറ്റർ താഴെനിന്ന് കണ്ടെത്തി. നിശ്ശേഷം തകർന്നനിലയിലാണ്. ഇതിന് താഴെ ആയിട്ടായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.കാട്ടാനശല്യവും കനത്ത മഴയും മൂലം നിർത്തിവെച്ച തിരച്ചിൽ രാവിലെ ഏഴുമണിയോടെ പുനരാരംഭിക്കുകയായിരുന്നു.വിനോദസഞ്ചാരത്തിനെത്തിയ രൂപേഷ് ഇന്നലെ വൈകീട്ടാണ് അപകടത്തിൽപ്പെട്ടത്.മൂന്നാർ മേഖലയിൽ ടോപ്പ് സ്റ്റേഷനും കുണ്ടള അണക്കെട്ടിനും ഇടയിലുള്ള പ്രദേശത്ത് ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഉരുൾപൊട്ടലുണ്ടായത്.

കഴിഞ്ഞ ദിവസമായിരുന്നു രൂപേഷ് അടക്കമുള്ള 11 അംഗ സംഘം സഞ്ചരിച്ച ട്രാവലർ അപകടത്തിൽപെട്ടത്. മണ്ണിടിച്ചിലിൽ നൂറടി താഴ്ചയിലേക്ക് ട്രാവലർ മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രൂപേഷ് ഒഴികെയുള്ളവർ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
വടകരയിൽനിന്ന് രണ്ട് വാഹനത്തിലെത്തിയ സംഘം ടോപ്പ് സ്റ്റേഷൻ സന്ദർശിച്ച് അണക്കെട്ട് കാണാൻ വരികയായിരുന്നു.പെട്ടെന്ന് രണ്ട് പാറക്കഷണവും ചെളിയും റോഡിലേക്ക് വീണു.

മുൻപിൽ വന്ന മിനിബസ് ചെളിയിൽ പുതഞ്ഞു.അപകടം മനസ്സിലാക്കിയ ഡ്രൈവർ നികേഷ് സഞ്ചാരികളോട് പെട്ടെന്ന് ഇറങ്ങാനാവശ്യപ്പെട്ടു.അവർ ഇറങ്ങി. കാണാതായ രൂപേഷാണ് പലരേയും ഇറങ്ങാൻ സഹായിച്ചത്. ഇതിനിടെ പുറകിലുണ്ടായിരുന്ന വാഹനം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. അപ്പോഴാണ് ചെളിയും വെള്ളവും കൂറ്റൻപാറകളും മുകളിൽനിന്ന് ഒഴുകിയെത്തിയത്. ആ സമയം ഡ്രൈവറും രൂപേഷുംകൂടി വാഹനം തള്ളിനീക്കുകയായിരുന്നു.

ഡ്രൈവർ ഓടിമാറി. വാഹനം കൊക്കയിലേക്ക് ഒഴുകിപ്പോയി.പിന്നീടാണ് രൂപേഷിനെ കാണാനില്ലെന്നറിയുന്നത്.മൂന്നാർ പൊലീസും അഗ്‌നിരക്ഷാസേന സംഘങ്ങളും രക്ഷാപ്രവർത്തനത്തിനെത്തി.നാട്ടുകാരും ഉണ്ടായിരുന്നു.ഗ്രാന്റീസും മറ്റും വളർന്നുനിൽക്കുന്ന ഒറ്റപ്പെട്ട പ്രദേശമായതിനാലും, കനത്ത മഴ തുടരുന്നതിനാലും രക്ഷാപ്രവർത്തനം ദുഷ്‌കരമായി. മണ്ണിടിച്ചിൽഭീതിയുമുണ്ടായിരുന്നു.എങ്കിലും രണ്ട് മണിക്കൂറിനുള്ളിൽ വാഹനം കണ്ടെത്താനായി. വാഹനത്തിനുള്ളിൽ വലിയൊരു തടി കുത്തിക്കയറിയിരുന്നു.

കുണ്ടള ഭാഗത്തുണ്ടായിരുന്ന വാഹനങ്ങളെല്ലാം മൂന്നാർ മേഖലയിലേക്ക്, ഇൻസ്‌പെക്ടർ മനേഷ് കെ.പൗലോസിന്റെ നേതൃത്വത്തിൽ കടത്തിവിട്ടു. അപകടത്തിൽപ്പെട്ട വാഹനത്തിലെ സഞ്ചാരികളെ മറ്റൊരു വാഹനത്തിൽ മൂന്നാറിലേക്ക് കൊണ്ടുപോയി. രാത്രി ഏഴുവരെ തിരഞ്ഞെങ്കിലും രൂപേഷിനെ കണ്ടെത്താനായിട്ടില്ല. തുടർന്ന് പുലർച്ചെയോടെ തിരച്ചിൽ വീണ്ടും ആരംഭിക്കുകയായിരുന്നു.

മിനിബസിന്റെ ഡ്രൈവർ ബിജേഷിന്റെ മനസ്സാന്നിധ്യം വലിയ ദുരന്തമാണ് ഒഴിവാക്കിയത്. വാഹനത്തിന് മുമ്പിലേക്ക് കല്ലുവന്നുവീണപ്പോൾ തന്നെ ബിജേഷിന് അപകടം മനസ്സിലായി. എത്രയും പെട്ടെന്ന് വണ്ടിയിലുണ്ടായിരുന്നവർ ഇറങ്ങണമെന്ന് നിർബന്ധം പിടിച്ചു. ചെളിയിലൂടെ യാത്രക്കാരെ പുറത്തെത്തിക്കാൻ രൂപേഷിനൊപ്പം ബിജേഷും സഹായിച്ചു.ചെളിയിൽ പൂണ്ട വാഹനം തള്ളിക്കയറ്റുന്നതിനിടെയാണ് വീണ്ടും മലവെള്ളം പാഞ്ഞെത്തിയത്. തലനാരിഴയ്ക്കാണ് ബിജേഷ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.