- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി കുട്ടികളുടെ ടെക്ഫെസ്റ്റ് നിരോധിക്കുകയാണോ സുരക്ഷിതരീതി; സുരക്ഷിതമായി പരിപാടികൾ നടത്തുക എന്നതിൽ മാർഗ്ഗ നിർദ്ദേശങ്ങളും പരിശീലനങ്ങളും ഡ്രില്ലുകളും ഉണ്ടാകും എന്ന് കരുതാം; കുസാറ്റ് ദുരന്തത്തിൽ പ്രതികരിച്ചു ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുക്കുടി
കൊച്ചി: കുസാറ്റിൽ നാല് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ഞെട്ടലിലാണ് കേരളം. ബോളിവുഡ് ഗായികയുടെ ഗാനമേള കാണാൻ എത്തിയപ്പോൾ ഉണ്ടായ തിക്കും തിരക്കും മഴ ഉണ്ടായപ്പോൾ ഓടിക്കയറിയതുമാണ് അപകടത്തിന് ഇടയാക്കിയത്. ഈ ദാരുണ സംഭവത്തിൽ പ്രതികരണവുമായി ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുക്കുടി രംഗത്തുവന്നു.
ആളുകൾ വരുന്ന മേളകളിലും സമ്മേളനങ്ങളിലും വേണ്ടത്ര ക്രൗഡ് മാനേജ്മെന്റ് നടത്തുക എന്നത് നമ്മുടെ രീതിയല്ലെന്ന് അദ്ദേഹം വിമർശിച്ചു. ഇനി കുട്ടികളുടെ ടെക്ഫെസ്റ്റ് നിരോധിക്കുക എന്നതിനപ്പുറം എങ്ങനെയാണ് സുരക്ഷിതമായി പരിപാടികൾ നടത്തുക എന്നും മുരളി തുമ്മാരുക്കുടി ഫേസ്ബുക്കിൽ കുറിച്ചു.
തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
കുസാറ്റിലെ അപകടം
സംഗീതമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് കുസാറ്റിൽ നാലു വിദ്യാർത്ഥികൾ മരിച്ചു എന്ന വാർത്ത വരുന്നു. ഏറെ സങ്കടപ്പെടുത്തുന്നു. ഏറെ ആളുകൾ വരുന്ന മേളകളിലും സമ്മേളനങ്ങളിലും ഒന്നും വേണ്ടത്ര ക്രൗഡ് മാനേജ്മെന്റ് നടത്തുക, മുൻകൂർ ഇവാക്വേഷൻ പ്ലാൻ ചെയ്യുക എന്നതൊന്നും നമ്മുടെ രീതിയല്ല. ഇനി കുട്ടികളുടെ ടെക്ഫെസ്റ്റ് നിരോധിക്കുക എന്നതിനപ്പുറം എങ്ങനെയാണ് സുരക്ഷിതമായി പരിപാടികൾ നടത്തുക എന്നതിൽ മാർഗ്ഗ നിർദ്ദേശങ്ങളും പരിശീലനങ്ങളും ഡ്രില്ലുകളും ഉണ്ടാകും എന്ന് കരുതാം. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു
മുരളി തുമ്മാരുകുടി
(അടുത്തയിടക്ക് യഹോവ സാക്ഷികളുടെ സമ്മേളനത്തിന്റെ ഒന്നാം ദിവസം ഒരു അപകടം ഉണ്ടായാൽ എങ്ങനെ ഹാൾ ഇവാക്വേറ്റ് ചെയ്യാം എന്നുള്ള ഡ്രിൽ ഉണ്ടായിരുന്നു എന്നും അത് അപകടത്തിന്റെ രണ്ടാം നിര ദുരന്തം ഒഴിവാക്കി എന്നും വായിച്ചിരുന്നു, നല്ലത്)
കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് നാലു വിദ്യാർത്ഥികളാണ് മരിച്ചത്. മഴ പെയ്തപ്പോൾ വിദ്യാർത്ഥികൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് പേരും കുസാറ്റ് എൻജിനീയറിങ് വിദ്യാർത്ഥികളാണ്. മരിച്ച നാലാമത്തെ ആൾ വിദ്യാർത്ഥിയാണ്. സിവിൽ എൻജിനീയറിങ് രണ്ടാം വർഷം വിദ്യാർത്ഥിയായ എറണാകുളം കുത്താട്ടുകുളം സ്വദേശി അതുൽ തമ്പി, രണ്ടാം വർഷ വിദ്യാർത്ഥിനികളായ നോർത്ത് പറവർ സ്വദേശിനി ആൻ റുഫ്ത, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസ് എന്നിവരാണ് മരിച്ചത്.
പുറമേ നിന്നും എത്തിയ ആളുകളുടെ തള്ളിക്കയറ്റമാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ,. അപകടം ഉണ്ടായത് ഗാനമേളയ്ക്ക് തൊട്ടു മുമ്പാണ് താനും. വലിയ തിരക്ക് ഉണ്ടായിരുന്നില്ലെന്നും മഴ കാര്യമായി ഉണ്ടായിരുന്നില്ലെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്.
അതേസമയം, പരിക്കേറ്റ് ചികിത്സയിലുള്ള നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടു പേർ കളമശ്ശേരി മെഡിക്കൽ കോളജിലും രണ്ടു പേർ ആസ്റ്റർ മെഡിസിറ്റിയിലുമാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്. കളമശ്ശേരിയിൽ നിന്നും ഒരാളെ ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റും. അതേസമയം ഒരാൾ ഐസിയുവിൽ കഴിയുകയാണ്.
കഴിഞ്ഞ മൂന്നു ദിവസമായി നടക്കുന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം സംഗീത സന്ധ്യ തീരുമാനിച്ചിരുന്നു. ഇത് കേൾക്കാൻ ഓഡിറ്റോറിയത്തിനകത്ത് നിറയെ കുട്ടികളുണ്ടായിരുന്നു. ഇതിനിടെ കനത്ത മഴ പെയ്തതോടെ പുറത്തുണ്ടായിരുന്നവർ കൂടി ഓഡിറ്റോറിയത്തിലെക്ക് തള്ളിക്കയറുകയായിരുന്നു. തിരക്കിനിടെ കുട്ടികൾ ശ്വാസം കിട്ടാതെ തലകറങ്ങി വീഴുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ