- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരും ചോദിക്കാനും പറയാനും ഇല്ലെന്ന് പി വി അൻവർ എം എൽ എ കരുതി; ഭരണത്തിന്റെ തണലിൽ ഉരുൾപൊട്ടൽ മേഖലയിൽ കെട്ടിപ്പൊക്കിയത് പുഴയുടെ നീരൊഴുക്ക് തടഞ്ഞ് നാല് അനധികൃത തടയണകൾ; കളക്ടർ അടക്കം അനങ്ങാപ്പാറ നയം സ്വീകരിച്ചിട്ടും തടയണ പൊളിക്കാൻ ഉത്തരവ് വന്നത് മുരുഗേഷ് നരേന്ദ്രൻ തുടക്കമിട്ട നിയമപോരാട്ടത്തിന്റെ വിജയം
മലപ്പുറം: പിവി അൻവർ എഎംഎൽ നിയമം ലംഘിച്ച് നിർമ്മിച്ച നാല് തടയണകൾ പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത് നാലുവർഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ. ടൂറിസം പദ്ധതിയുടെ ഭാഗമായി പി.വി അൻവർ എംഎൽഎ അതീവ പരിസ്ഥിതി ലോല പ്രദേശമായ കക്കാടംപൊയിലിൽ പിവിആർ നാച്വറോ റിസോർട്ടിൽ പ്രകൃതിദത്ത നീരുറവ തടഞ്ഞ് നിർമ്മിച്ച 4 തടയണകൾ് പൊളിക്കാൻ ഹൈക്കോടതിയുടെ ഉത്തരവ് എത്തിയത്.
കൂടരഞ്ഞി പഞ്ചായത്തും കോഴിക്കോട് കളക്ടറും നടപടിയെടുക്കാതെ പലവട്ടം സംരക്ഷിച്ചിട്ടും തടയണ പൊളിക്കാനുള്ള കോടതി വിധിയിലേക്ക് നയിച്ചത് മുരുഗേഷ് നരേന്ദ്രൻ തുടക്കമിട്ട നിയമപോരാട്ടമാണ്. പി.വി അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ വാട്ടർതീം പാർക്ക്, ടൂറിസം പദ്ധതിയുടെ ഭാഗമായാണ് 2017ൽ സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ പീവീആർ നാച്വറോ റിസോർട്ട് നിർമ്മിച്ചത്. ഇരുവഴഞ്ഞിപ്പുഴയിലേക്കെത്തുന്ന പ്രകൃതിദത്ത നീരൊഴുക്ക് തടസപ്പെടുത്തി യാതൊരു അനുമതിയുമില്ലാതെ മൂന്ന് കോൺക്രീറ്റ് തടയണകളും ഒരു മൺതടയണയും നിർമ്മിച്ചു.
നീരുറവ നികത്തി റോഡ് പണിതാണ് റിസോർട്ടിലേക്ക് വഴിയൊരുക്കിയത്. തടയണകളിൽ നിന്നും 130 മീറ്റർ മാറിയാണ് ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സെന്റ്മേരീസ് ഹൈസ്ക്കൂൾ. ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാനിൽ ഉരുൾപൊട്ടൽ മേഖലയായ ഹൈ ഹസാർഡ് സൊണേഷനിലുള്ള സ്ഥലത്ത് എംഎൽഎ തടയണകൾ കെട്ടിയിട്ടും അധികൃതർ അനങ്ങിയില്ല. അനുമതിയില്ലാതെ തടയണകൾ കെട്ടിയതും ദുരന്തസാധ്യതയും ചൂണ്ടികാട്ടി തടയണകൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പ്ലാന്ററും വ്യവസായിയുമായ മുരുഗേഷ് നരേന്ദ്രനാണ് 2018ൽ ദുരന്തനിവാരണ അഥോറിറ്റി ചെയർമാനായ കോഴിക്കോട് കളക്ടർക്ക് ആദ്യം പരാതി നൽകിയത്.
ഒരു വർഷമായിട്ടും പരാതിയിൽ കളക്ടർ ഒരു നടപടിയും സ്വീകരിച്ചില്ല. ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി മുരുഗേഷ് നരേന്ദ്രൻ 2019ൽ അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് പരാതി നൽകി. റവന്യൂ മന്ത്രി കോഴിക്കോട് കളക്ടറോട് റിപ്പോർട്ട് തേടി. ഒടുവിൽ മുരുഗേഷ് നരേന്ദ്രന്റെ പരാതിയിൽ അന്വേഷണം നടത്താൻ കൂടരഞ്ഞി വില്ലേജ് ഓഫീസർക്കും കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിക്കും കളക്ടർ നിർദ്ദേശം നൽകി. തുടർന്നാണ് തടയണകൾക്കും റിസോർട്ടിനുമെതിരെ നടപടിയാവശ്യപ്പെട്ട് കക്കാടംപൊയിൽ സ്വദേശി കെ.വി ജിജു കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്. നടപടിയില്ലാഞ്ഞതോടെ ജിജു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ വിജിലൻസ് സ്ക്വാഡിന് പരാതി നൽകി.
മുരുഗേഷ് നരേന്ദ്രന്റെ പരാതിയിൽ അന്വേഷണം നടത്തിയ കൂടരഞ്ഞി വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും അനുമതിയില്ലാതെ അനധികൃതമായാണ് പ്രകൃതിദത്ത നീരുറവകൾ തടഞ്ഞ് തടയണകൾ നിർമ്മിച്ചതെന്ന് കളക്ടർക്ക് റിപ്പോർട്ട് നൽകി. കക്കാടംപൊയിലിൽ തടയണകൾ ഉൾപ്പെടെ പി.വി അൻവർ എംഎൽഎയുടെ അനധികൃത നിർമ്മാണങ്ങൾ സന്ദർശിക്കാനെത്തിയ എം.എൻ കാരശേരിയുടെ നേതൃത്വത്തിലുള്ള സാംസ്കാരിക അന്വേഷണ യാത്ര തടഞ്ഞ് അംഗങ്ങൾക്കു നേരെ കക്കാടംപൊയിലിൽ അക്രമമുണ്ടായി.
തടയണകൾ നിയമവിരുദ്ധമായാണ് നിർമ്മിച്ചതെന്ന അന്വേഷണ റിപ്പോർട്ടുകൾ ലഭിച്ചിട്ടും ജില്ലാ കളക്ടർ നടപടിയെടുക്കാതായതോടെ സാംസ്കാരിക അന്വേഷണ യാത്രയിലെ അംഗമായിരുന്ന കേരള നദീ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി രാജൻ 2020തിൽ ഹൈക്കോടതിയെ സമീപിച്ചു. കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോർട്ടുകൾ പരിഗണിച്ച് കളക്ടർ രണ്ടുമാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി 2020തിൽ ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവനുസരിച്ച് കളക്ടർ വിചാരണ നടത്തിയെങ്കിലും പീവീആർ നാച്വറോ റിസോർട്ട് ഉടമകൾക്ക് അനുമതി സംബന്ധിച്ച രേഖകൾ ഹാജരാക്കാനായില്ല.
ഹൈക്കോടതി നൽകിയ സമയപരിധിക്കുള്ളിൽ കളക്ടർ തീരുമാനമെടുക്കാതായതോടെ കളക്ടർക്കെതിരെ കോടതി അലക്ഷ്യത്തിന് ടി.വി രാജൻ 2021ൽ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കളക്ടർക്ക് നോട്ടീസ് അയച്ചതോടെ വീണ്ടും കളക്ടർ ടി.വി രാജനെയും റിസോർട്ട് മാനേജരെയും വിളിച്ച് വിചാരണ നടത്തി. രണ്ടു തവണ നടത്തിയ വിചാരണയിലും പീവീആർ നാച്വറോ റിസോർട്ട് ഉടമകൾക്ക് രേഖകൾ ഹാജരാക്കാനായില്ല. ഇതോടെ പീവീആർ നാച്വറോ റിസോർട്ടിനു വേണ്ടി പ്രകൃതിദത്ത നീരുറവകൾ തടഞ്ഞ് നിർമ്മിച്ച 4 തടയണകളും പൊളിച്ചു നീക്കാൻ 2021 ഓഗസ്റ്റ് 30ന് കോഴിക്കോട് കളക്ടർ ഉത്തരവിട്ടു.
കളക്ടറുടെ ഉത്തരവ് പ്രകാരം തടയണ പൊളിക്കാതെ തടയണയിലെ വെള്ളം മാത്രം ഒഴുക്കിവിടുകയാണുണ്ടായത്. തടയണ പൊളിക്കാനുള്ള ഉത്തരവ് നിലനിൽക്കെ പി.വി അൻവർ എംഎൽഎ തടയണകളും റിസോർട്ടും നിലനിൽക്കുന്ന സ്ഥലം കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വിൽപന നടത്തി. തടയണകൾ പൊളിച്ചാൽ നീരുറവക്ക് കുറുകെ പണിത റോഡില്ലാതാകുമെന്നും തനിക്കും സമീപത്തുള്ളവർക്കും വഴിയില്ലാതാകുമെന്നു കാണിച്ച് കളക്ടറുടെ ഉത്തരവിനെതിരെ 2022ൽ ഷഫീഖ് ഹൈക്കോടതിയെ സമീപിച്ചു. തടയണകൾ പൊളിക്കൽ താൽക്കാലികമായി തടഞ്ഞുകൊണ്ട് തൽസ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു.
ഷഫീഖ് ആലുങ്ങളിന്റെ അപേക്ഷയിൽ അഡ്വ. ടി.ടി ഷാനിബയെ അഡ്വക്കറ്റ് കമ്മീഷനായി ഹൈക്കോടതി നിയോഗിച്ചു. അഡ്വക്കറ്റ് കമ്മീഷൻ സ്ഥലം സന്ദർശിച്ച കഴിഞ്ഞ ഏപ്രിൽ 11ന് പരിസ്ഥിതി പ്രവർത്തകരെ തടയണ പ്രദേശത്തേക്ക് പ്രവേശിക്കാതെ തടഞ്ഞ് വെച്ചു. രേഖകൾ സമർപ്പിക്കാനെത്തിയ പരാതിക്കാരൻ കെ.വി ജിജുവിനെയും കടത്തിവിട്ടില്ല.
തടയണയിലെ വെള്ളം ഒഴുക്കിവിട്ടതിനാൽ അപകടഭീഷണിയില്ലെന്നും തടയണയിൽ വെള്ള്ളം ഉള്ളതുകൊണ്ടാണ് സമീപത്തെ വീടുകളിലെ കിണറുകളിൽ വെള്ളം ലഭിക്കുന്നതെന്നും തടയണ പൊളിച്ചാൽ നാട്ടുകാർക്ക് വഴിയുണ്ടാകില്ലെന്നുമായിരുന്നു കമ്മീഷൻ റിപ്പോർട്ട്. കക്കാടംപൊയിൽ സ്വദേശി കെ.വി ജിജു കേസിൽ കക്ഷിചേർന്ന് കമ്മീഷൻ റിപ്പോർട്ടിനെതിരെ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. വിശദമായ വാദങ്ങൾക്കു ശേഷമാണ് തടയണകൾ ഉടൻ പൊളിച്ചുനീക്കാൻ ജസ്റ്റിസ് വി.ജി അരുൺ ഉത്തരവിട്ടത്. ഭീഷണിയെയും മർദ്ദനത്തെയും വേട്ടയാടലുകളെയും കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി രാജൻ, മുരുഗേഷ് നരേന്ദ്രൻ, കെ.വി ജിജു എന്നിവർ നടത്തിയ നിയമപോരാട്ടമാണ് വിജയം കണ്ടത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്