- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇനി ചെയ്യരുത് ട്ടോ മോന.... ഞാനൊരു ടീച്ചറാണ്..... കുട്ടികളെ എൽ.കെ.ജി. മുതൽ പഠിപ്പിക്കുന്ന ടീച്ചറാണ്.....; കള്ളനെ ഉപദേശിക്കുന്ന ടീച്ചർ; അവസാനത്തേതാകണമെന്ന് പറയുന്ന പൊലീസുകാരൻ; മുത്തുലക്ഷ്മിയുടെ വാക്കുകൾ വൈറലാകുമ്പോൾ

പാലക്കാട്: മോഷണക്കേസിൽ പിടിയിലായ പ്രതിയുമായി തെളിവെടുപ്പിനെത്തിയപ്പോൾ അദ്ധ്യാപിക നൽകുന്ന ഉപദേശം വൈറൽ. തൃത്താല സ്വദേശിയും സ്‌കൂൾ അദ്ധ്യാപികയുമായ മുത്തുലക്ഷ്മിയാണ് തന്റെ വീട്ടിൽ മോഷണശ്രമം നടത്തിയ കള്ളനെ നേരിട്ടുകണ്ടപ്പോൾ ഉപദേശവും നൽകിയത്. 'ഇനി ചെയ്യരുത് ട്ടോ മോനെ', എന്നാണ് അദ്ധ്യാപിക പറയുന്നത്. നിരവധി മോഷണ കേസിലെ പ്രതിയോടാണ് ഈ ഉപദേശം. തന്റെ മോന്റെ പ്രായമേയുള്ളൂ എന്നുപറഞ്ഞ്, മോഷണക്കേസിൽ പിടിയിലായ യുവാവിനോടാണ് മോഷണം നടന്ന വീട്ടിലെ അദ്ധ്യാപിക ഉപദേശം നടത്തുന്നത്.
സെപ്റ്റംബർ 14-ന് പുലർച്ചെയാണ് മുത്തുലക്ഷ്മിയുടെ 'ലക്ഷ്മിവിലാസം' വീട്ടിൽ മോഷണശ്രമം നടന്നത്. സംഭവദിവസം അദ്ധ്യാപിക ബെംഗളൂരുവിലെ മകളുടെ വീട്ടിലായിരുന്നു. അന്നേദിവസം തന്നെ സമീപത്തെ വീട്ടിൽനിന്ന് പണവും കവർന്നിരുന്നു. ഈ കേസുകളിൽ പ്രതിയായ കണ്ണൂർ ഇരിക്കൂർ സ്വദേശി ഇസ്മായിലി(31)നെ കഴിഞ്ഞദിവസമാണ് തൃത്താല പൊലീസ് പിടികൂടിയത്. തുടർന്ന് തെളിവെടുപ്പ്. അപ്പോഴാണ് അദ്ധ്യാപിക ഉപദേശം നൽകിയത്. ഇത് വീഡിയോയായി ആരോ എടുത്തു. ഇതാണ് വൈറലായത്. മുത്തുലക്ഷ്മി തന്റെ ജീവിതസാഹചര്യമെല്ലാം പറയുമ്പോൾ കൈയിൽ വിലങ്ങുമായി തലതാഴ്‌ത്തി നിൽക്കുകയായിരുന്നു പ്രതിയായ ഇസ്മായിൽ.
''ഇനി ചെയ്യരുത് ട്ടോ മോന, ഞാനൊരു ടീച്ചറാണ്. കുട്ടികളെ എൽ.കെ.ജി. മുതൽ പഠിപ്പിക്കുന്ന ടീച്ചറാണ്. അക്ഷരം പറഞ്ഞുകൊടുക്കുന്നതാണ്. എന്റെ 38 വയസ്സിലെ ജീവിതത്തിനിടെ എന്റെ അച്ഛൻ, അമ്മ, ഭർത്താവ് എന്നിവരെയൊക്കെ നഷ്ടപ്പെട്ടതാണ്. എനിക്ക് രണ്ട് പെൺകുട്ടികളാണ്. ഈ കുട്ടി ഡിഗ്രി കഴിഞ്ഞതാണ്. അതിനൊരു ജോലി കിട്ടി. ഞങ്ങളെയടുത്ത് ഒന്നുമില്ല. ഇപ്പോഴാണ് എന്റെ കുട്ടിക്കൊരു ജോലി കിട്ടിയത്. ആ ഒരു സാഹചര്യം മനസിലാക്കണം. ഞങ്ങളുടെ മാത്രമല്ല. എല്ലാ വീടുകളിലും ഇതുപോലെയുള്ള ആൾക്കാരാണ്. നല്ലതായിട്ട് പെരുമാറാൻ ശ്രമിക്കുക. എന്റെ മോനെപോലെ, എന്റെ മോന്റെ പ്രായേ ആയിട്ടുണ്ടാവുകയുള്ളൂ നിനക്ക്'', എന്നായിരുന്നു അദ്ധ്യാപികയുടെ വാക്കുകൾ.
അദ്ധ്യാപിക പറഞ്ഞുനിർത്തിയതിന് പിന്നാലെ ഇത് അവസാനത്തെയാകണമെന്ന് ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും പ്രതിയോട് ഉപദേശിച്ചു. ഇരിക്കൂർ സ്വദേശി ഇസ്മായിൽ നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. തൃത്താലയിലും ആനക്കരയിലും നടന്ന മോഷണപരമ്പരയിലാണ് ഇസ്മായിലിനെ ഇപ്പോൾ അറസ്റ്റ് ചെയ്തത്. ആനക്കരയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് നിർണ്ണായകമായത്.
ആനക്കരയിലും കണ്ണനൂരിലും വീടുകളിൽ മോഷണം നടത്തിയതും ഞാങ്ങാട്ടിരിയിൽ സ്ത്രീയുടെ മാലപൊട്ടിച്ചതുമടക്കമുള്ള അഞ്ചോളം മോഷണങ്ങളും പിടിച്ചുപറിയും നടത്തിയെന്ന് ഇസ്മായിൽ കുറ്റസമ്മതം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ തൃശ്ശൂർ ജില്ലയിലെ ചാവക്കാട്ടാണ് താമസിക്കുന്നത്. തൃത്താല, കണ്ണനൂർ, ഞാങ്ങാട്ടിരി, ആനക്കര എന്നിവിടങ്ങളിൽ നടന്ന തുടർമോഷണങ്ങളിലെ പ്രതികളെ പിടികൂടാൻ കഴിയാത്തത് പൊലീസിനെ സമ്മർദത്തിലാക്കിയിരുന്നു.
തൃത്താല ഇൻസ്പെക്ടർ സി. വിജയകുമാർ, എസ്‌ഐ. കെ.എം. ഷാജി, ഷൊർണൂർ ഡിവൈ.എസ്‌പി.യുടെ സ്‌ക്വാഡ് അംഗങ്ങളായ ജി.എസ്. ഐ. ജോളി, സി.പി.ഒ.മാരായ അബ്ദുൽ റഷീദ്, ഷംസീർ, സജിത്ത് എന്നിവരടങ്ങിയ സംഘമാണ് ചൊവ്വാഴ്ച വൈകീട്ട് ഇസ്മയിലിനെ അറസ്റ്റുചെയ്തത്.


