- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് ഐസക്കിനും കടകംപള്ളി സുരേന്ദ്രനും എതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കുന്നതിന് പാർട്ടിയുടെ അനുമതിയുണ്ട്; അവർ കൊടുക്കട്ടെ... മുഖ്യമന്ത്രി പിണറായി വിജയന് മാനനഷ്ടം കൊടുക്കലല്ല പണി; ഞാനേതായാലും കേസ് കൊടുക്കുമെന്ന് എംവി ഗോവിന്ദൻ; ഇനി അറിയേണ്ടത് ആരെല്ലാം കേസ് കൊടുക്കുമെന്ന്; രണ്ടും കൽപ്പിച്ച് സിപിഎം സെക്രട്ടറി
കോട്ടയം: സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പാർട്ടി ആർക്കും അനുമതി നിഷേധിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കേസ് കൊടുക്കുമെന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു. തോമസ് ഐസക്കിനും കടകംപള്ളി സുരേന്ദ്രനും എതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കുന്നതിന് പാർട്ടിയുടെ അനുമതിയുണ്ട്. അവർ കൊടുക്കട്ടെ, മുഖ്യമന്ത്രി പിണറായി വിജയന് മാനനഷ്ടം കൊടുക്കലല്ല പണി,മറ്റു പണികൾ ഉണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെ പോലും വെട്ടിലാക്കുന്നതാണ് സെക്രട്ടറിയുടെ പ്രഖ്യാപനം. ആരെല്ലാം ഇനി കേസ് കൊടുക്കുമെന്നതാണ് നിർണ്ണായകം.
സ്വപ്ന സുരേഷ് ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം രാഷ്ട്രീയമാണ്. അതൊന്നും ഗുരുതരമായതല്ല. തന്നെ പോലും അറിയാത്ത ആൾ തന്നെ കുറിച്ച് പറഞ്ഞു എന്നാണല്ലോ പറഞ്ഞത്. സത്യസന്ധമായ കാര്യങ്ങൾ ആര് മൂടിവച്ചാലും പുറത്ത് വരും. തനിക്കെതിരായ ആരോപങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും ഗോവിന്ദൻ വ്യക്തമാക്കി. 'മറ്റുള്ളവർ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല എന്നത് അവരോടാണ് ചോദിക്കേണ്ടത്. തനിക്കെതിരെ ഉന്നയിച്ച ആരോപണം പോലെയല്ല തോമസ് ഐസക്കിനെതിരെയും കടകംപള്ളി സുരേന്ദ്രനെതിരേയും ഉന്നയിച്ചിരിക്കുന്നത്. അതിനൊന്നും ഒരു ഗൗരവവുമില്ല. നിയമനടപടി സ്വീകരിക്കാൻ പാർട്ടി അവരെ അനുവദിച്ചിട്ടുണ്ട്. അവർ കൊടുക്കട്ടെ. പാർട്ടി അനുവദിച്ചിട്ടില്ലെന്ന് ആരാണ് പറഞ്ഞത്. ഞങ്ങൾക്കിതൊന്നും മൂടിവെക്കാനില്ല' സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പാർട്ടിയുമായി ആലോചിച്ച് സ്വപ്നയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തോമസ് ഐസക് ആരോപണം ഉയർന്ന സമയത്ത് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു എം വിഗോവിന്ദൻ. ശ്രീരാമകൃഷ്ണനെതിരേയും ഗുരുതര ആരോപണങ്ങൾ സ്വപ്‌ന ഉയർത്തിയിരുന്നു. കേസ് കൊടുക്കാൻ വെല്ലുവിളിക്കുകയും ചെയ്തു. എന്നാൽ ഇതുവരെ ആരും കേസു കൊടുത്തില്ല. ഇതിനിടെയാണ് വിവാദം പുതിയ തലത്തിലെത്തുന്നത്. എംവി ഗോവിന്ദന്റെ കേസു കൊടുക്കൽ മറ്റ് സഖാക്കളേയും അതിലേക്ക് നയിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ അതിശക്തമായ ആരോപണമാണ് സ്വപ്‌ന ഉന്നയിച്ചിട്ടുള്ളത്. അവരും കേസ് കൊടുക്കുന്നതിൽ പ്രതികരിച്ചിട്ടില്ല.
കേന്ദ്ര സർക്കാരിന്റെ ഏജൻസികൾ സ്വപ്ന ഉൾപ്പടെയുള്ള സ്വർണക്കടത്തുകാർക്കെതിരെ എടുത്ത കേസുമായി ഞങ്ങൾക്കെന്താണ് പ്രശ്നം. ഞങ്ങൾ അതിൽ എന്തിൽ ഇടപടെണം. വെളിപ്പെടുത്താനുള്ളതൊക്കെ വെളിപ്പെടുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'മടിയിൽ കനമുള്ളവനെ വഴിയിൽ ഭയപ്പെടേണ്ടതുള്ളൂവെന്ന് പിണറായി നേരത്തെ പറഞ്ഞതാണ്. അത് ശരിയാണ്. മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണികളുണ്ട്. മാനനഷ്ടം കൊടുക്കലല്ല പണി. മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടുത്താൻ ആയിരംവട്ടം ശ്രമിച്ചാലും അത് നഷ്ടപ്പെടില്ല. ആ ഉറപ്പുണ്ട്' എം വിഗോവിന്ദൻ പറഞ്ഞു.
ബ്രഹ്‌മപുരത്ത് സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി വിഷയത്തിൽ കാര്യക്ഷമമായി ഇടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭാ തർകത്തിൽ ആരെയും ശത്രുപക്ഷത്ത് നിർത്താൻ ഉദ്ദേശിക്കുന്നില്ല. സുപ്രീം കോടതി വിധിയടക്കം എല്ലാ വശങ്ങളും പരിശോധിച്ച് മുന്നോട്ടു പോകുമെന്നും എം വിഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയെ പ്രതിരോധിച്ചാണ് ഗോവിന്ദന്റെ പ്രസ്താവനകൾ.
മറുനാടന് മലയാളി ബ്യൂറോ