- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളെ എത്തിക്കാൻ ഉപയോഗിച്ച സ്കൂൾ ബസിനെതിരെ നടപടി; പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കി പിഴ ഈടാക്കിയതായി ജോയിന്റ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ; പിഴ ഈടാക്കിയത് പതിനയ്യായിരത്തോളം രൂപ
കോഴിക്കോട്: സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളെ എത്തിക്കാൻ സ്കൂൾ ബസ് ഉപയോഗിച്ച സംഭവത്തിൽ നടപടി. പേരാമ്പ്രയിൽ നടന്ന പരിപാടിയിലേക്ക് ചക്കിട്ടപ്പാറ മുതുകാട് ഭാഗത്തുനിന്ന് ആളുകളെ എത്തിക്കാനാണ് പേരാമ്പ്ര മുതുകാട് പ്ലാന്റേഷൻ ഹൈസ്ക്കൂളിലെ ബസ്സ് ഉപയോഗിച്ചത്. ബസ്സിൽ പാർട്ടി കൊടിയും ജാഥയുടെ ഫ്ളക്സും സ്ഥാപിച്ചിരുന്നു. ഈ സംഭവത്തിലാണ് കെ എൽ 06 സി 8439 നമ്പർ ബസിന് പിഴയീടാക്കിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ എഎംവിഐമാരായ നൂർ മുഹമ്മദ്, ഷാൻ എസ് നാഥ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കി മുവ്വായിരം രൂപ പിഴ ഈടാക്കുകയും കോൺട്രാക്ട് കാര്യേജ് നിരക്കിൽ അധിക നികുതിയായി 11,700 രൂപ ഈടാക്കുകയും ചെയ്തതായി പേരാമ്പ്ര ജോയിന്റ് റീജ്യണൽ ട്രാൻസ്പോർട് ഓഫീസറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥയിലേക്ക് പേരാമ്പ്രയിൽ ആളെ എത്തിക്കാൻ സർക്കാർ സ്കൂൾ ബസ് ഉപയോഗിച്ചെന്ന് കാട്ടി യൂത്ത് കോൺഗ്രസായിരുന്നു പരാതി നൽകിയത്. സർക്കാർ സംവിധാനങ്ങൾ പാർട്ടി പരിപാടികൾക്ക് വേണ്ടി ദുരുപയോഗിക്കുന്നു എന്ന് കാണിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പരാതി. ഇക്കാര്യത്തിൽ നിയമപ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി. ബസ് വാടകയ്ക്ക് എടുത്തതാണെന്നും അതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ ഇത്തരത്തിൽ സ്കൂൾ ബസുകൾ വാടകയ്ക്ക് നൽകുന്നതിൽ നിയമപരമായ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് അത് പരിശോധിക്കാമെന്ന് അദ്ദേഹം പറഞ്ഞത്. ഇതേ സമയം കെ എൽ 05 ഡബ്യു 9799 നമ്പർ സ്കൂൾ വാഹനം ഈ ദിവസം പരാതിയിൽ പറയുന്ന പ്രകാരം സർവീസ് നടത്തിയതായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും ഉത്തരവിൽ പറയുന്നുണ്ട്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.