- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഞ്ഞിലിമൂട്ടിൽ വൈദ്യന്മാർ; ചെറിയ ഒടിവിനും ചതവിനുമെല്ലാം നാട്ടുകാരുടെ ആശ്വാസകേന്ദ്രം; തൊട്ടടുത്തൊന്നും വീടുകളില്ല; ദൂരക്കാഴ്ച മറച്ച് പറമ്പിൽ പ്ലാവും ആഞ്ഞിലിയും; നരബലി നടന്ന വീട് ഇലന്തൂരിലെ ദുരൂഹത നിറഞ്ഞ പ്രദേശം
തിരുവല്ല: നരബലിക്കേസിൽ തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരുടെ അറസ്റ്റിന് പിന്നാലെ പ്രതികൾ കുറ്റം സമ്മതിച്ചതോടെ ഞെട്ടിത്തരിച്ച് നിൽക്കുകയാണ് ഇലന്തൂർ നാട്. രാവിലെ മുതൽ വാർത്തകളായി കേട്ട കാര്യങ്ങൾ ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല ഇവിടുത്തെ സാധാരണക്കാരായ നാട്ടുകാർക്ക്.
വിവരിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള അതിക്രൂരമായ കൊലപാതകങ്ങളാണ് പ്രതികൾ നടത്തിയത്. പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബാണ് നരബലിയുടെ ആസൂത്രകനെന്നും പൊലീസ് സൂചിപ്പിച്ചു. ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ വഴിയാണ് റാഷിദ് എന്ന സിദ്ധനെന്ന പേരിൽ മുഹമ്മദ് ഷാഫി, ഇലന്തൂരിലെ ദമ്പതികളെ വലയിലാക്കിയത്. തുടർന്നാണ് നരബലി അരങ്ങേറിയത്. കേസിൽ മൂന്നു പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇലന്തൂരിൽ നരബലിക്ക് വിധേയരായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. പ്രതി ഭഗവൽ സിങ്ങിന്റെ ഇലന്തൂർ മണപ്പുറത്തെ വീടിന്റെ പിന്നിൽ നിന്നാണ് ശരീരവശിഷ്ടങ്ങൾ കണ്ടെത്തിയത്. വീടിനോട് ചേർന്ന് മരങ്ങൾക്കിടയിലാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നത്.
വീടിന്റെ വലതുഭാഗത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടതായാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് ഇവിടെ കുഴിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. മൃതദേഹത്തിന് മുകളിൽ ഉപ്പു വിതറിയിരുന്നു. ലഭിച്ചത് പത്മത്തിന്റെ ശരീരാവശിഷ്ടങ്ങളാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിനോട് ചേർന്നു തന്നെയാണ് റോസ്ലിയെയും കുഴിച്ചിട്ടതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞിരുന്നു.
ആർഡിഒ അടക്കം നിരവധി പ്രധാന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സ്ഥലം കുഴിച്ച് പരിശോധന നടത്തിയത്. കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ ആരുടേതാണെന്ന് കണ്ടെത്തുന്നതിനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് സംഘം ഡിഎൻഎ പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചിട്ടുണ്ട്.
എല്ലാ ആളുകളുമായി ഇടപഴകുന്ന വ്യക്തി ഇത്തരത്തിലൊരു ക്രൂരകൃത്യം ചെയ്യുമോ എന്ന സംശയമാണ് എല്ലാവരും പങ്കുവയ്ക്കുന്നത്. ആഞ്ഞിലിമൂട്ടിൽ വൈദ്യന്മാർ എന്നാണ് ഇവർ അറിയപ്പെടുന്നത്. പൊതുപ്രവർത്തനത്തിലും ഭഗവൽസിങ് സജീവമാണ്. എല്ലാവർക്കും നല്ല അഭിപ്രായം മാത്രമേ പറയാനുള്ളൂ. നാട്ടുകാർക്കു ചെറിയ ഒടിവിനും ചതവിനുമെല്ലാം ആശ്വാസകേന്ദ്രമാണ് ഭഗവൽസിങ്ങിന്റെ തിരുമ്മുകേന്ദ്രം.
രണ്ടുകെട്ടിടങ്ങളാണു ഭഗവൽസിങ്ങിനുള്ളത്. ഒന്ന് വീടും മറ്റൊന്ന് തിരുമ്മൽ കേന്ദ്രവും. അൽപം ദുരൂഹതകൾ നിറഞ്ഞതാണ് ആ പ്രദേശം. ഇവരുടെ കെട്ടിടങ്ങളുടെ തൊട്ടടുത്തൊന്നും വീടുകളില്ല. അപ്പുറത്തു മാറി ഒരു വീടുണ്ടെങ്കിലും തിരുമ്മുകേന്ദ്രത്തിൽ നടക്കുന്നതൊന്നും കാണുന്ന തരത്തിലല്ല ആ ഭൂമിയുടെ ഘടന. പറമ്പിൽ പ്ലാവും ആഞ്ഞിലിയും കാഴ്ചകളെ മറയ്ക്കുന്നുണ്ട്. ഒരു വശം റബറും മറുവശം പാടവുമാണ്. അതിനാൽ നാട്ടുകാർക്ക് ഇവിടെ എന്തു നടക്കുന്നു എന്ന് അറിയാനാവില്ലെന്നു വ്യക്തം. ഓടിട്ട കെട്ടിടത്തിനു മുന്നിലാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടത്.
പെരുമ്പാവൂർ സ്വദേശി മുഹമ്മദി ഷാഫിയുടെ 'ഐശ്വര്യ പൂജകൾക്കായി സമീപിക്കുക' എന്ന ഫേസ്ബുക് പോസ്റ്റ് കണ്ടാണ് ഭഗവൽസിങ്ങും ഭാര്യയും ബന്ധപ്പെടുന്നത്. നരബലിയാണ് പരിഹാരം എന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഇവരിൽനിന്നും ഷാഫി പണം കൈക്കലാക്കി. തുടർന്ന് ആറു മാസം മുൻപ് കാലടി സ്വദേശിനിയായ റോസിലിയെ കടത്തിക്കൊണ്ടുപോയി നരബലി നൽകി.
ഒരാളെ കൂടി ബലി കൊടുക്കണം എന്നു പറഞ്ഞാണു കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെ സെപ്റ്റംബർ 26നു കടത്തിക്കൊണ്ടുപോയത്. പത്മത്തെ കാണാനില്ല എന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണു ദുർമന്ത്രവാദവും നരബലിയും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. കൊല്ലപ്പെട്ട രണ്ടു സ്ത്രീകളും ലോട്ടറി കച്ചവടക്കാരാണ്. അതിക്രൂരമായ രീതിയിൽ തലയറുത്താണു സ്ത്രീകളെ കൊലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം.
മറുനാടന് മലയാളി ബ്യൂറോ