കൊല്ലം: ഇത് ഗവർണറുടെ നാലമത്തെ ഷോയെന്ന് മന്ത്രി വി ശിവൻകുട്ടി. നിലമേലിലേത് നാലാമത്തെ ഷോയെന്ന് മന്ത്രി പറയുമ്പോൾ പൊലീസ് എഫ് ഐ ആർ പറയുന്നത് മറ്റൊരു കഥ. ഗവർണർ നിലമേലിൽ കുത്തിയിരുന്നതിനെ തുടർന്ന് പൊലീസ് എഫ് ഐ ആർ ഇട്ടത് അതിവേഗമാണ്.

പ്രതിഷേധക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളും ചുമത്തി. ഇതെല്ലാം ഗവർണറുടെ പ്രതിഷേധത്തിന്റെ ഫലമായിരുന്നു. ഇല്ലാത്ത പക്ഷം ജാമ്യമുള്ള വകുപ്പകളിൽ കേസ് ഒതുങ്ങിയേനെ. എതായാലും ഗവർണറുടേത് വെറും ഷോ അല്ലെന്ന് സൂചന നൽകുന്നതാണ് എഫ് ഐ ആർ. എഫ് ഐ ആർ കിട്ടിയതിന് പിന്നാലെ ഗവർണറുടെ പ്രതിഷേധം അവസാനിച്ചു. ഒന്നേ മുക്കാൽ മണിക്കൂറോളം പ്രതിഷേധം നീണ്ടു. അമ്പത് പേർ പ്രതിഷേധിക്കാനെത്തിയെന്നാണ് ഗവർണർ പറയുന്നത്. എന്നാൽ 17 പേർക്കെതിരെയാണ് കേസെടുത്തത്. അതുകൊണ്ട് തൃപ്തനാണെന്ന് പറഞ്ഞാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത്.

പൊതു വീഥികളിൽ പ്രകടനങ്ങളും ജാഥകളും നടത്താൻ പാടില്ല എന്നുള്ള നിയമം നിലവിലിരിക്കെ ആയതിന് വിപരീതമായി എസ് എഫ് ഐ പ്രവർത്തകരായ ഒന്നു മുതൽ 12 വരെ പ്രതികളും കണ്ടാലറിയാവുന്ന അഞ്ചു പേരും പ്രവർത്തിച്ചുവെന്നാണ് ആരോപണം. ഗവർണറുടെ യാത്ര തടസ്സപ്പെടുത്തണമെന്നും ഗവർണറുടെ യാത്രയുടെ റൂട്ട് ബന്തവസ് ഡ്യൂട്ടിയിലുണ്ടായിരുന്ന അവലാതിക്കാരൻ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഓദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തുമെന്നുള്ള ഉദ്ദേശത്തോടെ സംഘടിപ്പിച്ചുവെന്നാണ് ആരോപണം.

ഗവർണറുടെ വാഹനം തടഞ്ഞ് യാത്ര തടസ്സപെടുത്തിയും ആയതിൽ നിന്നും പ്രതികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരുടെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഐപിസിയിലെ 143, 144, 147, 288, 353, 124, 149 വകുപ്പുകൾ പ്രകാരമാണ് കേസ്. നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുനേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധമുണ്ടായതിന് പിന്നാലെ നാടകീയരംഗങ്ങൾ അരങ്ങേറി. വാഹനത്തിൽനിന്നും റോഡിലിറങ്ങി പ്രവർത്തകരോടും പൊലീസിനോടും കയർത്ത ഗവർണർ റോഡിൽ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പൊലീസ് ആണെന്നും അവർക്കെതിരെ കേസെടുക്കാതെ വാഹനത്തിൽ കയറില്ലെന്ന ഉറച്ച നിലപാടിൽ റോഡിന് സമീപമിരുന്ന് പ്രതിഷേധിച്ചു. എഫ് ഐ ആർ കിട്ടിയതിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

സദാനന്ദ ആശ്രമത്തിൽ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്തുനിന്നും നിലമേൽ വഴി സദാനന്ദപുരത്തേക്ക് പോകുകയായിരുന്നു ഗവർണർ. യാത്രാമധ്യേയാണ് നിലമേൽവെച്ച് എസ്.എഫ്.ഐക്കാർ കരിങ്കൊടികളുമായി ഗവർണറുടെ വാഹനത്തിന് നേരെ പ്രതിഷേധവുമായി എത്തിയത്. ക്ഷുഭിതനായ ഗവർണർ കാറിൽ നിന്നിറങ്ങി പ്രതിഷേധക്കാർക്കുനേരെ കയർക്കുകയായിരുന്നു. 'പൊലീസാണ് പ്രതിഷേധക്കാർക്ക് സംരക്ഷണം നൽകുന്നത്. അവർക്കെതിരെ കേസെടുക്കുംവരെ ഞാൻ ഇവിടെ നിന്നും പോകില്ല. പൊലീസ് തന്നെ നിയമം ലംഘിക്കുകയാണെങ്കിൽ പിന്നെ ആരാണ് നിയമം സംരക്ഷിക്കുക,' - ഗവർണർ കൊല്ലം റൂറൽ എസ്‌പിയോട് തട്ടിക്കയറി.

അനുനയിപ്പിക്കാനെത്തിയ പേഴ്‌സണൽ സ്റ്റാഫിനോടും ഗവർണർ ചൂടായി. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും വിളിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന് വീഴ്ച സംഭവിക്കുന്നുവെന്നും പൊലീസുകാർ പ്രതിഷേധക്കാർക്ക് ഒത്താശ ചെയ്യുകയാണെന്നുമാണ് ഗവർണർ ആരോപിക്കുന്നത്. അതേസമയം, പ്രതിഷേധക്കാരെ മുഴുവൻ പൊലീസുകാർ സംഭവസ്ഥലത്തുനിന്നും മാറ്റിയിട്ടുണ്ട്. നേരത്തെയും കരിങ്കൊടി പ്രതിഷേധങ്ങളെ തുടർന്ന് ഗവർണർ നാടകീയ നീക്കങ്ങൾ നടത്തിയിരുന്നു.