- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടാൻ താറാവായതും, കുറുവച്ചൻ കുര്യച്ചനായതും ആവർത്തിക്കുന്നു; കേസ് കോടതിയിൽ എത്തിയതോടെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറി; ഭ്രമയുഗത്തിൽ മമ്മൂട്ടി കുഞ്ചമൺ പോറ്റിയല്ല 'കൊടുമൺ പോറ്റി'; മലയാള സിനിമയിൽ വീണ്ടുമൊരു പേരുമാറ്റ വിവാദം
1988 ൽ സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ 'പൊന്മുട്ടയിടുന്ന താറാവ്' എന്ന സിനിമക്ക് ആദ്യമിട്ട പേര് 'പൊന്മുട്ടയിടുന്ന തട്ടാൻ' എന്നായിരുന്നു. എന്നാൽ ഇത് തങ്ങളെ ആക്ഷേപിക്കുന്നതാണെന്ന് തട്ടാൻ സമുദായക്കാരിൽ ചിലർ പ്രതിഷേധിച്ചതോടെയാണ് ചിത്രത്തിന്റെ പേര് താറാവായി മാറിയത്. അതുപോലെ ഭദ്രൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ 'സ്ഫടികം' എന്ന സൂപ്പർ ഹിറ്റിലെ വില്ലൻ പൊലീസുകാരന്റെ വേഷത്തിന് 'പുലിക്കോടൻ' എന്ന പേരിട്ടതിനെതിരെ, രാജൻകേസിലൊക്കെ ആരോപണ വിധേയനായ മുൻ പൊലീസ് ഓഫീസർ പുലിക്കോടൻ നാരായണൻ ഹരജിയുമായി എത്തിയിരുന്നു. ഇതേതുടർന്ന് ആ പേര് എഡിറ്റ് ചെയ്താണ് ചിത്രം ഇറങ്ങിയത്. പൃഥിരാജ്- ഷാജികൈലാസ് കൂട്ടുകെട്ടിൽ കഴിഞ്ഞ വർഷം ഇറങ്ങിയ, കടുവ എന്ന സിനിമയിലും ഇതുപോലെ വിവാദമുണ്ടായി. കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പാലായിലെ പ്ലാന്റർ കം വ്യവസായി സിനിമയിൽ തന്റെ പേര് ഉപയോഗിക്കുന്നതിനെതിരെ കോടതിയിൽ എത്തി. അതോടെ 'കടുവാക്കുന്നിൽ കുര്യച്ചൻ' എന്ന് പേര്മാറ്റിയാണ് സിനിമ ഇറങ്ങിയത്.
അതുപോലെ ഒരു വിവാദമാണ് ഇപ്പോൾ മലയാള സിനിമയിൽ നടന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഭ്രമയുഗമാണ് കോടതി കയറിയത്. രാഹുൽ സദാശിവ് സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെയാണ് കോടതി കയറിയത്. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലക്കാരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രത്തിൽ കുഞ്ചമൺ പോറ്റി എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുക എന്ന റിപ്പോർട്ടുകളെ തുടർന്നാണിത്. 'കുഞ്ചമൺ പോറ്റി' അല്ലെങ്കിൽ 'പുഞ്ചമൺ പോറ്റി' എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണ്. സിനിമയിലെ കഥാപാത്രം ദുർമന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സൽകീർത്തിയെ ബാധിക്കുമെന്നാണ് ഹർജിയിൽ പറയുന്നത്.
ഇതോടെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാൻ തയ്യാറാണെന്ന് സംവിധായകൻ രാഹുൽ സദാശിവനും നിർമ്മാതാക്കളും ഹൈക്കോടതിയെ അറിയിച്ചു. നിലവിൽ സിനിമയിൽ ഉപയോഗിച്ച കുഞ്ചമൻ പോറ്റി എന്ന പേരുമാറ്റി കൊടുമൺ പോറ്റി എന്ന് മാറ്റാമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. ഇതുസംബന്ധിച്ച് സെൻസർ ബോർഡിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും സംവിധായകനും നിർമ്മാതാവും അറിയിച്ചു.
അതേസമയം യൂട്യൂബിൽ പങ്കുവെച്ച ചിത്രത്തിന്റെ ഓഡിയോ ജുക്ക് ബോക്സിൽ പോറ്റിയുടെ തീം കൊടുമൺ പോറ്റി തീം എന്നാക്കി മാറ്റിയിട്ടുണ്ട്. നേരത്തെ കുഞ്ചമൺ പോറ്റിക്ക് ഐതിഹ്യമാലയുമായി ബന്ധമൊന്നുമില്ലെന്നും ഭാവനയിൽ ഉണ്ടായ കഥാപാത്രവും കഥയുമാണ് ഭ്രമയുഗത്തിലേതെന്നും സംവിധായകൻ രാഹുൽ സദാശിവൻ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
പേരുമാറ്റവുമായി ബന്ധപ്പെട്ട് കേന്ദ്ര സെൻസർ ബോർഡിന്റെ വിശദീകരണം തേടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സിനിമയുടെ പ്രദർശാനാനുമതി റദ്ദാക്കണമെന്ന ഹരജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. മലയാളത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമ ഫെബ്രുവരി 15 നാണ് തീയേറ്ററുകളിൽ എത്തുക. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിൽ കരിയറിൽ ഇതുവരെ പ്രത്യക്ഷപ്പെടാത്ത ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത്.
അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരും ചിത്രത്തിൽ പ്രധാന റോളുകളിൽ എത്തുന്നുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ബാനറിലാണ് ചക്രവർത്തി രാമചന്ദ്ര ഭ്രമയുഗം നിർമ്മിക്കുന്നത്. ഹൊറർ-ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ മാത്രം നിർമ്മിക്കുന്നതിനായി മാത്രമായാണ് ചക്രവർത്തി രാമചന്ദ്ര നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആരംഭിച്ചത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ