- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്തിയിൽ ലേബർ ക്യാമ്പിൽനിന്നുള്ള കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കുന്നു; നൂറിൽപ്പരം കിണറുകൾ ഉപയോഗശൂന്യമായി; കുടിവെള്ള സ്രോതസുകൾ നശിപ്പിച്ച കരാർ കമ്പനിക്കെതിരേ ചെറുവിരൽപോലും അനക്കാതെ കോഴിക്കോട് ജില്ലാ ഭരണകൂടം; ശ്രീശൈലം കുന്നിനെ തളർത്തി വഗാട്ട് കമ്പനിയുടെ പ്ലാന്റും ലേബർ ക്യാമ്പും
കോഴിക്കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി ജോലിക്കെത്തിയവർ താമസിക്കുന്ന ലേബർ ക്യാമ്പിൽനിന്നുള്ള കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ പുറത്തേക്ക് ഒഴുക്കുന്നത് നാട്ടുകാരുടെ വെള്ളംകുടി മുട്ടിക്കുന്നു. നന്തിയിലെ ശ്രീശൈലം കുന്നിലാണ് ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കരാർ ഏറ്റെടുത്ത വഗാട്ട് കമ്പനിയുടെ പ്ലാന്റും തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പും സ്ഥിതിചെയ്യുന്നത്. ഇവിടെ കഴിയുന്ന നൂറുകണക്കിന് തൊഴിലാളികൾ ഉപയോഗിക്കുന്ന കക്കൂസുകളിലെ മാലിന്യമാണ് യഥാവിധി സെപ്റ്റിക് ടാങ്ക് ഉൾപ്പെടെയുള്ളവ നിർമ്മിച്ച് പുറത്തേക്ക് ഒഴുകാത്ത രീതിയിൽ സംരക്ഷിച്ചുനിർത്താതെ ഒഴുക്കിവിടുന്നത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ ജില്ലാ കലക്ടർ പ്രദേശം സന്ദർശിച്ചിരുന്നെങ്കിലും കരാർ ഏറ്റെടുത്ത കമ്പനിക്കെതിരേ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന പരിസരങ്ങളിലെല്ലാം കക്കൂസ് മാലിന്യം പരന്നൊഴുകി ദുർഗന്ധം വമിക്കുന്ന സ്ഥിതിയാണ്. ഇതുമൂലം പ്രദേശത്തെ നൂറിൽപരം കിണറുകൾ ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ്. മഴക്കാലമായതോടെ കെട്ടിനിൽക്കുന്ന മഴവെള്ളത്തിൽ കക്കൂസ് മാലിന്യം കലർന്നതോടെ ഇവിടുത്തെ കിണറുകളിലെ വെള്ളമെല്ലാം കലങ്ങുകയും ദുർഗന്ധം കാരണം പ്രദേശത്തുകൂടി നടക്കാൻപോലും സാധിക്കാത്ത സ്ഥിതിയായിരിക്കുകയാണ്.
പ്രദേശത്ത് മാസങ്ങൾക്ക് മുൻപും ഇതേ പ്രശ്നം ഉടലെടുക്കുകയും ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. അന്ന് ജില്ലാ കലക്ടർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പുനൽകിയതോടെയായിരുന്നു നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. ഇതിന്റെ തുടർച്ചയായി താൽക്കാലികമായി മാലിന്യം പുറത്തേക്ക് ഒഴുകുന്നത് കമ്പനി അധികൃതർ തടയാൻ ശ്രമിക്കുകയും ഓരോ വീട്ടുകാർക്കും ആയിരം ലിറ്റർ വെള്ളം വീതം എത്തിച്ചുനൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടിത് പാതിയായി കുറച്ചു. ഇപ്പോൾ മൂന്നാഴ്ചയോളമായി പലർക്കും കുടിവെള്ളംതന്നെ ലഭിക്കാത്ത സ്ഥിതിയാണ്.
വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലം ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും വെള്ളത്തിന്റെ സാംപിൾ ശേഖരിക്കുകയും ചെയ്തിരുന്നു. ദുർഗന്ധംമൂലം സമീപത്തേക്കുപോലും പോകാൻ സാധിക്കാതായ കിണറുകളെല്ലാം പരിശോധിക്കുകയും യാതൊരു കാരണവശാലും വെള്ളം കൈകൊണ്ട് തൊടരുതെന്നും ദേഹത്ത് ആവാതെ സൂക്ഷിക്കണമെന്നും അധികൃതർ ഇവിടുത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയുമായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം പുതുതായി പല രോഗങ്ങളും ഇതുമൂലം ഉണ്ടാവുന്ന സ്ഥിതിയാണെന്നും നാട്ടുകാർ പറയുന്നു. പലർക്കും നാളിതുവരെ കാണാത്ത രീതിയിലുള്ള ചൊറിയും ബാധിച്ചിട്ടുണ്ട്.
വർഷകാലത്ത് തെളിനീരൊഴുകിയിരുന്ന തോടുകളും ശുദ്ധജലം കെട്ടിനിന്നിരുന്ന തണ്ണീർത്തടങ്ങളുമെല്ലാം ദേശീയപാത വികസന പ്രവർത്തികൾ ആരംഭിച്ചതോടെ ഇല്ലാതാവുകയും ജലത്തിന്റെ സ്വാഭാവികമായ ഒഴുക്കു തടസപ്പെടുകയും ചെയ്യുന്നത് മൂലം പ്രകൃതിക്കുണ്ടാവുന്ന ആഘാതത്തിന് പുറമേയാണ് ഇ്പ്പോൾ മനുഷ്യ വിസർജ്യവും ടോയ്ലറ്റ് മാലിന്യവുമെല്ലാം പ്രദേശം മുഴുവൻ പരന്നൊഴുകുന്നത്. മഴ മാറുകയും നിലവിലെ വെള്ളക്കെട്ടുകൾ വറ്റുകയും ചെയ്താലും മണ്ണിൽ കക്കൂസ് മാലിന്യം കിനിഞ്ഞിറങ്ങിക്കിടക്കുന്ന പ്രദേശത്തെ കിണറുകളും ജലസ്രോതസുകളുമൊന്നും ഇനിയൊരു കാലത്തും ഉപയോഗിക്കാൻ സാധിക്കില്ലെന്ന ആശങ്കയിലാണ് നാട്ടുകാർ. ഇവിടെ ഇനി എങ്ങനെ ജീവിക്കുമെന്ന നാട്ടുകാരുടെ ചോദ്യത്തിന് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമൊന്നും കൃത്യമായ ഉത്തരമില്ല.
ആഴ്ചകളായി പ്രദേശത്ത് മഴ കനത്തുപെച്ചുന്നതോടെ വീണ്ടും സ്ഥിതി സങ്കീർണമാവുകയും ജനം പ്രതിഷേധങ്ങൾക്കായി കോപ്പുകൂട്ടുകയും ചെയ്യുന്ന സ്ഥിതിയാണ്. ആദ്യം നിറവ്യത്യാസം കണ്ടെങ്കിലും കിണറിൽനിന്ന് രണ്ട് മോട്ടോറുകളിലേക്കു വെള്ളം എടുക്കുന്നതിനാൽ കലങ്ങുന്നതാണെന്നാണ് കരുതിയതെന്ന് ശ്രീശൈലം കുന്നിന്റെ താഴ് വരയിലെ താമസക്കാരിയായ വീട്ടമ്മ രജില പറഞ്ഞു. പിന്നീടാണ് കടുത്ത ദുർഗന്ധം വെള്ളത്തിന് അനുഭവപ്പെട്ടത്. ഇതോടെ വീട്ടിലുള്ളവരുടെ വെള്ളംകുടിയും പാചകം ഉൾപ്പെടെയുള്ള കാര്യങ്ങളും ബുദ്ധിമുട്ടിലായിരിക്കയാണെന്നും ഇവർ പറയുന്നു.
തുടക്കത്തിൽ വെള്ളമെത്തിച്ച് നൽകിയിരുന്നെങ്കിലും ഇപ്പോൾ കമ്പനി അധികൃതർ അനങ്ങുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തി. ഒരു പ്രദേശം മുഴുവൻ ദേശീയപാത വികസനത്തിന്റെ പേരിൽ ദുർഗന്ധപൂരിതമായിട്ടും അധികൃതരിൽനിന്ന് വേണ്ടത്ര നടപടിയുണ്ടാവുന്നില്ലെന്നത് നാട്ടുകാരെ കൂടുതൽ വേദനിപ്പിക്കുകയാണ്. ആർ ഡി ഒ കമ്പനിക്കെതിരേ നടപടി സ്വീകരിക്കാനും ലേബർ ക്യാമ്പ് അടച്ചുപൂട്ടാനും ഉത്തവിട്ടിട്ടുണ്ടെങ്കിലും ഇതും ഇതുവരെയും നടപ്പായിട്ടില്ല.
വികസനം ആവശ്യമാണെങ്കിലും ഇതിനായി ഉപ കരാറെടുക്കുന്ന കമ്പനികൾ നടത്തുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരേ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള ശക്തമായ നടപടിയുണ്ടാവണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വിഷയത്തിൽ ജനപ്രതിനിധികളും വേണ്ട വിധത്തിൽ ഇടപെടുന്നില്ലെന്ന പരാതിയും നാട്ടുകാർക്കുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്