- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഗസ്സയിലെ അൽഅഹ്ലി ആശുപത്രിയിലുണ്ടായ ദാരുണമായ സംഭവത്തിൽ ഞെട്ടലുണ്ടായി; സാധാരണക്കാർ കൊല്ലപ്പെടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു; പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണം'; അനുശോചിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഗസ്സയിലെ അൽഅഹ്ലി ആശുപത്രിയിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സംഘർഷത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമന്ത്രി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
''ഗസ്സയിലെ അൽഅഹ്ലി ആശുപത്രിയിലുണ്ടായ ദാരുണമായ സംഭവത്തിൽ ഞെട്ടലുണ്ടായി. ഇരകളുടെ കുടുംബങ്ങളെ ഹൃദയപൂർവം അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് ഗൗരവമേറിയതും ആശങ്കാജനകവുമാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണം'- മോദി പറഞ്ഞു.
ഗസ്സാസിറ്റിയിലെ അൽഅഹ്ലി അറബ് ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 500 ഓളം ഫലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ വീടു നഷ്ടപ്പെട്ടവരും പരുക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകൾ ആശുപത്രിയിലുണ്ടായിരുന്നു.
അതേസമയം ആക്രമണം തുടരുന്ന സാഹചര്യത്തിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലെത്തി. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ബൈഡൻ ഉടൻ ചർച്ച നടത്തിയിട്ടുണ്ട്. ഇസ്രയേലിന്റെ ആശുപത്രി ആക്രമണം ബൈഡന് വലിയ നയതന്ത്ര പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബൈഡനെ സ്വീകരിക്കാൻ ടെൽ അവീവ് വിമാനത്താവളത്തിൽ നെതന്യാഹു നേരിട്ട് എത്തുകയായിരുന്നു.
ഗസ്സയിലെ അൽ അഹ്‌ലി ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ സൈന്യമല്ലെന്നായിരുന്നു പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. ഗസ്സയിലെ തീവ്രവാദികൾ തന്നെയാണ് അതിന് പിന്നിലെന്നും തങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നവർ ഇപ്പോൾ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുകയാണെന്നും നെതന്യാഹു എക്‌സിൽ കുറിച്ചു.
ഗസ്സയിലെ അൽ അഹ്ലി ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഇസ്രയേലിന്റെ കൂട്ടക്കുരുതിയാണ് അരങ്ങേറിയത്. ആക്രമണത്തിൽ 500ൽ അധികം പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ ക്രൂരമായ കൂട്ടക്കുരുതി തുടരുന്ന സാഹചര്യത്തിൽ അടിയന്തര രക്ഷാസമിതി യോഗം വിളിച്ചുചേർക്കണമെന്ന് റഷ്യയും യു.എ.ഇയും ആവശ്യപ്പെട്ടു. ഇന്ന് നടക്കേണ്ട ബൈഡനുമായുള്ള കൂടിക്കാഴ്ച ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് റദ്ദാക്കി.