കോഴിക്കോട്: മിശ്ര വിവാഹങ്ങൾക്കെതിരെ വിവാദ പരാമർശവുമായി എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി. മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നാണ് നാസർ ഫൈസിയുടെ ആരോപണം. മിശ്രവിവാഹത്തിന് പിന്നിൽ സിപിഎമ്മും ഡി.വൈ.എഫ് ഐയുമാണെന്നും നാസർ ഫൈസി ആരോപിച്ചു.

മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുന്നു. ഹിന്ദു മുസ്‌ലിമിനെ വിവാഹം കഴിച്ചാൽ അത് മതേതരത്വമായെന്നാണ് ചിലർ കരുതുന്നത്. മഹല്ലുകൾ ജാഗ്രത പുലർത്തണമെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. കോഴിക്കോട് കൊയിലാണ്ടിയിൽ നടന്ന സുന്നി മഹല്ല് ഫെഡറേഷന്റെ ജില്ലാ സാരഥി സംഗമ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സങ്കരമിശ്രവിവാഹങ്ങളോ പ്രോത്സാഹിപ്പിക്കുന്ന ചില രാഷ്ട്രീയ കുടില തന്ത്രങ്ങൾ കഴിഞ്ഞ കുറച്ച് നാളായി സോഷ്യൽമീഡിയയിൽ കണ്ടുവരുന്ന പ്രവണതയാണ്. മുസ്‌ലിം മുസ്‌ലിമിനെ വിവാഹം കഴിക്കണമെന്നത് ഭരണഘടന അനുവദിക്കുന്ന കാര്യമാണ്. ഹൈന്ദവത ഹൈന്ദവ സമൂഹത്തിൽ നിന്ന് വിവാഹം കഴിക്കുന്നത് ഭരണഘടന നൽകുന്ന അധികാരമാണ്. പക്ഷേ, ഹിന്ദു മുസ്‌ലിമിനെ വിവാഹം കഴിച്ചാലേ ഭാരതീയ സംസ്‌കാരമാകൂ, മതനിരപേക്ഷതയാകൂ എന്നാണ് ചിലരുടെ കുടില തന്ത്രം'.. നാസർ ഫൈസി പറഞ്ഞു.

പാർട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാർട്ടി നേതാക്കന്മാരുടെ പിൻബലത്തിൽ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങൾക്ക് കല്യാണം കഴിച്ചു കൊടുക്കുന്നുവെന്ന് നാസർ ഫൈസി കൂടത്തായി പറയുന്നു. സിപിഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഹിന്ദു മുസ്ലിം വിവാഹ നടന്നാൽ മതേതരത്വം ആയെന്നാണ് അവർ കരുതുന്നതെന്നും നാസർ ഫൈസി കൂടത്തായി കൂട്ടിച്ചേർത്തു.

ഇതാദ്യമായല്ല നാസർ ഫൈസി കൂടത്തായി സിപിഎമ്മിനെതിരെ രംഗത്തുവരുന്നത്. മുമ്പും സമാന വിമർശനങ്ങൾ അദ്ദേഹം ഉന്നയിച്ചിരുന്നു. മത നിരാസത്തിന്റെയും മതവിരുദ്ധതയുടെയും ഭാഗമാണ് കമ്മ്യൂണിസമെന്ന് നാസർ ഫൈസി കൂടത്തായി നേരത്തെ ആരോപിച്ചിരുന്നു. എസ്എഫ്‌ഐ ക്യാമ്പസുകളിൽ മതനിരാസം പ്രചരിപ്പിക്കുകയാണ്. കമ്മ്യൂണിസത്തിലേക്കുള്ള ചിലരുടെ നീക്കം അപകടം ചെയ്യുമെന്നും ഫൈസി മുമ്പ് ആരോപിച്ചിരുന്നു.

മുസ്ലിം ലീഗും സമസ്തയും ചേർന്ന് നിന്ന സമയത്താണ് കേരളത്തിൽ നവോത്ഥാനം ഉണ്ടായിട്ടുള്ളത്. പാണക്കാട് കുടുംബവുമായുള്ള സമസ്തയുടെ ബന്ധം പൊളിക്കാൻ ശ്രമിക്കുന്നവരെ എതിർക്കുമെന്നും നാസർഫൈസി കൂടത്തായി പറഞ്ഞിരുന്നു. നേരത്തെ ശശി തരൂരിനെതിരെയും ഫൈസി രംഗത്തുവന്നിരുന്നു. ഹമാസ് ഭീകരവാദികൾ എന്ന ശശി തരൂർ എംപിയുടെ പരാമർശമാണ് ഫൈസിയെ ചൊടിപ്പിച്ചത്. തരൂരിന്റെ പരാമർശത്തെ അവജ്ഞയോടെ തള്ളുന്നുവെന്ന് നാസർ ഫൈസി കൂടത്തായി, ഇസ്രയേലിനേക്കാൾ ധാർമിക അംഗീകാരമുള്ള ഭരണകൂടമാണ് ഗസയിലെ ഹമാസെന്നായിരുന്നു ഫൈസിയുടെ നിലപാട്.