- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ പണം നൽകാഞ്ഞിട്ട് എനിക്കിപ്പോൾ ഒരു സമാധാനവുമില്ല; കുഞ്ഞി മുഹമ്മദിന്റെ മക്കളും പിതാവിന്റെ കടം വീട്ടാൻ നാസറിക്കായെ തേടുന്നു; മകളുടെ കല്യാണത്തിന് 21 വർഷം മുൻപ് വാങ്ങിയ കടം വീട്ടാൻ കൊല്ലത്തുകാരൻ നാസറിനെ തേടി മലപ്പുറത്തെ കുഞ്ഞിമുഹമ്മദ്; ഇതൊരു അസാധാരണ നോവിന്റെ സ്‌നേഹ കഥ
മലപ്പുറം: മകളുടെ കല്യാണത്തിന് 21വർഷം മുൻപ് വാങ്ങിയ കടം വീട്ടാൻ കൊല്ലത്തുകാരൻ നാസറിനെ തേടിയിറങ്ങിയിരിക്കുകയാണ് മലപ്പുറം പാങ്ങ് ചേണ്ടിയിലെ പാറോളി കുഞ്ഞിമുഹമ്മദ്. റിയാദിലെ മൻഫുഹ സൂഖിൽ സൂപ്പർ മാർക്കറ്റും മീൻകടയും നടത്തിയിരുന്ന നാസറിക്കയാണു അന്നു വലിയ പ്രതിസന്ധി നേരിട്ട സമയത്ത് സഹായിച്ചതെന്നു പാറോളി കുഞ്ഞിമുഹമ്മദ് പറയുന്നു.
1000 റിയാലാണു അന്നു എനിക്ക് നൽകിയത്. ആ പണത്തിനു ഇപ്പോൾ എത്ര പണം അധികം ചോദിച്ചാലും ഞാൻ സന്തോഷത്തോടെ നൽകും. കാരണം അന്നു ആ പണത്തിന് അത്രക്കു മൂല്യമുണ്ടായിരുന്നു തനിക്കെന്നും പാറോളി കുഞ്ഞിമുഹമ്മദ് പറയുന്നു. പണംകടം നൽകിയത് മീൻവിറ്റ പണത്തിൽനിന്നാണ്. അതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. അന്നു കൈത്താങ്ങായ പ്രവാസലോകത്തെ നന്മ മനുഷ്യനെ തന്റെ കയ്യിൽ പണംവന്നപ്പോൾ പിന്നീട് കാണാൻ സാധിച്ചില്ല.
ആ പണം നൽകാഞ്ഞിട്ട് എനിക്കിപ്പോൾ ഒരു സമാധാനവുമില്ല. കുഞ്ഞിമുഹമ്മദിന്റെ മക്കളും പിതാവിന്റെ കടം വീട്ടാൻ നാസറിക്കായെ തേടുകയാണിപ്പോൾ.. 2002ൽ ആണ് സംഭവം. മൻഫുഹയിലെ അൽ ഈമാൻ ആശുപത്രിയിലെ ഡ്രൈവറാണ് അന്ന് കുഞ്ഞിമുഹമ്മദ്. മൂത്തമകളുടെ വിവാഹം നിശ്ചയിച്ചപ്പോൾ പണം അത്യാവശ്യമായി വന്നു. നാസറിനോട് കടം ചോദിച്ചു. മീൻ വിറ്റു കിട്ടിയ പണത്തിൽ നിന്ന് 1000 റിയാൽ അപ്പോൾ തന്നെ നൽകി. രണ്ടോ മൂന്നോ മാസമാണ് പിന്നീട് ഇരുവരും അവിടെയുണ്ടായിരുന്നത്. കെട്ടിടങ്ങൾ നഗരസഭാ അധികൃതർ പൊളിച്ചു മാറ്റിയതോടെ രണ്ടു പേർക്കും മൻഫുഹയിൽ നിന്നു മാറേണ്ടി വന്നു.
ആശുപത്രിയുടെ ജിദ്ദ ബ്രാഞ്ചിലേക്കാണ് കുഞ്ഞി മുഹമ്മദ് മാറിയത്. നാസറിനെ പിന്നെ കണ്ടിട്ടില്ല. കയ്യിൽ പണം ഒത്തു വന്നപ്പോൾ കടം വീട്ടാനായി പല വഴി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 2018ൽ പ്രവാസം മതിയാക്കി നാട്ടിലെത്തിയ കുഞ്ഞിമുഹമ്മദ് നിലവിൽ ഓട്ടോ ഡ്രൈവറാണ്. നാസറിനായി അന്വേഷണം തുടർന്നെങ്കിലും ഫലം കണ്ടില്ല. 1000 സൗദി റിയാലിന്റെ നിലവിലെ മൂല്യം 21,000 രൂപയാണ്.
പണത്തിന്റെ മൂല്യമല്ല, വലിയ പ്രതിസന്ധി ഘട്ടത്തിൽ സഹായ ഹസ്തം നീട്ടിയയാളെ കണ്ടെത്തി അതു മടക്കി നൽകേണ്ടത് തന്റെ കടമയാണെന്നു കുഞ്ഞി മുഹമ്മദ് പറയുന്നു. നാസറിക്കക്കു നൽകാനുള്ള പണം വീട്ടിൽ റെഡിയാണ്. വാർത്തകാണുന്ന നാസറിക്കയോ, അദ്ദേഹത്തിന്റെ ബന്ധുക്കളോ ഉണ്ടെങ്കിൽ ഞങ്ങളെ വിവരം അറിയിക്കണമെന്നും കുഞ്ഞിമുഹമ്മദും കുടുംബവും പറയുന്നു.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്