ന്യൂഡൽഹി: നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം വരുത്തി കേന്ദ്രം. ലോഗോയുടെ നടുവിൽ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളർ ചിത്രം ചേർത്തു. ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്. മെഡിക്കൽ കമ്മീഷന്റെ സൈറ്റിലാണ് പുതിയ ലോഗോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഈ മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ലോഗോയിലെ മാറ്റം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ഉണ്ടായില്ലെങ്കിലും മെഡിക്കൽ കമീഷന്റെ വെബസൈറ്റിൽ പുതിയ ലോഗോയാണ് നൽകിയിരിക്കുന്നത്. പുതിയ ലോഗോക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നിട്ടുള്ളത്. സംഭവത്തിൽ എതിർപ്പറിയിച്ചു ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും രംഗത്തുവന്നു.

ഇതേക്കുറിച്ച് ഡോ. സുൽഫി നൂഹ് ഫേസ്‌ബുക്കിൽ കുറിച്ച് ഇങ്ങനെ:

അതുക്കും മേലെ
_____
ചികിത്സരംഗം അതുക്കും മേലെയാണ്. ജാതിമത ചിന്തകൾക്കൊക്കെ വളരെ വളരെ മുകളിൽ.
ആയിരിക്കും ആണ്
ആകണം
എപ്പോഴും.

അതിലും കൂടി ജാതിമത ചിന്തകൾ കടത്തി വിടാനുള്ള ശ്രമം ഒട്ടുംതന്നെ സ്വീകാര്യമല്ല. നാഷണൽ മെഡിക്കൽ കമ്മീഷന്റെ ലോഗോയിൽ മതേതര ചിന്താരീതിയാണ് മതേതര സന്ദേശമാണ് ഉചിതം സ്വീകാര്യവും. എല്ലാ ജാതി മത വിഭാഗങ്ങളെയും ഒരുപോലെ കാണണമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നയം. അതിലുമുപരി പൊളിറ്റിക്കൽ ന്യൂട്രാലിറ്റിയിലും റിലീജിയസ് ന്യൂട്രാലിറ്റിയിലും അല്പം പോലും പിന്നോക്കമില്ല തന്നെ. ലോഗോ മാറ്റത്തിലുള്ള പ്രതിഷേധം ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശീയ നേതൃത്വം ശക്തമായി ഉന്നയിക്കും. ചികിത്സ മേഖല അതുക്കും മേലെ.

ഡോ .സുൽഫി നൂഹു

ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നാക്കണമെന്ന ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് മെഡിക്കൽ കമീഷന്റെ പുതിയ നടപടി. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കി മാറ്റാനാണ് നീക്കം നടക്കുന്നത്. പാഠപുസ്തകങ്ങളിൽ 'ഇന്ത്യ'ക്ക് പകരം 'ഭാരത്' എന്നാക്കാൻ നേരത്തെ നാഷനൽ കൗൺസിൽ ഓഫ് എജുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) നിയോഗിച്ച ഏഴംഗ സാമൂഹിക ശാസ്ത്ര സമിതിയുടെ ശിപാർശ ചെയ്തിരുന്നു.

ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് രാഷ്ട്രത്തലവന്മാർക്ക് നൽകിയ കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് ഉപയോഗിച്ചത് വിവാദമായിരുന്നു. ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ നെയിം പ്ലേറ്റിലും ഇന്ത്യക്ക് പകരം ഭാരത് ആണ് ഉപയോഗിച്ചിരുന്നത്. പ്രതിപക്ഷ പാർട്ടികൾ 'ഇന്ത്യ' എന്ന പേരിൽ സഖ്യം രൂപവത്കരിച്ചതോടെയാണ് പേരുമാറ്റം ചർച്ചയായത്.

ഭരണഘടനയിൽ ഇന്ത്യ എന്നും ഭാരത് എന്നും ഉപയോഗിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ നിർദേശങ്ങളിൽ ഭാരത് എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നുമാണ് വിഷയത്തിൽ കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം.