കണ്ണൂർ: കേരളത്തിൽ ഉടനീളം ആറുവരി പാതയുടെ പണി വളരെ വേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. പാതയുടെ പണി പൂർത്തിയാകുമ്പോൾ തങ്ങൾ ഒറ്റപ്പെട്ടു പോകുമോ എന്നുള്ള ഭയത്തിൽ കഴിയുകയാണ് കണ്ണൂർ ജില്ലയിലെ നടാൽ നിവാസികൾ. നിരവധി ആളുകൾ പോകുന്ന സ്ഥലമാണ് ഇത് എങ്കിലും ഇവർക്ക് പുറത്തു കടക്കാനായി ഇപ്പോൾ പ്ലാൻ പ്രകാരം അടിപ്പാതയില്ല. ഇതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

തൊട്ടടുത്ത പ്രദേശമായ എടക്കാട് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അടിപ്പാത അനുവദിച്ചിരുന്നു. നടാലിന് തൊട്ടടുത്തുള്ള മറ്റൊരു പ്രദേശമായ മാതൃഭൂമി ഓഫീസിന് മുന്നിൽ കൂടിയാണ് ഇപ്പോൾ അടിപ്പാത പോകുന്നത്. ഈ പ്രദേശത്ത് കൂടി കാര്യമായ ആളുകൾ വഴി പോകാറില്ല എന്നും ഇവിടെ അടിപ്പാതയുടെ ആവശ്യമില്ല എന്നുമാണ് നാട്ടുകാർ പറയുന്നത്. ബസ് റൂട്ട് പോലുമുള്ള തങ്ങളുടെ വഴിക്ക് അടിപ്പാത ഇല്ലാതെ മറ്റൊരു സ്ഥലത്താണ് ഇപ്പോൾ അടിപ്പാത അനുവദിച്ചിരിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.

കണ്ണൂർ - തലശ്ശേരി ദേശീയപാതയെയും കണ്ണൂർ - കൂത്തുപറമ്പ് ദേശീയപാതയെയും ബന്ധിപ്പിക്കുന്ന രീതിയിലുള്ള പിഡബ്ല്യുഡി റോഡിനോട് ചേർന്ന് അടിപ്പാത വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം. കാടാച്ചിറ ഹൈസ്‌കൂളും, മൈദ ഫാക്ടറിയും, ഊർപ്പഴച്ചിക്കാവ് അമ്പലവും, സിമന്റ് ഫാക്ടറിയും ഈ പ്രദേശത്തുണ്ട്. മാത്രമല്ല നിരവധി ആളുകൾ ദിനംപ്രതി കണ്ണൂരിലേക്കും തലശ്ശേരിയിലേക്കും പോകാനായി ആശ്രയിക്കുന്ന വഴിയാണിത്. വഴി ഇല്ലാതാകുന്നതോടെ കോളേജ് വിദ്യാർത്ഥികളും, സ്‌കൂൾ വിദ്യാർത്ഥികളും, ദിവസേന പണിക്ക് പോകുന്ന ആളുകളും ദുരിതത്തിലാവും.

കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ച സ്ഥലത്തെ എംപിയായ കെ സുധാകരന്റെ അടുത്ത് പ്രതിഷേധ രൂപേണ നാട്ടുകാർ കാര്യം പറഞ്ഞു. നിരവധി തവണ നിതിൻ ഗഡ്കരിയുടെ അടുത്ത് അടിപ്പാത വേണം എന്നുള്ള ആവശ്യം താൻ ഉന്നയിച്ചതാണ് എന്നും അടിപ്പാത നാട്ടുകാർക്കായി നേടിയെടുക്കാൻ തന്നെകൊണ്ട് ആവുന്നതിന്റെ പരമാവധി ചെയ്യുമെന്നും എംപി പറഞ്ഞു. സ്ഥലം സന്ദർശിച്ചപ്പോൾ ഈ പ്രദേശത്ത് അടിപ്പാത വേണമെന്നുള്ള കാര്യം സത്യമാണ് എന്നും അടിപ്പാത ഇല്ലെങ്കിൽ ജനങ്ങൾക്ക് വലിയ ദുരിതമാണ് ഉണ്ടാവുക എന്നും കെ സുധാകരൻ പറഞ്ഞു.

ആദ്യത്തെ പ്ലാൻ പ്രകാരം ഇവിടെ അടിപ്പാത ഉണ്ടായിരുന്നു എന്നും പിന്നീട് അത് മാതൃഭൂമി ഓഫീസിന് അടുത്തേക്ക് മാറ്റിയതാണ് എന്നും നാട്ടുകാർ ആരോപിക്കുന്നു. സ്ഥലത്ത് കഴിഞ്ഞദിവസം നിർമ്മാണത്തിന് എത്തിയ ജെസിബിയെയും എൻജിനീയറെയും നാട്ടുകാർ തടഞ്ഞു വച്ചിരുന്നു. ഈ പ്രദേശത്ത് അടിപ്പാത ഇല്ലെങ്കിൽ കിലോമീറ്റർ ഓളം ചുറ്റി വേണം നാട്ടുകാർക്ക് ആറുവരിപ്പാതയുടെ പണി പൂർത്തീകരിച്ചാൽ പുറത്തേക്ക് പോകാൻ.

എല്ലാവരും ഒറ്റക്കെട്ടാണ് എന്നും അടിപ്പാത നേടിയെടുക്കുന്നത് വരെ പോരാട്ടവുമായി മുന്നോച്ച് പോകുമെന്നും നാട്ടുകാർ പറയുന്നു. വികസനം വേണമെന്ന് എല്ലാവരുടെയും ആഗ്രഹമാണ് പക്ഷേ ജനങ്ങളുടെ വഴിമുട്ടിച്ചു കൊണ്ടാവരുത് വികസനം എന്നാണ് പ്രദേശവാസികൾ അഭിപ്രായപ്പെടുന്നത്.