മലപ്പുറം: പെരുന്നാൾ അവധിക്ക് കൊടൈക്കനാലിൽ പോയി തിരിച്ചുവരുന്നതിനിടെ തൃശൂർ നാട്ടികയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ഉറ്റ സൃഹത്തുക്കളുടെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാവാതെ തിരൂർ ആലത്തിയൂർ ഗ്രാമം. രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട ആറുപേരും ഉറ്റ സുഹൃത്തുക്കളും പ്രദേശത്തെ ഫുട്ബോൾ കളിക്കാരുമാണ്.

ആലത്തിയൂർ സ്വദേശികളായ നടുവിലപറമ്പിൽ അബ്ദുൽ റസാഖിന്റെ മകൻ 17വയസ്സുകാരനായ മുഹമ്മദ് റിയാൻ, മൂച്ചിക്കൽ മുഹമ്മദ് ഷാജിയുടെ മകൻ 19കാരനായ സഫ്വാൻ എന്നിവരാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആലത്തിയൂർ സ്വദേശികളായ പൈനുങ്ങൽ പരേതനായ സിദ്ദിഖിന്റെ മകൻ ജുറൈജ് , മുളന്തല അയൂബിന്റെ മകൻ മുഹമ്മദ് ബിലാൽ, കല്ലുമൊട്ടക്കൽ ഷംസുദ്ധീന്റെ മകൻ മുഹമ്മദ് ഷിഹാൻ , മായികാനകത്ത് മുഹമ്മദ് ഷാഹിറിന്റെ മകൻ അനീഷ് എന്നിവർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്നു പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം.

അതേ സമയം അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന സുഹൃത്തുക്കളൊന്നും ആദ്യം റയാനും സഫുവാനും മരണപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല. തങ്ങളെ പോലെ പരുക്കേറ്റ് ഇരുവരും ചികിത്സയിലുണ്ടെന്ന വിശ്വസത്തിലായിരുന്നു ഇവർ. എന്നാൽ പിന്നീടാണു അപകട വിവരം മറ്റുള്ളവർ അറിയുന്നത്. തുടർന്നു നാട്ടിലേക്കു വിവരമറിയിച്ചതോടെ ആറുപേരുടേയും ബന്ധുക്കളും സുഹൃത്തുക്കളും ഒന്നടങ്കം ഇവരെ ചികിത്സയിൽ കഴിയുന്ന ആശുപത്രികളിലേക്കു തിരിച്ചു. നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊന്നും ഇതുവരെ ഇവരുടെ മരണം യാഥാർഥ്യമാണെന്ന് വിശ്വസിക്കാനായിട്ടില്ല.

ഞായറാഴ്ചയാണ് ആറംഗ സംഘം കൊടൈക്കനാലിലേക്ക് പോയത്. മടക്കയാത്രയ്ക്കിടെ ഇവരുടെ കാർ മറ്റൊരു കാറിലിടിച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയിലിടിക്കുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് വച്ചും രണ്ടാമത്തെയാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലുമാണ് മരിച്ചത്. ആറുപേരും ഉറ്റ സുഹൃത്തുക്കളും ഫുട്ബോൾ കളിക്കാരുമാണ്. അപകടത്തിൽ ഇവരുടെ കാർ പൂർണ്ണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ആലത്തിയൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.

മരിച്ച സഫ്വാൻ പട്ടർനടക്കാവ് ഖിദ്മത്ത് ആർട്സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാംവർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. ഫാത്തിമയാണ് മാതാവ്. മുഹമ്മദ് റിസ്വാൻ, ആയിഷ മെഹറിൻ എന്നിവർ സഹോദരങ്ങളാണ്. മുഹമ്മദ് റിയാൻ ആലത്തിയൂർ ഹൈസ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. മാതാവ് റനീഷ. സഹോദരി റിദ.