മലപ്പുറം: ഓർമ വച്ച നാൾ മുതൽ വൈകല്യം കീഴടക്കിയ നൗഫിയ -നസ്രിയ സഹോദരിമാരിൽ നൗഫിയ മരണത്തിനു കീഴടങ്ങി. പന്താവൂർ സ്വദേശികയായ അഷ്‌റഫ് -ഫൗസിയ ദമ്പതികളുടെ മകളാണ്. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് വിവാഹത്തിൽ പങ്കെടുക്കാൻ പോയ നൗഫിയക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രി ഒരു മണിയോടെ മരണത്തിന് കീഴടങ്ങി.

സ്പൈനൽ മസ്‌കുലർ അട്രോഫി എന്ന രോഗം മൂലം ബാല്യം മുതൽ വീൽച്ചെയറിൽ സഞ്ചരിക്കുന്ന സഹോദരിമാരാണ് നൗഫിയയും, നസ്രിയയും. എന്നാൽ പഠനത്തിലും സംഗീതത്തിലും ചിത്രരചനയിലും മികവ് തെളിയിക്കാൻ വൈകല്യം അവർക്കൊരു തടസ്സമല്ലായിരുന്നു. പൂക്കരത്തറ ദാറുൽ ഹിദായ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് ഇരുവരും.

പത്താം ക്ളാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു രണ്ടുപേരും പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നതിനിടയിലാണ് നൗഫിയയെ മരണം കവർന്നെടുത്തത്. ശരീരത്തിന് നഷ്ടമായ കരുത്ത് മനസ്സിന് കിട്ടിയതോടെ ഈ സഹോദരിമാർ സ്വപ്നം കാണാൻ തുടങ്ങിയിരുന്നത്. സ്വയം നിയന്ത്രിക്കാവുന്ന ചക്രക്കസേരയിലും സ്ട്രക്ചറിലുമായിരുന്നു ഇവരുടെ സഞ്ചാരം. ഏഴാം ക്ലാസ് വരെ വീട്ടിലിരുന്നു പഠിച്ച ഇരുവരെയും അതിനുശേഷമാണ് പൂക്കരത്തറ ഡി.എച്ച്.ഒ.എച്ച്.എസ്. സ്‌കൂളിൽ ചേർത്തത്.

അന്ന് തൊട്ട് ഇന്ന് വരെ അച്ഛൻ അഷ്റഫും അമ്മ ഫൗസിയയും മക്കൾക്കൊപ്പം സ്‌കൂളിൽ വരുമായിരുന്നു. പത്താം ക്ലാസ് എ പ്്ളസ് നേടി വിജയിച്ചതോടെ ഇവരുടെ സ്വപ്നങ്ങൾക്ക് വേഗത കൂടി. പ്ലസ് ടുവിന് സയൻസ് എടുത്താണു ഇരുവരും പഠിച്ചത്.