കണ്ണൂർ: കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിൽ നവകേരളസദസിനായി എത്രപണം ചെലവാക്കിയതെന്നിന് കൈയും കണക്കുമില്ലെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്. വിവരാവകാശ നിയമപ്രകാരം ഷമ്മാസ് നൽകിയ അപേക്ഷയിലാണ് കണക്കുകൾ പറയാതെ സർക്കാർ തടിതപ്പിയത്. നവകേരള സദസിന്റെ സംഘാടകസമിതി ജനറൽ കൺവീനർമാരായ ഉദ്യോഗസ്ഥരാണ് ഇതുസംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവിടാതെ ഒളിച്ചുകളിക്കുന്നത്.

ഈ രണ്ടു മണ്ഡലങ്ങളിലെയും നവകേരളസദസിന് സർക്കാർ ഫണ്ടു അനുവദിച്ചിട്ടില്ലെന്നാണ് ചോദ്യത്തിന് മറുപടിയായി ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ സ്പോൺസർ ഷിപ്പിലൂടെ പണം ലഭിച്ചതായും പറയുന്നുണ്ട്. അഴീക്കോട് മണ്ഡലത്തിൽ സ്പോൺസർഷിപ്പായി 40,6000 ലഭിച്ചുവെന്ന് സംഘാടക സമിതി യോഗത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇതു ആരിൽ നിന്നും എപ്പോൾ ലഭിച്ചതാണെന്നും എങ്ങനെ ചെലവഴിച്ചുവെന്നതിനും കണക്കുകളൊന്നുമില്ല.

ഏതൊക്കെ ഇനത്തിൽ ചെലവാക്കിയെന്ന കാര്യവും ഉദ്യോഗസ്ഥന്മാർക്ക് അറിയില്ല. കണ്ണൂർ മണ്ഡലത്തിലും ഇതിനുസമാനമായ അവസ്ഥയാണെന്ന് ഷമ്മാസ് ചൂണ്ടിക്കാട്ടുന്നു.മന്ത്രി രാമചന്ദ്രൻകടന്നപ്പള്ളി എംഎൽഎയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടത്തിയ നവകേരളസദസിനായി സർക്കാർ പണം ചെലവാക്കിയിട്ടില്ല.

എന്നാൽ സ്പോൺസർഷിപ്പായി പണം ലഭിച്ചിട്ടുണ്ടെന്നു പറയുന്നുണ്ടെങ്കിലും അതു ആരിൽ നിന്നും എപ്പോൾ എത്രതുക സ്വീകരിച്ചുവെന്നതിന്റെ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് ചുമതലയുള്ള ഉദ്യോഗസ്ഥർ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി നൽകിയിരിക്കുന്നതെന്ന് മുഹമ്മദ് ഷമ്മാസ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രണ്ടുമാസംമുൻപ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും നടത്തിയ നവകേരള സദസിന്റെ കണക്കുകൾ പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന രാഷ്ട്രീയ ചോദ്യമാണ് മുഹമ്മദ് ഷമ്മാസ് ചോദിക്കുന്നത്. സർക്കാർ സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തിയ നവകേരളസദസിന്റെ കണക്കുകൾ കൃത്യമായി രേഖപ്പെടുത്താതും ഓഡിറ്റ് ചെയ്യാത്തതും ഗുരുതര വീഴ്‌ച്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.