- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഈ ഇളവ് ചെയ്ത 515 രൂപ പിഴ പലിശ! അപേക്ഷകന് മാനദണ്ഡ പ്രകാരം കിട്ടാവുന്നതെല്ലാം കൊടുത്തുവെന്ന വിചിത്ര മറുപടിയുമായി കേരളാ ബാങ്ക്; തീർപ്പ് കൽപ്പിച്ചത് റീജിയണൽ ഓഫീസും; ആയിരം രൂപ മുടക്കി നവകേരള സദസ്സിന് പോയാലെന്താ.... 515 രൂപ കുറഞ്ഞുകിട്ടിയില്ലേ!

കണ്ണൂർ: നവകേരള സദസിലെ പരാതിയിൽ നാല് ലക്ഷം രൂപയുടെ വായ്പക്ക് 515 രൂപ ഇളവ് നൽകിയതിൽ വിചിത്ര മറുപടിയുമായി കേരള ബാങ്ക്. നവകേരള സദസുമായി ബന്ധപ്പെട്ട് സർക്കാരിന് ഏറ്റവും നാണക്കേടുണ്ടാക്കിയ സംഭവത്തിലാണ് വിചിത്ര മറുപടി. പിഴ പലിശ മാത്രമാണ് ഇളവ് ചെയ്തതെന്ന് ഇരിട്ടി കേരള ബാങ്ക് ശാഖ മാനേജർ വിശദീകരിച്ചു. പരാതിയിൽ തീർപ്പ് കല്പിച്ചത് കേരള ബാങ്ക് റീജണൽ ഓഫീസാണെന്നും അപേക്ഷകന് മാനദണ്ഡപ്രകാരം ലഭ്യമാകുന്ന ഇളവാണ് ലഭിച്ചതെന്നും വിനോദ് പറഞ്ഞു. വായ്പ ഇളവ് വേണമെന്നാവശ്യപ്പെട്ട് കിളിയന്തറ സ്വദേശിയാണ് നവകേരള സദസിൽ പരാതി നൽകിയത്.
നവകേരള സദസ്സിനുമുൻപാകെ സമർപ്പിച്ച പരാതി തീർപ്പാക്കലാണെന്ന പേരിലാണ് ജില്ലാ സഹകരണ സംഘം ജനറൽ ജോയിന്റ് രജിസ്ട്രാറുടെ നോട്ടിസ്. കേരള ബാങ്കിന്റെ ഇരിട്ടി ശാഖയിൽനിന്നാണ് ഇദ്ദേഹം 3,97,731 ലക്ഷം രൂപ വായ്പയെടുത്തിരുന്നത്. ഇതിൽ ഇളവ് ആവശ്യപ്പെട്ടായിരുന്നു നവകേരള സദസ്സിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വായ്പയിൽ ഇളവ് നൽകാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് അറിയിച്ചായിരുന്നു കണ്ണൂർ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ നോട്ടിസ്. ആകെ അടയ്ക്കേണ്ട തുകയിൽ 515 രൂപ ഇളവ് അനുവദിച്ചിരിക്കുന്നുവെന്ന് ഇതിൽ പറയുന്നു. ബാക്കി ബന്ധപ്പെട്ട ശാഖയിൽ ഈ മാസം 31നുമുൻപ് അടച്ചു വായ്പാ കണക്ക് തീർപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഫലത്തിൽ ഇതൊരു ജപ്തി നോട്ടീസുമായി.
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കൂലിപ്പണിക്കാരനാണ് പരാതിക്കാരൻ. വീട് അറ്റകുറ്റപ്പണിക്കെടുത്തത് നാല് ലക്ഷം രൂപയാണ്. കേരള ബാങ്കിന്റെ ഇരിട്ടി സായാഹ്ന ശാഖയിൽ 3,97,731 രൂപ ഇനിയും അടയ്ക്കാനുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനെത്തിയപ്പോൾ അവിടെ പോയി അപേക്ഷ നൽകി. കുടിശ്ശിക ഇളവ് നൽകണമെന്നായിരുന്നു ആവശ്യം. ഒരു ദിവസം പണി കളഞ്ഞ്, ഇരിട്ടി വരെ പോയി നൽകിയ അപേക്ഷയാണ്. എങ്കിലും പരാതിക്ക് കൃത്യമായി മറുപടികൾ വന്നു. ഡിസംബർ ആറിന് പരാതി തീർപ്പാക്കിയതായി സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ അറിയിപ്പ് വരികയായിരുന്നു. താങ്കൾക്ക് പരമാവധി ഇളവ് നൽകാൻ ബാങ്ക് തീരുമാനിച്ചിരിക്കുന്നു. താഴെ പറയുന്ന പലിശ ആനുകൂല്യങ്ങൾ കൈപ്പറ്റി വായ്പാ കണക്ക് അവസാനിപ്പിക്കാമെന്നായിരുന്നു അറിയിപ്പ്. എന്നാൽ കിട്ടിയ ഇളവ് വെറും 515 രൂപയായിരുന്നു.
ഈ നടപടിയെ പരിഹസിച്ച് പ്രതിപക്ഷ യുവനേതാക്കൾ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. 515 രൂപയുടെ ഇളവ് ലഭിച്ചില്ലേ, ഇനി ബാക്കി 3,97,216 രൂപ കൂടി അടച്ചാൽ പോരേയെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം പരിഹസിച്ചു. ആയിരം രൂപ മുടക്കി നവകേരള സദസ്സിന് പോയാലെന്താ! 515 രൂപ കുറഞ്ഞുകിട്ടിയില്ലേ.. മച്ചാനെ അത് പോരളിയാ എന്നായിരുന്നു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ പരിഹാസം.
നവകേരള സദസ്സിൽ നൽകിയ പരാതികളുടെ മെല്ലെപ്പോക്ക് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. മന്ത്രിമാരും പരിവാരങ്ങളുമായി നടത്തിയ യാത്രയിൽ പരാതികൾ ഇഷ്ടംപോലെ ഉണ്ടെങ്കിലും പരിഹാരം മാത്രം ഇനിയും എത്രയോ അകലെയാണ്. വടക്കൻ ജില്ലകളിൽ ലഭിച്ച പരാതികളിൽ പത്ത് ശതമാനം പോലും തീർപ്പാക്കിയിട്ടില്ല. അതുകൊണ്ട് നവകേരള സദസ്സ് പ്രഹസനമായി മാറാനാണ് സാധ്യതകൾ കൂടുതലും. ഇതിനിടെയാണ് പരിഹരിക്കപ്പെട്ട പരാതികളുടെ അവസ്ഥയും സൈബറിടത്തിൽ ചിരി പടർത്തിയത്.
കേരള ബാങ്കിൽ നിന്നുള്ള അറിയിപ്പു നോട്ടീസ് വാർത്തയായതോടെ സൈബറിടത്തിലും പരിഹാസത്തിന്റെ പ്രളയമാണ്. ഇതോടെ നവകേരള സദസ്സിന്റെ കാര്യക്ഷമത ഇത്രത്തോളമാണെന്ന് പരിഹസിച്ചു കൊണ്ട് കോൺഗ്രസ് നേതാക്കളുലത്തുകയായിരുന്നു.


