- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെരിപ്പും പൊലീസ് കസ്റ്റഡിയിൽ; മുഖ്യമന്ത്രി പോയശേഷം തിരികെ നൽകി!
കൊച്ചി: മുളന്തുരുത്തിയിൽ മുഖ്യമന്ത്രിക്കു സുരക്ഷ ഉറപ്പിക്കാൻ കണ്ണിൽ കണ്ടതെല്ലാം കേരളാ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അങ്ങനെ ചെരിപ്പും പൊലീസ് കസ്റ്റഡിയിലായെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയൻ കടന്നുപോയ വഴിയിൽ ഷെഡ്ഡിനുള്ളിലിരുന്നു സംസാരിക്കുകയായിരുന്ന യുവാവിന്റെ കയ്യിലുണ്ടായിരുന്ന പുത്തൻ ചെരിപ്പാണു പൊലീസിന്റെ 'കരുതൽ തടങ്കലിൽ' ആയത്. ഒരുപക്ഷേ ലോകത്ത് തന്നെ ചെരുപ്പ് കരുതൽ കസ്റ്റഡിയിലായ ആദ്യ സംഭവമാകും ഇത്.
കാലിലാണ് ചെരുപ്പ് ഇടേണ്ടത്. ചെരുപ്പ് കൈയിൽ കണ്ടതോടെ പൊലീസിന് സംശയമായി. പുതിയ ചെരുപ്പ് വാങ്ങിയതാണെന്ന് പറഞ്ഞിട്ടും പൊലീസിന് വിശ്വാസം വന്നില്ല. മുഖ്യമന്ത്രി പോയ ശേഷം നൽകാമെന്ന് പറഞ്ഞ് ആ ചെരുപ്പും കസ്റ്റഡിയിൽ എടുത്തു. പിറവം നിയോജക മണ്ഡലം നവകേരള സദസ്സ് വേദിയിലേക്കു മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോയ വഴിയിൽ മുളന്തുരുത്തി കരവട്ടേക്കുരിശിലാണു സംഭവം. നവകേരള ബസ് എത്തുന്നതിനും അര മണിക്കൂർ മുൻപായിരുന്നു പൊലീസ് നടപടി.
നേരത്തെ നവകേരള സദസിനിടെ കെ എസ് യുക്കാർ മുഖ്യമന്ത്രിയുടെ ബസിന് നേരെ ചെരുപ്പെറിഞ്ഞിരുന്നു. ഇനി ചെരുപ്പ് എറിയില്ലെന്നും കെ എസ് യു പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും പൊലീസ് വിശ്വാസനത്തിൽ എടുത്തില്ല. മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഐഎൻടിയുസി തൊഴിലാളികളുടെ ഷെഡിൽ നിരീക്ഷണത്തിനെത്തിയതായിരുന്നു പൊലീസ്. തൊഴിലാളികളോടു ഷെഡ്ഡിലിരുന്നു സംസാരിക്കുന്ന 2 യുവാക്കളെ കണ്ടതോടെ സംശയമായി. വിശദമായ പരിശോധനയിൽ ഒരാളുടെ കയ്യിലെ കവറിൽ ചെരിപ്പു ശ്രദ്ധയിൽപെട്ടു.
പുതിയ ചെരിപ്പു വാങ്ങി വീട്ടിലേക്കു പോകുംവഴിയാണെന്നു വിശദീകരിച്ചെങ്കിലും കവറുൾപ്പെടെ ചെരിപ്പു പൊലീസ് പിടിച്ചെടുത്തു. മുഖ്യമന്ത്രി കടന്നുപോകും വരെ ജീപ്പിനുള്ളിൽ പൊലീസ് കാവലിലായിരുന്നു ചെരിപ്പ്. ബസ് പോയതിനു ശേഷം ചെരിപ്പ് ഉടമസ്ഥന് തിരികെ നൽകി. അങ്ങനെ ചെരുപ്പ് എറിയൽ ഒഴിവാക്കാൻ പൊലീസ് മുൻകുരതലുമെടുത്തു. ഐഎൻടിയുസി തൊഴിലാളികളുടെ ഷെഡിൽ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു പൊലീസിന്റെ ഈ കരുതൽ എല്ലാം.
നവകേരള സദസ്സിനായി മുഖ്യന്ത്രിയും സംഘവും പിറവത്തേക്കു പോകുമ്പോൾ പ്രതിഷേധിക്കുമെന്നു കരുതി 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുളന്തുരുത്തി പൊലീസ് കരുതൽ തടങ്കലിലും ആക്കിയിരുന്നു. മുളന്തുരുത്തിയിലൂടെ മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്നതിന് ഒന്നര മണിക്കൂർ മുൻപ് മുളന്തുരുത്തി പള്ളിത്താഴം കവലയിൽ കരിങ്കൊടിയുമായി കാത്തുനിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പൊലീസ് പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
യൂത്ത് കോൺഗ്രസ് - കോൺഗ്രസ് പ്രവർത്തകരായ ജിത്തു പ്രദീപ്, ജോമോൻ ജോയ്, ജെറിൻ ടി. ഏലിയാസ്, പി.എം. ദീപു, അജി കെ.കെ., ആന്റോ അഗസ്റ്റിൻ, നെവിൻ ജോർജ്, ജിതിൻ ജോസ് എന്നിവരെയാണ് മുളന്തുരുത്തി പള്ളിത്താഴത്തു നിന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഇവരെക്കൂടാതെ നാലു പ്രവർത്തകരെ മുളന്തുരുത്തി കരവട്ടെക്കുരിശിലെ കോൺഗ്രസ് ഓഫീസിനു സമീപത്തുനിന്ന് പൊലീസ് കരുതൽ തടങ്കലിലാക്കി.
പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതോടെ പൊലീസ് സ്റ്റേഷനിലെത്തിയ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള നേതാക്കളെയും പൊലീസ് തടഞ്ഞുെവച്ചു. ബ്ലോക്ക് പ്രസിഡന്റ് ആർ. ഹരി, യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ കെ.ആർ. ജയകുമാർ, ബ്ലോക്ക് മുൻ പ്രസിഡന്റ് വേണു മുളന്തുരുത്തി, ആമ്പല്ലൂർ ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനു പുത്തേത്ത് മ്യാലിൽ എന്നിവരെയാണ് പൊലീസ് തടഞ്ഞുെവച്ചത്.