- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരള സദസ്സുകാരണം പാപ്പരായി സർക്കാർ സ്ഥാപനം! നവകേരള സദസ്സിന്റെ പോസ്റ്ററടിച്ച സിആപ്റ്റിന് നൽകാനുള്ള കുടിശ്ശിക 11 കോടി; ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും വകയല്ല; ധൂർത്തടിച്ചുള്ള നവകേരള സദസ്സു കഴിഞ്ഞിട്ടും പണം നൽകാതെ സർക്കാർ
കോഴിക്കോട്: നവകേരള സദസ്സിലെ പരാതികൾ നല്ലൊരു ശതമാനവും പരിഹാരം ഇല്ലാതിരിക്കയാണ്. നവകേരള സദസിന്ന് വേണ്ടി എത്രപണം ചെലവാക്കിയെന്നതിനും കണക്കില്ലാത്ത അവസ്ഥയാണ്. ഇതിനിടെയാണ് നവകേരള സദസ്സുകാരണം ഒരു സർക്കാർ സ്ഥാപനം മൊത്തത്തിൽ പ്രതിസന്ധിയിലായിരിക്കയാണ്.
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ് (സിആപ്റ്റ്) ആണു ജീവനക്കാർക്കു ശമ്പളം കൊടുക്കാൻ പോലും പണമില്ലാതെ വലയുന്നത്. നവകേരള സദസ്സിനായി പോസ്റ്ററുകളും ബ്രോഷറുകളും മുഖ്യമന്ത്രിയുടെ കത്തും അച്ചടിച്ച വകയിൽ കിട്ടാനുള്ള 11 കോടിയിലേറെ രൂപ കിട്ടാത്തതാണ് സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയത്.
നവകേരള സദസ്സിന്റെ പ്രചാരണങ്ങൾക്കായി 25 ലക്ഷം പോസ്റ്ററുകൾ, മുഖ്യമന്ത്രി എഴുതിയ കത്തുകൾ (96.35 ലക്ഷം), ബ്രോഷറുകൾ (96.35 ലക്ഷം) എന്നിവയാണ് സി ആപ്റ്റ് അച്ചടിച്ചു നൽകിയത്. ജീവനക്കാർ കൂടുതൽ സമയം ജോലി ചെയ്താണു നല്ല ഗുണമേന്മയിൽ, പറഞ്ഞ സമയത്തു തന്നെ അച്ചടി പൂർത്തിയാക്കിയത്. അച്ചടിച്ചെലവു മാത്രം 10 കോടിയിലേറെ രൂപയായി. പ്രചാരണ സാമഗ്രികളെല്ലാം സ്വന്തം ചെലവിൽ ഓരോ ജില്ലയിലും എത്തിച്ചു നൽകുകയും ചെയ്തു.
നവകേരള സദസ്സ് കഴിഞ്ഞു രണ്ടു മാസമായെങ്കിലും ഇതുവരെ സർക്കാർ പണം നൽകിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി മൂലമാണു ധനകാര്യ വകുപ്പ് ക്ലിയറൻസ് നൽകാത്തതെന്നാണു വിവരം. അതിനിടെ നവകേരള സദസിന് ചെലവാക്കിയ തുക സംബന്ധിച്ച് മലപ്പുറം ജില്ലയിലെ ഭൂരിഭാഗം നിയമസഭ മണ്ഡലങ്ങളിലും കണക്കില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. 10 മണ്ഡലങ്ങളിൽ പിരിച്ച തുകയുടെയും ചെലവാക്കിയ തുകയുടെയും കണക്കില്ലെന്ന മറുപടിയാണ് വിവരാവകാശ രേഖ പ്രകാരം നോഡൽ ഓഫീസർമാർ നൽകിയത്. നാല് നിയോജക മണ്ഡലത്തിൽ പിരിച്ചെടുത്തതിനെക്കാൾ തുക ചെലവഴിച്ചു.
ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, ഇടതുപക്ഷ നേതാക്കളും ഉൾപെട്ടെ സംഘാടക സമിതിയാണ് നവകേരള സദസിനായി പണം പിരിച്ചത്. മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട്, മഞ്ചേരി, പെരിന്തൽമണ്ണ, കൊണ്ടോട്ടി, പൊന്നാനി, താനൂർ, തിരൂർ, വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങളിൽ പിരിച്ചതിന്റെയും ചെലവാക്കിയതിന്റെയും കണക്ക് ലഭ്യമല്ലെന്ന മറുപടിയാണ് നോഡൽ ഓഫീസർമാർ വിവരാവകാശ നിയമപ്രകാരം നൽകിയത്. കോട്ടക്കൽ നഗരസഭ 21,53, 878 രൂപ ചെലവാക്കിയിട്ടുണ്ട്. എത്ര പിരിച്ചു എന്നതിന് കണക്കില്ല.
മറുനാടന് മലയാളി ബ്യൂറോ