- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലക്ഷ്യമിട്ടത് ഉമ്മൻ ചാണ്ടി മോഡൽ ജനകീയത; ക്ഷീണമായത് പരാതികൾ ഉടനടി പരിഹരിക്കാൻ സംവിധാനമില്ലാത്തതും; ഡിവൈഎഫ്ഐ മർദ്ദകരെ 'രക്ഷാപ്രവർത്തകർ' ആക്കിയതോടെ പ്രതിഷേധങ്ങൾ വർധിച്ചു; നവകേരള സദസ്സ് സമാപിക്കുമ്പോൾ സർക്കാർ മുഖംമിനുക്കിയോ?

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിനെ ഏറ്റവും ജനകീയ പരിവേഷം നൽകിയത് ജനസമ്പർക്ക പരിപാടിയായിയിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കവേ ജില്ലകൾ തോറും സംഘടിപ്പിച്ച പരിപാടി വൻ വിജയമായി മാറുകയും ചെയ്തു. സാധാരണക്കാരുമായുള്ള സർക്കാറിന്റെ ബന്ധം ഊട്ടിയുറപ്പിക്കാനും ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്താലും നൂലാമാലകളിലും കുടുങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഈ ജനസമ്പർക്ക പരിപാടിയിലൂടെ സാധിച്ചു.
ഇത്തരത്തിൽ ഉമ്മൻ ചാണ്ടി മോഡൽ ജനകീയത ലക്ഷ്യമിട്ടായിരുന്നു രണ്ടാം പിണറായി സർക്കാർ നവകേരള സദസ്സ് സംഘടിപ്പിച്ചതും. കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നിയമസാഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു കൊണ്ട് മുഖ്യമന്ത്രിയും മന്ത്രമാരും സഞ്ചരിച്ചു. ജനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ വഴി പരാതി സ്വീകരിച്ചു. ഈ പരാതികൾ ഇപ്പോൾ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നു. പരിഹരിക്കപ്പെടുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. മന്ത്രിമാർ നേരിട്ട് ഇടപെടാതെ ഉദ്യോസ്ഥർ മുഖേന നടത്തിയതോടെ പരിപാടിയുടെ ജനകീയത എന്ന ഭാഗം തന്നെ അപ്രസക്തമായി.
നവകേരള സദസ്സിനായി മുഖ്യമന്ത്രിക്കും കൂട്ടർക്കും സഞ്ചരിക്കാനായി ആഡംബര ബസ് വാങ്ങിയപ്പോൾ മുതൽ വിവാദങ്ങളുടെ തുടക്കമാണ്. ഇത് പ്രതിഷേധക്കാരെ മർദ്ദിച്ചൊതുക്കുന്ന അവസ്ഥയിലേക്കും എത്തി. ഇതോടെ യാത്ര എന്തിന് വേണ്ടിയാണെന്ന ചോദ്യം പോലും പല കോണുകളിൽ നിന്നും ഉയർന്നു. ഇതിനിടെ ഹൈക്കോടതിയിൽ നിന്നും നവകേരള സദസ്സിന് പലതവണ പ്രഹരങ്ങളേറ്റു. യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ചവരെ മുഖ്യമന്ത്രി രക്ഷാപ്രവർത്തകർ എന്നു വിളിച്ചതോടെ വാശിയോടെ മുഖ്യമന്ത്രിയെ തടയുന്ന യൂത്ത് കോൺഗ്രസുകാരെയും കണ്ടു. ഏറ്റവും ഒടുവിൽ സംഘർഷങ്ങളുടെ വഴിയിലാണ് യാത്ര ഇന്ന് സമാപിക്കുന്നത്.
നവകേരള സദസിനിറങ്ങിയ സർക്കാരിന് കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ നിരവധി തിരിച്ചടികളാണ് ഹൈക്കോടതിയിൽ നിന്ന് ഏൽക്കേണ്ടിവന്നത്. പണപ്പിരിവുമുതൽ നവകേരള വേദിവരെ പല ബെഞ്ചുകളിലായി ചോദ്യം ചെയ്യപ്പെട്ടു. തലനാരിഴയ്ക്കാണ് കടുത്ത വിമർശനങ്ങളിൽ നിന്ന് പലപ്പോഴും സർക്കാർ തത്രപ്പെട്ട് തലയൂരിയത്.
നവകേരളസദസിനെ വിമർശിച്ചവരെ വാക്കുകൊണ്ടും പരസ്യമായി പ്രതിഷേധിച്ചവരെ ലാത്തികൊണ്ടും സർക്കാർ ഒതുക്കിയെങ്കിലും കോടതിമുറികളിൽ പലപ്പോഴും ഉത്തരം മുട്ടി. നഗരസഭകളിൽ നിന്നും പഞ്ചായത്തുകളിൽ നിന്നും പണം നൽകാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാരോട് ഉത്തരവിട്ടതാണ് ആദ്യം ചോദ്യം ചെയ്യപ്പെട്ടത്. ഇത് ചോദ്യം ചെയ്യപ്പെട്ടതോടെ കൗൺസിൽ അംഗീകാരം ഇല്ലാതെ നയാപൈസ നൽകരുതെന്ന് കോടതിയിൽ നിന്ന് ഉത്തരവ് വന്നു.

നവകേരള സദസിനായി സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്ന നിർദ്ദേശത്തിനാണ് കോടതിയിൽ സർക്കാരിന് രണ്ടാമത് തിരിച്ചടിയേറ്റത്. സ്‌കൂൾ ബസുകൾ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് പോകാനുള്ളതാണെന്ന് കോടതി കടുത്ത നിലപാടെടുത്തതോടെ സർക്കാരിന് ഉത്തരം മുട്ടി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്ര പരിസരത്ത് നവകേരള സദസ് നടത്താനുള്ള സർക്കാർ തീരുമാനമാണ് പിന്നീട് ചോദ്യം ചെയ്യപ്പെട്ടത്. ഇതിലും പിണറായി വിജയനും കൂട്ടർക്കും കൈപൊള്ളി. കൊല്ലം ചക്കുവള്ളി ക്ഷേത്രത്തിലെ പന്തൽ അഴിക്കാനുള്ള ഉത്തരവ് വന്നതോടെ കാര്യങ്ങൾ പന്തിയല്ലെന്ന് സർക്കാരിനും മനസിലായി.
ഇതോടെ കൊല്ലത്തെതന്നെ രണ്ടു ക്ഷേത്ര പരിസരത്തെ പരിപാടി രായ്ക്കാരാമനം മറ്റൊരിടത്തേക്ക് മാറ്റി. തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലും നവകേരള സദസ് സംഘടിപ്പിക്കാനുള്ള നീക്കത്തിന് തിരിച്ചടിയേറ്റു. സ്‌കൂൾ മതിലുകൾ പൊളിച്ച് പിണറായിക്ക് വഴിയൊരുക്കിയതിലും കോടതിയുടെ നാവിന്റെ ചൂടറിഞ്ഞു. നവകേരള സദസിന്റെ പേരിലുള്ള പണപ്പിരിവ് ചോദ്യം ചെയ്തും ഹൈക്കോടതിയിൽ ഹർജിയെത്തി. പണപ്പിരിവില്ലെന്നം സ്‌പോൺസർഷിപ്പാണെന്നും വ്യക്തതവരുത്തിയാണ് അന്ന് സർക്കാർ തലയൂരിയത്.
കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ മാസം 18ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപിക്കുന്നത്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് 5 മണ്ഡലങ്ങളിൽ നവകേരള സദസ്സ് നടക്കും. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. വട്ടിയൂർക്കാവ് പോളിടെക്‌നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം. സമാന ദിവസമായ ഇന്നും തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധനങ്ങൾ ഉണ്ടായേക്കും.
യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് നഗരത്തിലുള്ളത്. കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്നാണ് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ പര്യടനം മാറ്റിവച്ചിരുന്നു. അടുത്ത മാസം 1, 2 തീയതികളിൽ മാറ്റിവച്ച പര്യടനം പൂർത്തിയാക്കും.
അതേസമയം, മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങൾക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ച് ഇന്ന് നടക്കും. പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്ത് നിന്നാണ് മാർച്ച് തുടങ്ങുക. കെ.സുധാകരൻ, വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകും. എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ തുടങ്ങിയവർ പ്രതിഷേധമാർച്ചിൽ പങ്കെടുക്കും. ഇതേവിഷയത്തിൽ കെഎസ്‌യുവും യൂത്ത് കോൺഗ്രസും നടത്തിയ മാർച്ച് അക്രമാസക്തമായതിന്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് വലയമാവും നഗരത്തിലുണ്ടാവുക.

35 ദിവസങ്ങളായി ഐതിഹാസിക ജനമുന്നേറ്റമെന്ന് മുഖ്യമന്ത്രി
കഴിഞ്ഞ 35 ദിവസങ്ങളായി ഐതിഹാസിക ജനമുന്നേറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് ഇന്ന് പരിപാടി സമാപിക്കവേ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. നാടിന്റെ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ജനങ്ങളുടെ ഇടപെടലാണ് ഇതെന്നും നവകേരള സദസ്സ് എന്ന ആശയം കേരളത്തിൽ ജീവിക്കുന്ന ആർക്കും തള്ളിക്കളയാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിൻകര മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാട് ഇപ്പോഴത്തെത്തി നിൽക്കുന്ന നില, ഇനി മുന്നോട്ടു പോകുന്നതിന് സ്വീകരിക്കുന്ന പദ്ധതികൾ, കേരളത്തെ മുന്നോട്ടുപോകാൻ അനുവദിക്കാത്ത തരത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഇടപെടലുകൾ എന്നിവ ജനസമക്ഷം അവതരിപ്പിക്കലായിരുന്നു ലക്ഷ്യം. നാട് ഒന്നാകെയാണ് ഒപ്പം സഞ്ചരിക്കുന്നത്. ആ ജനങ്ങൾ ഈ നാടിനെ പുറകോട്ട് കൊണ്ടുപോകുന്ന ഒന്നിനോടും സമരസപ്പെടുകയില്ലെന്ന് തന്നെയാണ് പറയുന്നത്, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
2016 ന് ശേഷം നാട് നല്ല പുരോഗതിയാണ് നേടിയത്. തകർന്നുപോയ കേരളത്തെ പുനരുദ്ധരിക്കാനുള്ള ദൗത്യമാണ് സർക്കാർ ഏറ്റെടുത്തത്. ഒരുപാട് വെല്ലുവിളികൾ ഈ കാലഘട്ടത്തിൽ നേരിടേണ്ടിവന്നു. 2025 നവംബർ ഒന്നോടു കൂടി അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. പ്രതിശീർഷ വരുമാനം ഒരുലക്ഷത്തി നാൽപ്പത്തിയെട്ടായിരം രൂപയിൽ നിന്നും രണ്ട് ലക്ഷത്തി നാൽപ്പത്തിയെട്ടായിരം രൂപയായി വർദ്ധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോൾ അസാധാരണമായ സാമ്പത്തിക പ്രയാസമാണ് നാം നേരിടുന്നത്. മൊത്തം വരുമാനത്തിന്റെ ഒരു ഘടകം മാത്രമാണ് സംസ്ഥാനമുണ്ടാക്കുന്നത്. മറ്റു ഘടകങ്ങളിൽ ഏറ്റവും പ്രധാനം കേന്ദ്രത്തിൽ നിന്നും ലഭിക്കേണ്ട വിഹിതമാണ്. റവന്യു കമ്മി ഗ്രാന്റിന്റെ കാര്യത്തിൽ വലിയ കുറവാണ് സംസ്ഥാനത്തിനുണ്ടായിരിക്കുന്നത്. ഒരു ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറുകോടിയിൽപരം രൂപയാണ് കേരളത്തിന് കിട്ടാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.


