- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്ര പൂജാരിയുടെ മകൾ മാംസം പാചകം ചെയ്യുന്നു, ഹിജാബ് ധരിക്കുന്നു; മതവികാരം വ്രണപ്പെടുത്തിയെന്ന് ഹൈന്ദവ സംഘടനകളുടെ വിമർശനം; പരാതിക്ക് പിന്നാലെ നയൻതാരയുടെ 'അന്നപൂരണി' നെറ്റ്ഫ്ളിക്സ് പിൻവലിച്ചു; എഡിറ്റ് ചെയ്ത പതിപ്പ് ഇറക്കുമെന്ന് വിശദീകരണം
ചെന്നൈ: നടി നയൻതാര നായികയായ പുതിയ സിനിമ 'അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്' നെറ്റ്ഫ്ളിക്സ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്നും പിൻവലിച്ചു. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ചിത്രത്തിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി. സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ നേരത്തെ മുംബൈ പൊലീസ് കേസെടുത്തിരുന്നു.
നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ് എന്നിവരുടെയും നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്. ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എൽ.ടി. മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതിനൽകിയത്.
ക്ഷേത്രപൂജാരിയുടെ മകൾ ഹിജാബ് ധരിച്ച് നിസ്കരിക്കുന്നതും ബിരിയാണിവെക്കുന്നതുമായ ദൃശ്യങ്ങൾ സിനിമയിലുണ്ട്. ഡിസംബർ ഒന്നിന് തിയേറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം 29-നാണ് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തത്. ചിത്രം 'ലൗ ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കുമെതിരെ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുംബൈ പൊലീസ് കേസെടുത്തിരുന്നു.
രാജ്യത്തെ അറിയപ്പെടുന്നൊരു ഷെഫാകാൻ ആഗ്രഹിക്കുന്ന ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽനിന്നുള്ള യുവതി തന്റെ മുസ്ലിം സുഹൃത്തിന്റെ സഹായത്തോടെ ആഗ്രഹങ്ങൾ തേടിപ്പിടിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇതിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന നയൻതാര, മാംസം പാകം ചെയ്യുന്നതും ഹിജാബ് ധരിക്കുന്നതുമായ രംഗങ്ങളുണ്ട്. ഇതാണ് വിവാദമായത്.
ഇവ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ഹിന്ദുത്വ സംഘടനകൾ ആരോപിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ചിത്രത്തിന്റെ സഹനിർമ്മാതാവായ സീ സ്റ്റുഡിയോ, ക്ഷമാപണം നടത്തികൊണ്ടുള്ള പ്രസ്താവന പുറത്തിറക്കിയിരുന്നു. കൂടാതെ ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യുമെന്നും എഡിറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.
സിനിമയിലെ നായികയായ നയൻതാര, നായകൻ ജയ്, എഴുത്തുകാരനും സംവിധായകനുമായ നിലേഷ് കൃഷ്ണ, നിർമ്മാതാക്കളായ ജതിൻ സേത്തി, ആർ രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോ ചീഫ് ബിസിനസ് ഓഫീസർ ഷാരിഖ് പട്ടേൽ, നെറ്റ്ഫ്ളിക്സിന്റെ ഇന്ത്യൻ മേധാവി മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെ ഹിന്ദു ഐടി സെൽ സ്ഥാപകൻ രാകേഷ് സോളങ്കി പരാതി നൽകിയിരുന്നു. ഇതിൽ ജനുവരി എട്ടിന് മുംബൈ പൊലീസ് എഫ്ഐആറും രജിസ്റ്റർ ചെയ്തിരുന്നു.
മറുനാടന് ഡെസ്ക്