ന്യൂഡൽഹി: രാജ്യത്തിന്റെ പേര് 'ഇന്ത്യ'യെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും 'ഭാരതം' തിരുത്തൽ വരുത്താൻ എൻ സി ഇ ആർ ടി. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരതം എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകി. പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി നാഷനൽ കൗൺസിൽ ഓഫ് എജ്യുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയ്‌നിങ് (എൻസിഇആർടി) നിയോഗിച്ച സാമൂഹിക ശാസ്ത്ര വിഷയങ്ങൾക്കുള്ള ഉന്നതതല സമിതിയാണ് ശുപാർശ ചെയ്തത്.

ചരിത്രകാരൻ സിഐ. ഐസക് അധ്യക്ഷനായ ഏഴംഗ സമിതിയാണ് ശുപാർശ നൽകിയത്. സിബിഎസ്ഇ പാഠപുസ്തകങ്ങളിൽ അടുത്ത വർഷം മുതൽ ഈ മാറ്റം ഉൾപ്പെടുത്തണമെന്നാണ് ശുപാർശ. പ്ലസ് ടു വരെയുള്ള സാമൂഹികപാഠ പുസ്തകങ്ങളിലാണ് മാറ്റത്തിനു നിർദ്ദേശം. സമിതി ഐകകണ്‌ഠേന എടുത്ത തീരുമാനമാണിതെന്നാണ് വിവരം. ശുപാർശ ലഭിച്ചുവെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും എൻസിഇആർടി അധികൃതർ പ്രതികരിച്ചു.

എൻ.സി.ഇ.ആർ.ടി.സോഷ്യൽസയൻസ് പാനൽ ആണ് നിർദ്ദേശം മുന്നോട്ട് വെച്ചതെന്ന് കമ്മിറ്റി ചെയർമാൻ സിഐ ഐസക് മാധ്യമങ്ങളോട് പറഞ്ഞു. എൻ.സി.ഇ.ആർ.ടി ഏഴംഗ ഉന്നതതല സമിതി ഐകകണ്‌ഠ്യേനയാണ് ശുപാർശ നൽകിയതെന്നും പാനൽ തയ്യാറാക്കിയ സാമൂഹിക ശാസ്ത്ര ഫൈനൽ പൊസിഷൻ പേപ്പറിലും ഇക്കാര്യം പരാമർശിച്ചതായും ഐസക് പറഞ്ഞു.

ഭരണഘടനയിൽത്തന്നെ പറയുന്നത് 'ഇന്ത്യ അഥവാ ഭാരതം' എന്നാണെന്ന് ഐസക് ചൂണ്ടിക്കാട്ടി. ഭാരതം എന്നത് ഏറ്റവും പുരാതനമായ നാമമാണ്. 7000 വർഷത്തിലധികം പഴക്കമുള്ള പുരാതന ഗ്രന്ഥമായ വിഷ്ണു പുരാണത്തിൽ ഉൾപ്പെടെ ഭാരതം എന്നു പറയുന്നുണ്ടെന്നും ഐസക് വിശദീകരിച്ചു.

''ഇന്ത്യ' എന്ന വാക്കിന് 5,000-ത്തിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ 'ഇന്ത്യ' എന്ന പദം സാധാരണയായി ഉപയോഗിക്കാൻ തുടങ്ങിയത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്ഥാപനത്തിനും 1757 ലെ പ്ലാസി യുദ്ധത്തിനും ശേഷമാണ്. ഈ പശ്ചാത്തലത്തിലാണ് ഏഴംഗസമിതി എല്ലാ ക്ലാസുകളിലേയും പാഠുപുസ്തകത്തിൽ പേരുമാറ്റ നിർദ്ദേശം മുന്നോട്ട് വെച്ചത്'; സിഐ ഐസക് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു

മാസങ്ങൾക്ക് മുമ്പ് സർക്കാർ ഔദ്യോഗിക രേഖകളിൽ 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്നുപയോഗിച്ചത് ഏറെ ചർച്ചയായിരുന്നു. ആസിയാൻ ഉച്ചകോടിക്കായി പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യ സന്ദർശനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ ആറിന് പുറത്തിറക്കിയ കുറിപ്പിൽ 'പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ' എന്നതിന് പകരം 'പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്' എന്നും സെപ്റ്റംബർ ഒൻപതിന് ജി20 ഉച്ചകോടിയുടെ ഭാഗമായി നടന്ന അത്താഴവിരുന്നിന്റെ ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിന് പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നും രേഖപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാഠപുസ്തകങ്ങളിൽ പേരുമാറ്റ നിർദ്ദേശം വന്നിരിക്കുന്നത്

അടുത്ത അധ്യയനവർഷം മുതൽ പാഠപുസ്തകങ്ങളിൽ പേരുമാറ്റം കൊണ്ടുവരാനാണ് ശുപാർശ. എന്നാൽ പാനൽ ശുപാർശ നൽകുക മാത്രമാണ് ചെയ്തതെന്നും ഇതിൽ നിലവിൽ തീരുമാനമായിട്ടില്ലെന്നും എൻ.സി.ഇ.ആർ.ടി. ഡയറക്ടർ ന്യൂസ് 18-നോട് പറഞ്ഞു.

എല്ലാ വിഷയങ്ങളുടെ സിലബസിലും ഇന്ത്യൻ നോളജ് സിസ്റ്റം (ഐകെഎസ്), 'പുരാതന ചരിത്ര' (Ancient History)ത്തിന് പകരം 'ക്ലാസിക്കൽ ഹിസ്റ്ററി' എന്നാക്കണമെന്നും പാനൽ നിർദ്ദേശിച്ചതായി ഐസക് മാധ്യമങ്ങളോട് പറഞ്ഞു

ചരിത്ര പുസ്തകങ്ങളിൽ കൂടൂതൽ കാര്യങ്ങൾ ഉൾപ്പെടുത്താനാണ് മാറ്റമെന്ന് സമിതി അധ്യക്ഷൻ സിഐ ഐസക് പ്രതികരിച്ചു. പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് ഉപയോഗിക്കും. അടുത്ത അധ്യയന വർഷം മുതൽ ഈ മാറ്റം നടപ്പാക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. പാഠഭാഗങ്ങളിൽ ഇന്ത്യൻ രാജാക്കന്മാരുടെ ചരിത്രം കൂടൂതൽ ഉൾപ്പെടുത്തും. മാർത്താണ്ഡ വർമ്മയുടെ ചരിത്രവും പുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്നും സമിതി ഏകകണ്ഠമായിട്ടാണ് ഇക്കാര്യങ്ങൾ ശുപാർശ ചെയ്തതെന്നും ഐസക് പറഞ്ഞു. 

ചരിത്ര പഠനത്തിലും മാറ്റം വരുത്താൻ ശുപാർശയുണ്ട്. പുരാതന, മധ്യകാല, ആധുനിക ചരിത്രമെന്ന വിഭജനം മാറും. പുരാതന ചരിത്രം എന്നതിനു പകരം ക്ലാസിക്കൽ ചരിത്രം എന്നാക്കും. ബ്രിട്ടിഷുകാരാണ് ഇന്ത്യൻ ചരിത്രത്തെ മൂന്നു ഘട്ടമായി വേർതിരിച്ചത്. അറിവിന്റെ കാര്യത്തിൽ ഒരുകാലത്ത് ഇന്ത്യ ഇരുട്ടിലായിരുന്നുവെന്നും ശാസ്ത്രപരമായ അറിവുകളോ അതിന്റെ വളർച്ചയോ ഉണ്ടായിരുന്നില്ലെന്നും ഈ വിഭജനത്തിൽ വ്യാഖ്യാനമുണ്ട്.

എന്നാൽ, സോളർ സിസ്റ്റം മോഡലുമായി ബന്ധപ്പെട്ട് ആര്യഭട്ടയുടെ രചന ഉൾപ്പെടെ അക്കാലത്തെ ഇന്ത്യയുടെ നേട്ടങ്ങൾ വിവരിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങൾ ലഭ്യമാണെന്ന് ഐസക് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ മധ്യകാല, ആധുനിക ചരിത്രത്തിനൊപ്പം ക്ലാസിക്കൽ ചരിത്രം കൂടി പഠിപ്പിക്കാൻ സമിതി ശുപാർശ ചെയ്തതായി ഐസക് അറിയിച്ചു.

ഹിന്ദുരാജാക്കന്മാരുടെ യുദ്ധവിജയങ്ങൾ കൂടുതലായി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്നും ഐസക് വിശദീകരിച്ചു. 'നിലവിൽ നമ്മുടെ പരാജയങ്ങളാണ് പാഠപുസ്തകങ്ങളിൽ കൂടുതലായുള്ളത്. മുഗളന്മാർക്കും സുൽത്താന്മാർക്കുമെതിരെ നാം നേടിയ വിജയങ്ങൾ അക്കൂട്ടത്തിലില്ല. രാഷ്ട്രീയ വിവാദത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ വിഷയങ്ങളിൽ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ശുപാർശ നൽകുന്നതിനായി എൻസിഇആർടി 2021ൽ രൂപീകരിച്ച 25 ഉന്നതതല സമിതികളിൽ ഒന്നാണ് സാമൂഹിക ശാസ്ത്രത്തിനുള്ള ഐസക് അധ്യക്ഷനായ സമിതി.