ന്യൂഡൽഹി: എൻഡിടിവി എന്ന സ്വതന്ത്ര ന്യൂസ് ചാനലിന്റെ 29 ശതമാനം ഓഹരികൾ ഗൗതം അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്, ഇന്ത്യൻ മാധ്യമ രംഗത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയതെങ്കിലും നിക്ഷേപകർക്ക് ഈ നീക്കം വൻ ലാഭമാണ് ഉണ്ടാക്കിയത്. ആർക്കും വേണ്ടാതെ ചത്തുകിടക്കയായിരുന്നു എൻഡിടിവിയുടെ ഓഹരി വില ഇപ്പോൾ വാണം വിട്ടപോലെ കുതിക്കയാണ്. ഇന്ത്യയിലെ എറ്റവും ആധികാരികമായ ചാനൽ എന്ന പേര് ഉണ്ടായിരുന്നെങ്കിലും, എൻഡിടിവി നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അതുകൊണ്ടുതന്നെ നിക്ഷേപകർക്ക് ഒട്ടും താൽപ്പര്യമില്ലാത്ത ഒന്നായിരുന്നു ഇത്. പക്ഷേ അദാനിയുടെ വരവോടെ ചിത്രം മാറി.

ശനിയാഴ്ച മാത്രം ഏകദേശം 4.99 ശതമാനത്തോളം വില കൂടി 427.95 രൂപയിൽ അവസാനിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി 5 ശതമാനം വീതം ഓഹരി വില കുതിക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി 50 ശതമാനത്തോളമാണ് എൻഡിടിവി ഓഹരി വില കുതിച്ചത്. എൻഡിടിവിയുടെ പ്രൊമോട്ടർ കമ്പനിയായ ആർആർപിആർ ഹോൾഡിങ്സ് പ്രൈ ലിമിറ്റഡിന്റെ കയ്യിലുണ്ടായിരുന്ന 29 ശതമാനം ഓഹരികൾ വാങ്ങിയതിന് പിന്നാലെ, പബ്ലിക്കിൽ നിന്ന് ഇനിയൊരു 26 ശതമാനം ഓഹരി കൂടി ഏറ്റെടുക്കാൻ ഓപ്പൺ ഓഫർ അദാനി ഗ്രൂപ്പ് മുന്നോട്ട് വെച്ചിട്ടുണ്ട്.

വിൽക്കണോ വാങ്ങണോ?

സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും ഒരു കമ്പനിയുടെ ഷെയർ ആരെങ്കിലും വാങ്ങി കൂട്ടിയാൽ, അത് ആ കമ്പനിയുടെ ആകെ ഷെയറിന്റെ 25 ശതമാനം എത്തിയാൽ, വാങ്ങിയവർക്ക് മാർക്കറ്റിൽ ഓപ്പൺ ഓഫർ വെച്ചുകൊണ്ട് മാത്രമേ ഇനി വാങ്ങാൻ അനുവാദമുള്ളൂ. ആ ഓഫർ ആണ് ഇപ്പോൾ അദാനി വെച്ചിരിക്കുന്ന 294 രൂപയുടെ ഷെയർ. അതായത് മാർക്കറ്റിൽ നിന്ന് അദാനിക്ക് വേണമെങ്കിൽ ഇനിയും ഷെയറുകൾ വാങ്ങിക്കൂട്ടാം. 294 രൂപക്ക് വിൽക്കാൻ തയാറുള്ളവർക്കൊക്കെ വിൽക്കാം. ഇതോടെയാണ് എൻഡിടിവിയുടെ ഷെയർ വില കുതിക്കാൻ തുടങ്ങിയത്. രണ്ടുദിവസം മുമ്പ് 388 രൂപയായിരുന്നു എൻഡിടിവിയുടെ ഓഹരി വില.

അദാനിയുടെ ഓപ്പൺ ഓഫർ അർത്ഥമാക്കുന്നത്, പ്രൊമോട്ടർ ഗ്രൂപ്പിന് പുറത്തുള്ള ഏതൊരു എൻഡിടിവി ഷെയർ ഹോൾഡർക്കും അവരുടെ ഓഹരികൾ അദ്ദേഹത്തിന് വിൽക്കാൻ കഴിയും എന്നാണ്. എൻഡിടിവിയുടെ ഓഹരിയുടമകളിൽ 29,691 വ്യക്തികളും, 947 സ്ഥാപനങ്ങളും ഉൾപ്പെടുന്നു. 23.85 ശതമാനം ഓഹരികളാണ് ഇങ്ങനെ പബ്ലിക്കിന്റെ കൈയിലുള്ളത്. 29.18 ശതമാനം ഓഹരികൾ ഇപ്പോൾ നഷ്ടമായെങ്കിലും, പൊതു ഓഹരി ഉടമകളിൽ നിന്ന് അദാനിയെക്കാൾ കൂടുതൽ ഓഹരികൾ വാങ്ങാൻ കഴിഞ്ഞാൽ റോയ് ദമ്പതികൾക്ക് ഈ ഏറ്റെടുക്കൽ തടയാൻ കഴിയും. ചുരുക്കിപ്പറഞ്ഞാൽ എൻഡിടിവിയുടെ ഓഹരികൾ കൈയിലുള്ളവർക്ക്, പൊതുവേ നല്ല കാലമാണ്. പ്രണോയ് റോയ് ടീമും അദാനിയും മത്സരിച്ച് ഓഹരി വാങ്ങുന്നതുകൊണ്ട് വരും ദിനങ്ങളിൽ വില ഇനിയും കൂടാൻ ഇടയാക്കമെന്നാണ് കരുതുന്നത്. ഓഹരി ഉടമകളുടെ മുൻപിൽ വെച്ചിരിക്കുകയാണ് അദാനി. ഇതിനാൽ കയ്യിലുള്ള ഓഹരികൾ വിൽക്കണോ അതോ എൻഡിടിവി ഓഹരികൾ പുതുതായി വാങ്ങിക്കൂട്ടണോ എന്ന ആശങ്കയിലാണ് ഓഹരി നിക്ഷേപകർ.

ഒരു വർഷമായി വളർച്ച തുടരുന്നു

കഴിഞ്ഞ ഒരു വർഷത്തോളമായി അദാനി എൻഡിടിവിയെ വിലയ്ക്ക് വാങ്ങും എന്ന അഭ്യൂഹമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ ആറ് മാസത്തിൽ 186 ശതമാനം ഓഹരിവില കൂടിയിരുന്നു. ഒരു വർഷത്തിനുള്ളിൽ 237 ശതമാനത്തോളം ഓഹരി വില കുതിച്ചിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച എൻഡിടിവി ഓഹരി വില കഴിഞ്ഞ 52 ആഴ്ചകൾക്കിടയിൽ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു.

ശരിക്കും വളഞ്ഞിട്ട് പിടിക്കുന്ന രീതിയിലാണ് അദാനി ഗ്രൂപ്പ് എൻഡിടിവിയെ ഏറ്റെടുത്തതത്. എൻഡിടിവിയുടെ പ്രൊമോട്ടർ കമ്പനിയായ ആർആർപിആർ ഹോൾഡിങ്സ് പ്രൈ ലിമിറ്റഡിന്റെ കയ്യിലുണ്ടായിരുന്ന എൻഡിടിവി ഓഹരികളാണ് അദാനിയുടെ സഹസ്ഥാപനമായ വിശ്വപ്രധാൻ കമേഴ്സ്യൽ പ്രൈ. ലിമിറ്റഡ് വാങ്ങുന്നത്.

2009ൽ എൻഡിടിവി വല്ലാതെ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് പോയപ്പോൾ, ആർആർപിആർ വഴി വായ്‌പ്പക്ക് പോയതാണ് എൻഡിടിവി ഉടമായായ പ്രണോയ് റോയ്ക്ക് തിരിച്ചടിയായത്. വിസിപിഎൽ എന്ന വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽനിന്നാണ് ആർആർപിആർ 403.85 കോടി രൂപ വായ്‌പ്പയെടുത്തത്.

ഡിബെഞ്ചറുകൾ എന്ന കടം സബ്‌സ്‌ക്രൈബ് ചെയ്യുമ്പോൾ കടം കൊടുക്കുന്ന കമ്പനികൾ പലപ്പോഴും ചില കണ്ടീഷനുകൾ വെക്കാറുണ്ട്. തങ്ങൾ ആവശ്യപെട്ടാൽ ഈ ഡിബഞ്ചറുകൾക്ക് പകരം, കടം എടുക്കുന്ന കമ്പനിയുടെ ഷെയർ ആയി മാറ്റുന്നതാണ് അതിൽ ഒന്ന്. കടം കൊടുക്കുന്നവർ, കമ്പനി നന്നായി നടക്കുന്നുവെങ്കിൽ കടത്തെ ഷെയർ ആക്കി മാറ്റും, അല്ലെങ്കിൽ തുക തിരിച്ചുവാങ്ങി പോകും. അതവരുടെ തീരുമാനം. ഇപ്പോൾ വിസിപിഎൽ എന്ന കടം കൊടുത്ത കമ്പനി, അത് ഷെയർ ആക്കി മാറ്റണം എന്ന് ആർആർപിആറിനോട് ആവശ്യപ്പെട്ടിരിക്കുന്നു. എന്നുവച്ചാൽ ആർആർപിആർ എന്ന കമ്പനിയുടെ 99 ശതമാനം ഷെയറുകളും ഇനി വിസിപിഎല്ലിന്റെത് ആകും. ഈ വിസിപിഎൽ എന്നത് അദാനിയുടെ കമ്പനിയാണെന്നത് എൻഡിടിവി ഉടമകൾ അറിഞ്ഞിരുന്നില്ല. അദാനിയുടെ എഎംജി നെറ്റ് വർക്ക് എന്ന മീഡിയാ ഗ്രൂപ്പ്, തങ്ങളുടെ അനുബന്ധ സ്ഥാപനമായ വിസിപിഎല്ലിൽനിന്ന് എൻഡിടിവിയുടെ ഓഹരികൾ വാങ്ങിയെന്ന് അറിയിച്ചതോടെയാണ് ലോകവും ഇക്കാര്യം അറിഞ്ഞത്. അങ്ങനെ ആളറിയാതെ വായ്‌പ്പ കൊടുത്ത് അദാനി എൻഡിടിവിയിൽ കയറിപ്പറ്റിയെന്ന് ചുരുക്കം.

മലയാളം അടക്കം 14 ഭാഷകളിലേക്ക്

അദാനിയുടെ എൻഡിടിവി ഏറ്റെടുക്കലിലെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ എതിർക്കയാണ്. എന്നാൽ മീഡിയാ രംഗത്ത് ശക്തമായി മുന്നേറാനാണ് എൻഡിടിവിയുടെ നീക്കം. കഴിഞ്ഞ മേയിൽ, രാഘവ് ബഹലിന്റെ ക്വിന്റ് ഡിജിറ്റലിന്റെ 49 ശതമാനം ഓഹരികൾ, അദാനി സ്വന്തമാക്കിയരുന്നു. ഇതിന് കൊടുത്ത തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. അതിനിടെ ഓൺലൈൻ ലൈവ് ശൃംഖലയ്ക്ക് തുടക്കമിട്ടുകൊണ്ടാണ് അദാനി ഗ്രൂപ്പ്, മീഡിയ രംഗത്ത് ശക്തമായ ചുവട് ഉറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മലയാളം അടക്കം 14 ഭാഷകളിലുള്ള വെബ്‌സൈറ്റ് ഉടൻ പുറത്തിറങ്ങും.

അദാനി ഗ്രൂപ്പിന്റെ മീഡിയ സംരംഭത്തിന്റെ ചീഫ് എഡിറ്ററായി മാധ്യമപ്രവർത്തകൻ സഞ്ജയ് പുഗാലിയെ അടുത്തിടെ നിയമിച്ചിരുന്നു. ഇദേഹത്തിന്റെ നേതൃത്വത്തിലാണ് എൻഡിടിവിയുടെ മാതൃസ്ഥാപനമായ ന്യൂഡൽഹി ടെലിവിഷൻ കമ്പനിയുമായി അദാനി ഗ്രൂപ്പ് ചർച്ച നടത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ ഇതു സംബന്ധിച്ചുള്ള വാർത്തകൾ പുറത്തുവന്നെങ്കിലും അദാനി ഗ്രൂപ്പിന് കമ്പനി വിൽക്കുന്നതു സംബന്ധിച്ച അഭ്യൂഹങ്ങൾ എൻഡിടിവി മാനേജ്‌മെന്റ് നിഷേധിച്ചിരുന്നു. പുതിയ മാധ്യമ സ്ഥാപനം തുടങ്ങുന്നതിനേക്കാൾ പ്രധാനം എൻഡിടിവി ഏറ്റെടുക്കുന്നതിനാണ് അദാനി ഗ്രൂപ്പ് നൽകിയത്. ഇത് ഒരു തുടക്കം മാത്രം ആണെന്നും ഇനിയും ഒരുപാട് സംരംഭങ്ങൾ അദാനി ഗ്രൂപ്പ് മാധ്യമ രംഗത്ത് തുടങ്ങുന്നുണ്ടെന്നുമാണ് അറിയുന്നത്.