തിരുവനന്തപുരം: എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത് ഗൂഡരീതിയിലെന്ന് മുൻ ധനകാര്യമന്ത്രി തോമസ് ഐസക്ക്. എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത് ഇന്ത്യയെ ഞെട്ടിക്കണം. മാധ്യമരംഗത്തും പിടിമുറുക്കാൻ ഈ ബിസിനസ് കുത്തക ഇറങ്ങിയിരിക്കുന്നു എന്നത് നിസ്സാരമല്ലെന്നും തോമസ് ഐസക് പറഞ്ഞു.

2009-10-ൽ എൻഡിടിവി ആർആർപിആർ ഹോൾഡിംങ് എന്ന കമ്പനിയിൽ നിന്ന് വായ്പ എടുത്തിരുന്നു. വായ്പ തിരിച്ചടച്ചില്ലെങ്കിൽ ആവശ്യപ്പെട്ടാൽ ആ തുക ഓഹരിയാക്കി കൊടുക്കാമെന്നായിരുന്നു കരാർ. എന്നാൽ എൻഡിടിവിയുടെ മേൽ കേന്ദ്ര സർക്കാർ വലിയ പിഴ ഈടാക്കിക്കൊണ്ട് പ്രതിസന്ധിയിലാക്കി. വായ്പാ തിരിച്ചടവ് മുടങ്ങി.

അദാനി ചെയ്തത് ഈ കമ്പനിയ തന്നെ വിലയ്ക്ക് എടുക്കുകയായിരുന്നു. കമ്പനിയുടെ ഉടമസ്ഥരെന്ന നിലയിൽ വായ്പയ്ക്കു തുല്യമായ ഓഹരികൾ ആവശ്യപ്പെട്ട കത്ത് എഴുതിയിരിക്കുകയാണ്. അങ്ങനെയാണ് അദാനി 29 ശതമാനം ഓഹരി കൈക്കലാക്കിയെന്ന് അവകാശപ്പെടുന്നതെന്നും തോമസ് ഐസക് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു.

എൻഡിടിവിയുടെ ഓഹരികൾ വാങ്ങിയത് അദാനി ഗ്രൂപ്പ് തന്നെയാണ് വെളിപ്പെടുത്തിയത്. ഇനിയം 26 ശതമാനം കൂടി ഓഹരികൾ വാങ്ങാം എന്ന വാഗ്ദാനം കൂടി അദാനി ഗ്രൂപ്പ് മുന്നോട്ടുവച്ചിരിക്കയാണ്. ഇതുകൂടി പൂർത്തിയായാൽ എൻഡിടിവിയിൽ അദാനിയുടെ ഓഹരി പങ്കാളിത്തം 55 ശതമാനമാകും.

രാജ്യത്തെ ആദ്യത്തെ ഇംഗ്ലീഷ് സ്വകാര്യവാർത്താചാനലാണ് എൻഡിടിവി. അനുദിനം ജീർണ്ണിക്കുന്ന ദൃശ്യമാധ്യമമേഖലയിലെ വേറിട്ട സാന്നിധ്യമായിരുന്നു ഊ സ്ഥാപനത്തിന്റേത്. ദേശീയമാധ്യമങ്ങളൊക്കെ സംഘപരിവാറിനാൽ വിലയ്‌ക്കെടുക്കപ്പെടുകയോ ഭീതിയിലായി നിശ്ശബ്ദമാവുകയോ ചെയ്യുന്ന ഒരു കാലത്താണ് എൻഡിടിവി ചെറുത്തുനില്ക്കുന്നത്.

ജനാധിപത്യത്തെ നോക്കുകുത്തിയാക്കുകയും പ്രച്ഛന്ന ഫാസിസത്തിലേയ്ക്കു നീങ്ങുകയും രാജ്യത്തിന്റെ മതനിരപേക്ഷപാരമ്പര്യം തകർക്കുകയും നാടിനെ വർഗ്ഗീയഭ്രാന്തിലേയ്ക്കു നയിക്കുകയും ചെയ്യുന്ന മോദി സർക്കാരിനെതിരെ ധീരമായി നിലകൊള്ളുന്ന ഒരു ചാനലിനെയാണ് മോദി സർക്കാരുമായി ദുരൂഹമാംവിധം പങ്കുപറ്റുന്ന കോർപ്പറേറ്റ് രാക്ഷസൻ അദാനി കൈയടക്കുന്നത്.

ഓഹരി ഉടമകളിൽ നിന്ന് 294 രൂപ നിരക്കിൽ 1,67,62,530 ഓഹരികളാണ് വാങ്ങുകയെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തൽ. അദാനി എന്റർപ്രൈസസിന്റെ അനുബന്ധസ്ഥാപനമായ എഎംജി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡാണ് ഓഹരികൾ വാങ്ങുന്നത്. 26 ശതമാനം ഓഹരി കൂടി സ്വന്തമാക്കാൻ ഓഹരി ഒന്നിന് 294 രൂപയെന്ന നിരക്കിൽ 493 കോടി രൂപയാണ് അദാനിയുടെ വാഗ്ദാനം.

എന്നാൽ, നേരിട്ട് അദാനിക്ക് ഓഹരി വിൽക്കുകയോ അതിനുള്ള ചർച്ചകൾ നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് എൻഡിടിവി അറിയിക്കുന്നത്. പ്രധാന ഓഹരിയുടമകളായ രാധികാ റോയിയോ പ്രൊണൊയ് റോയിയോ ഉടമസ്ഥാവകാശം വിൽക്കാനുള്ള ചർച്ചകൾ നടത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ്.

എൻഡിടിവിയുടെ സ്ഥാപകരെ ഇരുട്ടിൽനിർത്തിക്കൊണ്ട് മറയ്ക്കു പിന്നിലൂടെ സ്ഥാപനം കൈയടക്കാനുള്ള നടപടികൾ നടന്നു എന്നാണ് ഇതിനർത്ഥം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ കുതിരക്കച്ചവടത്തിലൂടെ രായ്ക്കുരാമാനം കൈയടക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയക്കരുനീക്കങ്ങളെ ഓർമ്മിപ്പിക്കുന്നു അദാനി ഗ്രൂപ്പിന്റെ ഈ നീക്കമെന്നും തോമസ് ഐസക് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ വിമർശിക്കുന്നു.

2009 - 10 കാലഘട്ടത്തിൽ പ്രണോയ് റോയിയുടെ സ്വന്തം എൻഡിടിവിയെടുത്ത 403 കോടി രൂപയുടെ വായ്പയാണ് അദാനിയുടെ പിടിയിലേയ്ക്ക് പ്രമുഖ ദേശീയ മാധ്യമത്തെ കൊണ്ടെത്തിച്ചത്. 7.56ശതമാനം ഓഹരികൾ മാത്രം കൈവശംവെച്ചിരുന്ന ആർആർപിആർ ഹോൾഡിങ്സ് എൻഡിടിവിക്കുവേണ്ടി വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് രണ്ട് ഘട്ടമായി വായ്പയെടുത്തതാണ് കുരുക്കിന്റെ തുടക്കം.

2009 ജൂലായിൽ 350 കോടി രൂപയും 2010 ജനുവരിയിൽ 53 കോടി രൂപയുമാണ് വായ്പയെടുത്തത്. ലോണിന്റെ കരാർ പ്രകാരം ആർആർപിആറിന്റെ 99.99ശതമാനം ഓഹരി മൂലധനവും വായ്പയ്ക്കുപകരമായി ഏറ്റെടുക്കാൻ അനുവാദവും നൽകിയിരുന്നു.

എൻഡിടിവിയുടെ 55.5ശതമാനം ഓഹരിയും സ്വന്തമായിരുന്ന പ്രണോയ് റോയിയും രാധികാ റോയിയും കൈവശമുള്ള ഓഹരിയുടെ ഒരുഭാഗം ആർആർപിആർ ഹോൾഡിങ്സിന് കൈമാറണമെന്നും 2009 ജൂണിലെ വായ്പ കരാറിൽ ആവശ്യപ്പെട്ടിരുന്നു. ഈ നിബന്ധന പ്രകാരം 2010 ജനുവരിയോടെ എൻഡിടിവിയിലുള്ള ആർആർപിആർ ഹോൾഡിങ്സിന്റെ ഓഹരി വിഹിതം 29.18ശതമാനമായി ഉയർന്നു.

കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി വെറും ഒരു ലക്ഷം രൂപ വിറ്റുവരവുണ്ടായിരുന്ന വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് ഇപ്പോൾ അദാനി ഗ്രൂപ്പിന്റെ കൈവശമാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനായ മുകേഷ് അംബാനിയുടെ ഷെൽ കമ്പനിയാണ് വിശ്വപ്രധാനെന്നായിരുന്നു നേരത്തയുണ്ടായിരുന്ന അഭ്യൂഹം. അതായത് ആർക്കൊക്കെയോ വേണ്ടി എന്തൊക്കയെ ഉദ്ദേശത്തോടെ രൂപീകരിച്ച കമ്പനി വഴിയാണ് ഈ നീക്കം നടന്നെതന്ന് ചുരുക്കം.

വിശ്വപ്രധാൻ ആരുടെ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നു വെന്നത് ഇപ്പോഴും ദുരൂഹംമാത്രം. നെക്സ്റ്റ് വേവ് ടെലി വെഞ്ച്വേഴ്സ്, എമിനന്റ് നെറ്റ് വർക്സ് എന്നീ കമ്പനികളിൽനിന്നാണ് വിശ്വപ്രധാനെ അദാനി ഏറ്റെടുക്കുന്നതെന്നുമാത്രം അറിയാം. അതിനുമുമ്പേ, വായ്പക്കുപകരം ആർആർപിആർ ഹോൾഡിങ്സിന്റെ ഓഹരികൾ സ്വന്തമാക്കാനുള്ള അവകാശം വിശ്വപ്രധാൻ തന്ത്രപൂർവും വിനിയോഗിച്ചിരുന്നു.

ഇതോടെ വിശ്വപ്രധാൻവഴി എൻഡിടിവിയുടെ 29.18ശതമാനം ഓഹരികൾ വളഞ്ഞവഴി ഉപയോഗിച്ച് അദാനി കീശയിലാക്കി. അതായത് എൻഡിടിവിയുടെ ഓഹരികൾ നേരിട്ടല്ല, മറ്റൊരുകമ്പനിവഴിയാണ് സ്വന്തമാക്കിയതെന്ന് ചുരുക്കം.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം.