കേരളത്തിലടക്കം മസാജ് പാര്‍ലറുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും വ്യാപകമായി നടക്കുന്ന ഒരു പരിപാടിയാണ് കഴുത്ത് വെട്ടിക്കല്‍ മസാജ്. ഇത് അപകടകരമാമെന്ന് നിരവധി തവണ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. മുടിവെട്ടിക്കഴിഞ്ഞശേഷം കഴുത്ത് പെട്ടെന്ന് വെട്ടിപ്പിച്ചുള്ള മസാജ്, കേരളത്തില്‍ ബംഗാള്‍ തൊഴിലാളികള്‍ നടത്തുന്ന ബാര്‍ബര്‍ ഷോപ്പിലൊക്കെ പതിവാണ്. ഇത് അപകടകരമാണെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ തായ്ലന്‍ഡില്‍നിന്ന് പുറത്തുവരുന്നത്.

ബോഡി മസാജിനിടെ കഴുത്തിനേറ്റ ക്ഷതത്തെ തുടര്‍ന്ന് തായ് ഗായിക ചയാദ പ്രാവോ മരിച്ചത് വിവാദമാവുകയാണ്. രക്തത്തിലെ അണുബാധയും തലച്ചോറിലെ വീക്കവുമാണ് മരണ കാരണമെങ്കിലും ചയാദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, മസാജിനെ തുടര്‍ന്നുണ്ടായ പ്രശ്നത്തെ തുടര്‍ന്നാണ്.

തന്റെ ആരോഗ്യത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ ഗായിക വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. തോളിലെ വേദനയെ കുറിച്ചും അത് കുറയ്ക്കുന്നതിനായി മസാജ് പാര്‍ലറില്‍ പോകുന്നതിനെക്കുറിച്ചും പോസ്റ്റ് ചെയ്തിരുന്നു. ഒക്ടോബറിലാണ് ആദ്യ സെഷനായി മസാജ് പാര്‍ലറില്‍ പോയത്. അന്ന് കഴുത്ത് പെട്ടെന്ന് വെട്ടിത്തിരിച്ചുള്ള 'നെക്ക് ട്വിസ്റ്റിങ്' മസാജ് ചെയ്തിരുന്നു. പാര്‍ലറില്‍നിന്ന് മടങ്ങിയെത്തിയ ശേഷം ചയാദയ്ക്ക് പല ആരോഗ്യ പ്രശ്നങ്ങളും സംഭവിച്ചു. ഇതിനിടയില്‍ രണ്ടാം സെഷനും മസാജ് പാര്‍ലറില്‍ പോയി. തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നു. തായ് മസാജ് പഠിച്ചിരുന്ന അവര്‍ മസാജുകളില്‍നിന്ന് സംശയാസ്പദമായി ഒന്നും തോന്നിയിരുന്നില്ല. മസാജിന് ശേഷമുള്ള സാധാരണ പ്രശ്നങ്ങള്‍ മാത്രമാണ് തനിക്ക് ഉള്ളതെന്നാണ് ചയാദ ധരിച്ചിരുന്നത്.

നവംബര്‍ ആറിന് അവസാന സെഷനും പങ്കെടുത്ത ശേഷം ചയാദയുടെ ശരീരത്തില്‍ വീക്കവും കണ്ടെത്തി. തുടര്‍ന്ന് വലതു കൈ മരവിക്കുകയും ചെയ്തു. നവംബര്‍ പകുതിയോടെ ചയാദയുടെ ശരീരം 50 ശതമാനത്തിലധികം തളര്‍ന്നു. തുടര്‍ന്ന് ചലന ശേഷി പൂര്‍ണമായും നഷ്ടപ്പെടുകയായിരുന്നു.



ഇത് പരിശീലനം ലഭിച്ചവര്‍ മാത്രം ചെയ്യേണ്ടത്

ചയാദയുടെ മരണത്തെ തുടര്‍ന്ന്, തായ്ലന്‍ഡിലെ ഉഡോണ്‍ താനി പ്രവിശ്യ പബ്ലിക് ഹെല്‍ത്ത് ഓഫിസ് അധികൃതര്‍ മസാജ് പാര്‍ലറില്‍ പരിശോധന നടത്തി. പാര്‍ലറിലെ ഏഴ് മസാജ്മാരില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് ലൈസന്‍സുള്ളതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം, ഇത്തരം അപകടകരമായ മസാജുകള്‍ നടത്താന്‍ ലൈസന്‍സുള്ളവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നാണ് പാര്‍ലര്‍ മാനേജറുടെ അവകാശവാദം. സംഭവത്തില്‍ ചയാദയുടെ കുടുംബത്തോട് മാനേജര്‍ മാപ്പുപറഞ്ഞു.

കഴുത്തിലെ മസാജ് തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികള്‍ക്ക് തകരാറുണ്ടാക്കുമെന്നും സ്ട്രോക്കിന് കാരണമാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിചയ സമ്പന്നര്‍ അല്ലാത്തവര്‍ ഇത്തരത്തിലുള്ള കഴുത്ത് വെട്ടിക്കലുകള്‍ ചെയ്താല്‍ അത് പ്രശ്നമാവുമെന്നാണ് ഡോക്ടര്‍മാര്‍ പറയുഞ്ഞത്.

തുടര്‍ച്ചയായി ഇരുന്ന് ജോലിചെയ്യുകയോ, ദീര്‍ഘനേരെ ഒരേ ഇരിപ്പില്‍ വാഹനമോടിക്കുകയോ ചെയ്യുന്ന ആളുകള്‍ക്ക് പലപ്പോഴും കഴുത്തിലും തോളിലും വേദന അനുഭവപ്പെടാറുണ്ട്. ഇത്തരക്കാര്‍ക്ക് കഴുത്ത് മസാജ് ചെയ്യുന്നത് മൂലം ചെറിയ ഒരു സുഖം ഉണ്ടാവും. മസാജുകള്‍ക്ക് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ കഴിയും. പക്ഷേ ഇത് ചെയ്യാന്‍ അറിയണം. മസാജ് എന്ന പേരില്‍ തലപിടിച്ച് വെട്ടിക്കുന്നത് പലപ്പോഴും അപകടകരമാണ്. ഇക്കാര്യം ഡോക്ടര്‍മാര്‍ പലതവണ പറഞ്ഞിട്ടും കേരളത്തിലടക്കം ഈ പരിപാടി തുടരുകയാണ്.

ബാര്‍ബര്‍ ഷോപ്പില്‍ മസാജ് നല്‍കുന്നതിനിടെ തെറ്റായ മസാജിംഗ് രീതി മൂലം ഒരു വ്യക്തി മരണം പ്രാപിക്കുന്നത്തിന്റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ കേരളത്തിലെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷേ ഈ വീിഡിയോ സ്‌ക്രിപ്റ്റഡാണ്. കഴുത്ത് മസാജ് ചെയ്യുമ്പോള്‍ ഈ വ്യക്തിക്ക് സ്ട്രോക്ക് ഉണ്ടാവുന്നുവെന്നും തുടര്‍ന്ന് ഇയാള്‍ മരിക്കുന്നു എന്നാണ് വീഡിയോയില്‍ കാണുന്നത്. പക്ഷേ ഇത് ഒരു യുട്യൂബ് ചാനലിനുവേണ്ടി വന്ന സ്‌ക്രിപ്പറ്റഡ് വീഡിയോ ആണ്. നടന്ന സംഭവം അല്ല. പക്ഷേ കാര്യങ്ങള്‍ അറിയാത്തവര്‍ മസാജ് ചെയ്താല്‍ അത് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്നതിന് ഉറപ്പാണ്, തായ്ലന്‍ഡില്‍ നടന്ന സംഭവം.