- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നെടുമല ഗുഹാ സമുച്ചയം തകർക്കുന്ന പാറമട ലോബിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
കൊച്ചി: ചരിത്ര പ്രാധാന്യമുള്ള പിരാളിമറ്റം നെടുമല ഗുഹാ സമുച്ചയം തകർക്കുന്ന പാറമട ലോബിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. എറണാകുളം ജില്ലയിലെ മഞ്ഞള്ളൂർ പഞ്ചായത്തിലാണ് ഗുഹാ സമുച്ചയം. നരവംശ ശാസ്ത്രജ്ഞർ അതീവപ്രാധാന്യത്തോടെ കണക്കാക്കുന്ന ഗുഹാസമുച്ചയം തകർക്കുന്നതിന് തടസ്സം നിൽക്കുന്ന നാട്ടുകാരുമായി പാറമട ലോബി സംഘർഷത്തിലാണ്. പലതവണ ഏറ്റുമുട്ടലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പാറമട ലോബിക്ക് നേതൃത്വം നൽകുന്നത് അച്ഛനും മകനുമായ തോമസ് ജോസഫ്, ജോസഫ് തോമസ് മനയാണിക്കൽ എന്നിവരാണെന്ന് പിരാളിമറ്റം പൗരസമിതി ആരോപിക്കുന്നു. ഇരുവരും നാട്ടുകാരെ ഗൂണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. അടുത്തിടെയുണ്ടായ സംഘർഷത്തിൽ അനിൽകുമാർ എന്ന നാട്ടുകാരനെ തോമസിന്റെയും, മകന്റെയും നേതൃത്വത്തിൽ ഗുണ്ടകൾ കയ്യേറ്റം ചെയ്തതായി പൗരസമിതി ആരോപിക്കുന്നു. മർദ്ദനമേറ്റ അനിൽകുമാർ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുക കൂടി ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു. ഗുരുതര പൊള്ളലേറ്റ അനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പാറമട ലോബി തങ്ങളുടെ സ്വാധീനമുപയോഗിച്ച് കോട്ടയത്തുള്ള നിരവധി ബാങ്കുകളിൽ നിന്ന് പോലും ഇല്ലാത്ത ആധാരവും, മറ്റുള്ളവരുടെ പേരിലുള്ള ആധാരങ്ങളും ഉപയോഗിച്ച് കോടികൾ വായ്പ തരപ്പെടുത്തിയിട്ടുണ്ട് എന്നും പിരാളിമറ്റം പൗരസമിതി ആരോപിച്ചു. ആർക്കയോളജിക്കൽ, ജിയോളജിക്കൽ പ്രാധാന്യം ഉള്ള സ്ഥലത്ത് ബന്ധപ്പെട്ട അധികാരികളുടെ എൻ ഒ സിയില്ലാതെ നെടുമല ഗുഹ പണയപ്പെടുത്തി വായ്പ തരപ്പെടുത്തിയത് അടിയന്തരമായി കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. ജീവൻ പോയാലും നെടുമല ഗുഹാസമുച്ചയത്തിന്റെ സംരക്ഷണത്തിനായി ഒന്നിച്ചുപോരാടുമെന്ന് പിരാളിമറ്റം പൗര സമിതി മറുനാടനോട് പറഞ്ഞു.
ഗുഹാസമുച്ചയത്തിന്റെ പ്രാധാന്യം
പിരളിമറ്റത്തെ നെടുമലയിൽ മൂന്ന് ഗുഹകളാണുള്ളത്. ഇതിൽ ഒന്നിൽ നിന്ന് ശിലായുഗ മനുഷ്യരുടെ വെള്ളാരംകല്ല് കൊണ്ട് നിർമ്മിച്ച ആയുധങ്ങളും ശിലാചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. നൂറു മീറ്ററിലേറെ ദൈർഘ്യമുള്ള പുരാതന ഗുഹയും ഇവിടെയുണ്ട്. നാലായിരം ബി സിയിൽ നവീന ശിലായുഗ കാലത്ത് മനുഷ്യർ അധിവസിച്ചിരുന്നതാണ് ഈ ഗുഹകളെന്നാണ് ഇവിടെ ഗവേഷണം നടത്തിയ നരവംശ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. മനുഷ്യ നിർമ്മിതമായ ഗുഹകളാണ് ഇവയെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. താമസിക്കാൻ വേണ്ടിയാണ് ഇത്തരം ഗുഹകൾ നിർമ്മിക്കുന്നത്. ഇടുക്കിയിലെ മറ്റു സ്ഥലങ്ങളിൽ കണ്ടെത്തിയിട്ടുള്ള മുനിയറകളുമായി ഇത്തരം ഗുഹകൾക്ക് യാതൊരു ബന്ധവുമില്ല
ഗുഹയ്ക്കുള്ളിൽ ലിഖിതങ്ങളും രൂപങ്ങളുമൊക്കെ കൊത്തിവച്ചിരിക്കുന്നതായി കാണാം. കല്ലുകൊണ്ട് നിർമ്മിച്ച ആയുധങ്ങൾക്ക് മൂർച്ച കൂട്ടാൻ ഗുഹഭിത്തിയുടെ പ്രതലങ്ങൾ മിനുസപ്പെടുത്തിയതും ഗുഹയ്ക്കുള്ളിൽ കാണാം. പുരാവസ്തു ശാസ്ത്രജ്ഞൻ ഡോ.പി.കെ.രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം നെടുമലയിലെ ഇരട്ട ഗുഹകൾ പരിശോധിച്ച ശേഷമാണു ഗുഹകളിലെ അപൂർവ ശിലാരൂപങ്ങളെ കുറിച്ചും ഇവിടെ കണ്ട കപ്യൂൾസ് (ചരിത്രാതീത കാലത്തു ശിലയിൽ കുഴിയായും മുഴയായും തീർത്ത കലാരൂപങ്ങൾ), ഓവൽ ഷാലോ ഗ്രെയിൻഡിങ് ഉപരിതലത്തെക്കുറിച്ചും വെളിപ്പെടുത്തിയത്.
കൊല്ലം കടയ്ക്കൽ മാറ്റിടാം പാറകളിൽ കണ്ടെത്തിയതു പോലുള്ള കപ്യൂൾസും കൽമഴു പോളിഷ് ചെയ്യാൻ തയാറാക്കിയ ഗുഹകളിലെ പാറയുടെ ഉപരിതലങ്ങളും ബിസി 4,000നു മുൻപുള്ളത് ആയിരിക്കാമെന്നും കേരളത്തിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ കണ്ടുപിടിത്തം ആണ് നെടുമല ഗുഹയിലേത് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പ്രദേശത്ത് ഉത്ഖനനം നടത്തിയാൽ കൂടുതൽ ചരിത്രാവശിഷ്ടങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയും ഗവേഷണസംഘം പ്രകടിപ്പിച്ചിരുന്നു.
ഒരു ഗുഹയിൽ ഇരിപ്പിടങ്ങൾക്കു സമാനമായി പാറക്കഷണങ്ങൾ കൊണ്ട് ഒരുക്കിയ ശിലാരൂപങ്ങളും കണ്ടെത്തിയിട്ടുണ്ട്. രണ്ടു ഗുഹകളും തമ്മിൽ അകലമുണ്ടെങ്കിലും ഒന്നിൽ തീ കത്തിച്ചാൽ മറ്റൊന്നിൽ നിന്നു പുക ഉയരുന്നതും അപൂർവ പ്രതിഭാസമാണെന്നും രാജേന്ദ്രൻ എഴുതിയ അൺറാവലിങ് ദ് പാസ്റ്റ് എന്ന പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്
രണ്ടു വർഷം മുമ്പ് വലിയ സംഘർഷം
രണ്ട് വർഷം മുൻപ് പാറമട ലോബിയുടെ ഗൂണ്ടകളും നാട്ടുകാരുമായി സംഘർഷം ഉണ്ടാക്കുകയും എട്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നെടുമലയിൽ ആരംഭിച്ച പാറമടക്കായി കദളിക്കാട് പിരളിമറ്റം ഭാഗത്ത് തണ്ണീർതടം നികത്തി അനധികൃതമായി റോഡ് നിർമ്മിച്ചതാണ് അന്ന് വിവാദമായത്. തണ്ണീർത്തടവും റോഡും നികത്തുന്നത് എതിർത്ത നാട്ടുകാരെ പാറമട ലോബിയുടെ നേതൃത്വത്തിൽ ആക്രമിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഇരു ഭാഗത്തു നിന്നുമായി എട്ടുപേർക്കെതിരെ കേസെടുക്കുകയും ചെയ്തു.
ചരിത്രമുറങ്ങുന്ന നെടുമല ഗുഹകൾ പാറഖനനത്തിനായി തകർക്കാൻ ശ്രമിക്കുന്നതിനെതിരെ സംരക്ഷണ സമിതി സമരം തുടങ്ങിയിട്ട് വർഷങ്ങളായി. പ്രശ്‌ന പരിഹാരം ഉണ്ടാകുന്നതു വരെ സമരവുമായി മുന്നോട്ട് പോകാനാണ് സമിതിയുടെ തീരുമാനം.