കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂർ എൽ പി സ്‌കൂളിന് അകത്ത് പൂജ നടത്തിയെന്ന വിവാദത്തിൽ വിശദീകരണം. സ്‌കൂളിനകത്ത് പൂജ നടത്തിയതിന് എതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. നെടുമണ്ണൂർ എൽ പി സ്‌കൂളിൽ ഇന്നലെ രാത്രിയാണ് സംഭവം. സ്ഥലത്തെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂജ നടന്നെന്നാണ് ആരോപണം.

സ്‌കൂൾ മാനേജർ അരുണയുടെ മകൻ രുധീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനുപിന്നിലെന്നാണ് ആരോപണം. സംഭവം അറിഞ്ഞ സിപിഎം പ്രവർത്തകരും നാട്ടുകാരും സ്‌കൂളിലെത്തി പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. സ്‌കൂൾ ഗ്രൗണ്ടിൽ അസാധാരണമായി വെളിച്ചവും വാഹനങ്ങളും കണ്ട നാട്ടുകാർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പൂജ നടക്കുന്നതായി മനസിലാക്കിയതെന്നാണ് പറയുന്നത്. അതിനു പിന്നാലെ സിപിഎം പ്രവർത്തകരെത്തി പൂജ തടഞ്ഞു.

തുടർന്ന് പൂജ നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം, മഹാനവമിയോടനുബന്ധിച്ച് സാധാരണ സ്‌കൂളുകളിൽ പൂജ നടത്താറുണ്ടെന്നും അത് മുടങ്ങിയതിനാൽ പകരം ഗണപതി ഹോമം നടത്തുകയായിരുന്നുവെന്നുമാണ് സംഭവത്തിൽ സ്‌കൂൾ അധികൃതർ നൽകുന്ന വിശദീകരണം.

സംഭവത്തിൽ മാനേജ്‌മെന്റിനും പൂജയിൽ പങ്കെടുത്ത അദ്ധ്യാപികക്കുമെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കും. സംഭവം അന്വേഷിച്ച കുന്നുമ്മൽ എ.ഇ.ഒ ചട്ടലംഘനം നടന്നതായി പൊതുവിദ്യാഭ്യസ ഡയറക്ടർ ജനറലിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് തീരുമാനമായത്. നടപടി സംബന്ധിച്ച ഉത്തരവ് വൈകാതെ ഇറങ്ങിയേക്കും. സ്‌കൂളിൽ നടന്ന പൂജ നിർത്തിവെക്കാൻ പ്രധാനാധ്യാപിക മാനേജരുടെ മകൻ രുധീഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതനുസരിക്കാതെ പൂജ തുടർന്നു. ഇത് ചട്ടലംഘനമാണെന്നാണ് സംഭവം അന്വേഷിച്ച എ.ഇ.ഒയുടെ റിപ്പോർട്ട്.

ചട്ടലംഘനമുണ്ടായെന്ന റിപ്പോർട്ട് പരിശോധിച്ച് മാനേജ്‌മെന്റിനും പൂജയിൽ പങ്കെടുത്ത അദ്ധ്യാപികക്കുമെതിരെ നടപടിയെടുക്കാനാണ് തീരുമാനം. വിദ്യാഭ്യാസ വകുപ്പായിരിക്കും ഇതുസംബന്ധിച്ച നടപടിയെടുക്കുക. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എഇഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ റിപ്പോർട്ട് കൈമാറും. തുടർന്നായിരിക്കും നടപടിയുണ്ടാകുകയെന്നാണ് വിവരം. സംഭവത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ സമര സമിതി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും പ്രതിഷേധത്തിൽ പങ്കാളികളായി. സംഭവത്തിൽ നടപടി എടുക്കും വരെ സ്‌കൂൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരസമിതി.

സംഭവത്തിൽ ബിജെപിക്കും ആർഎസ്എസിനും, ബിജെപിക്കു പങ്കില്ലെന്നും വാദം ഉയരുന്നുണ്ട്. ഡിജിറ്റൽ ക്രിയേറ്ററായ പ്രജേഷ് കുമാറിന്റെ പോസ്റ്റ് വായിക്കാം:

മാമാ നുണകൾ

അങ്ങേയറ്റം വാസ്തവ വിരുദ്ധമായ വാർത്ത

ഏറ്റവും അടുത്ത സുഹൃത്തിന്റെ സ്‌കൂൾ എന്ന നിലക്ക് നെരിട്ട് അറിവുള്ള കാര്യങ്ങൾ പങ്കു വെക്കുന്നു. പോസ്റ്ററിൽ പറയും പോലെ ബിജെപി ക്ക് ഇങ്ങനെ ഒരു പൂജ നടത്തുന്ന ഒരു പരിപാടിയും ഇപ്പോ ഇല്ല. അതും ബിജെപി ക്ക് ഒരു ബൂത്ത് കമിറ്റി പൊലും ഇല്ലാത്ത ഒരു പാർട്ടി ഗ്രാമം.

നടന്നത് : സ്‌കൂൾ മാനേജ്മെന്റ് അവരുടെ അമ്മമ്മയുടെ സ്മരണർത്ഥം നവീകരിച്ച സ്‌കൂൾ കെട്ടിട നവീകരണത്തിന്റെ ഭാഗമായി വൈകുന്നേരം ഗണപതി പൂജയും ദേവി പൂജയും നടത്തുന്നു, അങ്ങേയറ്റം അവരുടേ മാത്രമായ സ്വകാര്യ ചടങ്ങ്. എന്നാൽ സ്‌കൂളിനെതിരെ, ആർഎസ്എസ് ആയുധ പൂജ നടത്തി ആരോപണവുമായി സ്ഥാലത്തെ സിപിഎം ക്രിമിനലുകൾ സംഘടിച്ചു എത്തി സ്‌കൂൾ കയ്യേറി പൂജ ദ്രവ്യങ്ങള് , നിലവിളക്ക് ഉൾപ്പടെ വലിച്ചെറിയുന്നൂ.

ഇതിൽ ആർഎസ്എസ് എവിടെ ആയുധം എവിടെ എന്നൊന്നും ചോദിക്കുന്നതിൽ കാര്യമില്ല അത്രക്ക് അൽപ ബുദ്ധികൾ ആണല്ലോ കമ്മികള്. മാനേജരെയും കുടുംബത്തെയും ആക്രമിക്കുന്നു തടഞ്ഞു വെക്കുന്ന , പൊലീസ് എത്തി അവരെ മാറ്റുന്നു ഇത്രയും ആണ് സംഭവിച്ചത് , സർക്കാർ സ്ഥാപനങ്ങളിൽ വരെ എന്തിനു യുദ്ധവിമാനങ്ങൾ വരെ പൂജ നടത്തുന്ന സംസ്‌കാര പാരമ്പര്യമുള്ള നാട്ടിൽ സ്വന്തം മാനേജ്മെന്റ് സ്‌കൂളിൽ തികച്ചും സ്വകാര്യ പരിപാടി ആയി പൂജ നടത്തിയത് സിപി എം നു സഹിക്കാതിരിക്കാൻ കാരണം ഒന്നും എവിടെയും തിരഞ്ഞു പോകേണ്ട കാര്യമില്ല, എതായലും ഈ വിഷത്തിൽ പ്രത്യക്ഷമോ പരോക്ഷമോ ആയി പോലും ബിജെപി, ആർ എസ് എസി നു യാതൊരു വിധ പങ്കും ഇല്ല. മാപ്രകൾ മിനിമം കാര്യങ്ങൾ അറിഞ്ഞു വേണം റിപ്പോർട്ട് ചെയ്യാൻ.

വ്യാജ വാർത്ത തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകണം